സ്വന്തം ലേഖകൻ: നടന്‍ അനില്‍. പി നെടുമങ്ങാട് മുങ്ങിമരിച്ചു. തൊടുപുഴ മലങ്കര ഡാമില്‍ വച്ചാണ് മുങ്ങിമരിച്ചത്. ഡാം സൈറ്റില്‍ കുളിക്കാനിറങ്ങിയ അനില്‍ കയത്തില്‍പ്പെട്ടു പോകുകയായിരുന്നു. മൃതദേഹം രക്ഷാ പ്രവര്‍ത്തകര്‍ കരയ്ക്ക് എത്തിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഷൂട്ടിങ്ങിനായി തൊടുപുഴയിലുണ്ടായിരുന്ന അനിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് മുട്ടത്തിനു സമീപം മലങ്കര അണക്കെട്ടിൽ കുളിക്കാനിറങ്ങിയത്. അനിൽ കയത്തിൽ മുങ്ങിത്താണപ്പോൾ, ഒപ്പമുണ്ടായിരുന്ന പാലാ സ്വദേശികളായ സുഹൃത്തുക്കൾ നാട്ടുകാരെ വിവരം അറിയിക്കുകയും പ്രദേശവാസിയായ യുവാവ് അനിലിനെ കരയ്ക്കെത്തിക്കുകയും ചെയ്തു.
ജോജു ജോർജ് നായകനായ സിനിമ ‘പീസി’ന്‍റെ ഷൂട്ടിങ്ങിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. കെ.സൻഫീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു. അനിലിന്റെ വിയോഗത്തിൽ മലയാള സിനിമാലോകമാകെ ഞെട്ടലിലാണ്. കരിയറിലെ മികച്ച ഘട്ടത്തിൽ നിൽക്കുമ്പോഴാണ് അനിലിന്റെ അപ്രതീക്ഷിത മരണം.
ഈ വര്‍ഷം പുറത്തിറങ്ങിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ അനിലിന്റെ കഥാപാത്രം ശ്രദ്ധേയമായിരുന്നു. കമ്മട്ടിപ്പാടത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചു. അനില്‍ നെടുമങ്ങാടിന്റെ നിര്യാണത്തില്‍ സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, അഭിനേതാക്കളായ മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, സുരേഷ് ഗോപി, പൃഥ്വിരാജ്, ജയസൂര്യ, അജു വര്‍ഗീസ്, ഷെയ്ന്‍ നിഗം, സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍, സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം എന്നിവര്‍ അനുശോചിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല