അഭ്യൂഹങ്ങള്‍ക്കും വാര്‍ത്തകള്‍ക്കുമൊടുവില്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍കര്‍ സല്‍മാന്‍ അഭിനയരംഗത്തേക്ക് ചുവടുവെയ്ക്കുന്നു. ജയരാജിന്റെ അസോസിയേറ്റ് ഡയറക്ടറും സല്‍മാന്റെ സുഹൃത്തുമായ ശ്രീനാഥ് രാജേന്ദ്രന്റെ ആദ്യ സംവിധാനസംരഭമായ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുല്‍കര്‍ സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.
ചിത്രത്തിന്റെ ക്യാമറ രാജീവ് രവിയുടെ അസിസ്റ്റന്റ് പപ്പുവും കഥയും തിരക്കഥയും വിനി വിശ്വലാലും നിര്‍വഹിക്കുന്നു. പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ ബാബുരാജും സലീംകുമാറും പ്രധാനവേഷം കൈകാര്യം ചെയ്യുന്നു. പുതുമുഖം അവന്തികയാണ് ചിത്രത്തിലെ നായിക. കൈതപ്രത്തിന്റെ ഈരടികള്‍ക്ക് അവിയല്‍ ബാന്‍ഡാണ് സംഗീതം നല്‍കിയിരിക്കുന്നത്. തമിഴിലെ മുന്‍നിര സംവിധായകരിലൊരാളായ ലിംഗുസാമിയുടെ ചിത്രത്തില്‍ ദുല്‍കര്‍ അഭിനയിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. മമ്മൂട്ടിയും മകന്റെ അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പിലാണെന്നാണ് വാര്‍ത്തകള്‍. ചിത്രത്തിന്റെ കഥ ഇതിനോടകംതന്നെ മമ്മൂട്ടി കേള്‍ക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട് ആരംഭിച്ചു.
പിതാവിനെപ്പോലെത്തന്നെ മകനും ഇനി സിനിമയില്‍ ഭാഗ്യപരീക്ഷണത്തിന്റെ നാളുകളാണ്. വിവാഹശേഷമാണ് മമ്മൂട്ടി സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. മകന്റെ കാര്യത്തിലും ഈ ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണ്. കഴിഞ്ഞയാഴ്ചയാണ് ചെന്നൈയിലെ വസതിയില്‍വെച്ച് ദുല്‍കറിന്റെ വിവാഹനിശ്ചയം നടന്നത്. അച്ഛനെപ്പോലെ മകനും വിവാഹം രാശിയാകുമോ എന്ന ആകാംക്ഷയിലാണ് മമ്മൂട്ടി ആരാധകര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല