സ്വന്തം ലേഖകന്‍: തെരുവ് നായ പ്രശ്‌നത്തില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നിരാഹാരം തുടങ്ങി, മനേകാ ഗാന്ധിക്കും ഡിജിപി സെന്‍ കുമാറിനും രൂക്ഷ വിമര്‍ശനം. ഒക്‌ബോബര്‍ 25 ന് രാവിലെ 10 മണിയ്ക്കാണ് സമരം തുടങ്ങിയത്. ഇന്നു രാവിലെ 10 മണിയ്ക്ക് സമരം അവസാനിപ്പിക്കും.
പത്ത് മുദ്രാവാക്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നിരാഹാര സമരം. ഒപ്പം കേന്ദ്ര മന്ത്രി മനേകാ ഗാന്ധിക്കും കേരളാ ഡിജിപി സെന്‍ കുമാറിനും എതിരെ അദ്ദേഹം രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തു.
കേരളത്തിലെ ഡിജിപിയ്‌ക്കെന്താ കൊമ്പുണ്ടോ എന്നായിരുന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ചോദ്യം. തെരുവ് നായ വിഷയത്തില്‍ ഡിജിപിയുടെ നിലപാടുകളാണ് ചിറ്റിലപ്പിള്ളിയെ പ്രകോപിപ്പിച്ചത്. തെരുവ് നായക്കളെ ഉന്‍മൂലനം ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ വരെ പിന്തുണയുണ്ട്. പിന്നെന്താണ് ഡിജിപിയുടെ പ്രശ്‌നം എന്നാണ് ചോദ്യം.
ചിറ്റിലപ്പിള്ളി നടത്തുന്ന ഏകദിന നിരാഹാര സമരത്തിന്റെ മുദ്രാവാക്യങ്ങളില്‍ ഒരെണ്ണം തന്നെ ഡിജിപി സെന്‍കുമാറിന് എതിരെയുള്ളതാണ്. സെന്‍കുമാറിന്റെ നിലപാട് സംബന്ധിച്ച് അന്വേഷണം നടത്തണം എന്നാണ് ആവശ്യം.
തെരുവ് നായ വിഷയത്തില്‍ ഏറ്റവും ശക്തമായ പ്രതിഷേധം ഉന്നയിയ്ക്കുന്നത് കേന്ദ്ര മന്ത്രിയും ബിജെപി നേതാവും ആയ മനേക ഗാന്ധിയാണ്. മനേകയ്‌ക്കെതിരേയും രൂക്ഷമായ ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്. പേവിഷ പ്രതിരോധ മരുന്നിന്റേത് വലിയ ബിസിനസ്സ് ആണ്. രാജ്യത്ത് പതിനായിരം കോടി രൂപയുടെ കച്ചവടം നടക്കുന്നുണ്ട്. മനേക ഗാന്ധി മരുന്ന് കമ്പനികളില്‍ നിന്ന് കമ്മീഷന്‍ വാങ്ങുണ്ടാകാമെന്നും ചിറ്റിലപ്പിള്ളി ആരോപിയ്ക്കുന്നു.
തന്റെ സമരത്തിന് പിന്നില്‍ ഒരു രാഷ്ട്രീയ ലക്ഷ്യവും ഇല്ലെന്നും തെരുവു നായ വിമുക്ത കേരളമാണ് ലക്ഷ്യമെന്നും ചിറ്റിലപ്പള്ളി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല