ദീർഘദൂര ബാലിസ്റ്റിക് മിസൈലായ അഗ്നി 5 വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ വീലർ ദ്വീപിൽ നിന്ന് ശനിയാഴ്ച രാവിലെയായിരുന്നു പരീക്ഷണം.
ഏറ്റവും കൂടുതൽ പരിധിയുള്ള ഇന്ത്യൻ മിസൈലാണ് അഗ്നി. 5000 കിലോമീറ്റർ ആക്രമണ പരിധിയുള്ള അഗ്നിക്ക് ചൈനയിലേയും യൂറോപ്പിലേയും ലക്ഷ്യ സ്ഥാനങ്ങൾ വരെ ചെന്നെത്താനാകും.
പതിനേഴ് മീറ്റർ നീളമുള്ള മിസൈലിന് അമ്പത് ടൺ ഭാരമുണ്ട്. അണ്വായുധം വഹിക്കാൻ ശേഷിയുള്ള മിസൈലാണ് അഗ്നി.മിസൈലിന്റെ മൂന്നാമത്തെ പരീക്ഷണമാണിത്. മുൻപ് 2012 ലും 2013 ലും അഗ്നി 5 പരീക്ഷിച്ചിരുന്നു.
മുൻപരീക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായി നാവിഗേഷൻ, ഗൈഡൻസ് സാങ്കേതിക വിദ്യകൾ പരിഷ്ക്കരിച്ചാണ് പുതിയ മിസൈലിന്റെ നിർമ്മാണമെന്ന് ഇന്റ്ഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് ഡയറക്ടർ എം. വി. കെ. വി. പ്രസാദ് പറഞ്ഞു.
700 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി 1, 2000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി 2, 3500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള അഗ്നി 3, അഗ്നി 4 എന്നിവയാണ് അഗ്നി പരമ്പരയിലെ മറ്റ് മിസൈലുകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല