![](http://www.nrimalayalee.com/wp-content/uploads/2021/01/Poet-Lyricist-Anil-Panachooran-Passed-Away.jpg)
സ്വന്തം ലേഖകൻ: പ്രശസ്ത കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ (51)അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 8.10 ഓട് കൂടിയായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെ തുടർന്ന് അദ്ദേഹത്തെ ബന്ധുക്കൾ മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തുടർന്ന ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് ബാധിതനായിരുന്നു.
ആലപ്പുഴ ജില്ലയില്‍ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടിലാണ് അദ്ദേഹത്തിന്റെ ജനനം. ഉദയഭാനു, ദ്രൗപതി ദമ്പതികളുടെ മകനാണ്. അനില്‍കുമാര്‍ പി.യു. എന്നാണ് യഥാര്‍ത്ഥ പേര്. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറങ്കല്‍ കാകതീയ സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഭാര്യ: മായ. മൈത്രേയി, അരുള്‍ എന്നിവരാണ് മക്കള്‍
അറബിക്കഥ, കഥ പറയുമ്പോള്‍, മാടമ്പി, ഭ്രമരം, പാസഞ്ചര്‍, ബോഡിഗാര്‍ഡ്, മാണിക്യക്കല്ല്, സീനിയേഴ്‌സ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ലാല്‍ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്നീ ഗാനങ്ങള്‍ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയര്‍ത്തി.
വലയില്‍ വീണ കിളികള്‍, അനാഥന്‍, പ്രണയകാലം, ഒരു മഴ പെയ്‌തെങ്കില്‍, കണ്ണീര്‍ക്കനലുകള്‍ തുടങ്ങിയവയാണ് പ്രധാന കവിതകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല