സ്വന്തം ലേഖകന്‍: മലയാളത്തിന്റെ ജനപ്രിയ നോവലിസ്റ്റ് മാത്യു മറ്റം അന്തരിച്ചു. 65 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. ജനപ്രിയ വാരികകളിലെ സ്ഥിരം പേരായിരുന്ന മാത്യു മറ്റം 270 ലേറെ നോവലുകള്‍ രചിച്ചിട്ടുണ്ട്. ലക്ഷംവീട്, കരിമ്പ്, മേയ്ദിനം, അഞ്ചു സുന്ദരികള്‍, ആലിപ്പഴം, റൊട്ടി, ദൈവം ഉറങ്ങിയിട്ടില്ല, പ്രഫസറുടെ മകള്‍ തുടങ്ങിയവയാണു പ്രധാന കൃതികള്‍.
എരുമേലി പമ്പാവാലി സ്വദേശിയായ മാത്യു മറ്റം ഹൈസ്‌കൂള്‍ പഠന കാലയളവില്‍ കഥകളെഴുതി പുസ്തകമാക്കിയിരുന്നു. പിന്നീട് ജനപ്രിയ നോവല്‍ സാഹിത്യത്തിലേക്കു തിരിഞ്ഞു. ഒരേ സമയം 13 വാരികകളില്‍ വരെ നോവലുകളെഴുതിയിട്ടുണ്ട്. കുടിയേറ്റ കര്‍ഷകരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും കഥകള്‍ ലളിതമായ ഭാഷയില്‍ എഴുതിയ മാത്യു മറ്റത്തിന്റെ രചനാരീതിക്ക് ഒട്ടേറെ ആരാധകരുണ്ടായിരുന്നു.
2010ല്‍ ‘മഹാപാപി’ എന്ന പേരില്‍ പുറക്കിയ ആത്മീയ ഗ്രന്ഥമാണ് അവസാന പുസ്തകം. സംക്രാന്തി മാമ്മൂട്ടിലെ വസതിയിലായിരുന്നു താമസം. ഭാര്യ: വത്സമ്മ. മക്കള്‍ : കിഷോര്‍ (മനോരമ പബ്ലിക്കേഷന്‍സ്), എമിലി (ഇസ്രയേല്‍). മരുമക്കള്‍: റോയി കാട്ടര്‍കുന്നേല്‍, ജിജി (കിംസ് ആശുപത്രി).
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല