സെഞ്ച്വറിയും ഇരട്ടസെഞ്ച്വറിയുംകൊണ്ട് ഇംഗ്ളീഷ് ബാറ്റ്സ്മാന്മാര്‍ റണ്‍നീരാട്ട് നടത്തിയ നാലാം ടെസ്റ്റിലും ഇന്ത്യക്ക് വന്‍ തകര്‍ച്ച. ഇയാന്‍ ബെല്ലിന്‍െറ ഇരട്ടസെഞ്ച്വറി മികവില്‍ (235) തകര്‍ത്തടിച്ച ഇംഗ്ളണ്ട് ഒന്നാം ഇന്നിങ്സ് ആറിന് 591 റണ്‍സെന്ന നിലയില്‍ ഡിക്ളയര്‍ ചെയ്തപ്പോള്‍ മറുപടി ബാറ്റിങ്ങാരംഭിച്ച ഇന്ത്യ മറ്റൊരു തോല്‍വിയുടെ മുന്നിലാണ്. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് 103 റണ്‍സെന്ന ദയനീയ സ്ഥിതിയിലാണ്.
എട്ട് റണ്‍സുമായി ഓപണര്‍ വീരേന്ദര്‍ സെവാഗും രണ്ട് റണ്‍സുമായി വി.വി.എസ്. ലക്ഷ്മണുമാണ് ആദ്യം പുറത്തായത്. പിന്നാലെ, സച്ചിന്‍ ടെണ്ടുല്‍ക്കറും സുരേഷ് റെയ്നയും ഇശാന്ത് ശര്‍മയും പുറത്തായി. ഗൗതം ഗംഭീറിനെ പിന്നോട്ടിറക്കി ഓപണറായിറങ്ങിയ രാഹുല്‍ ദ്രാവിഡും (57), ധോണിയുമാണ് (അഞ്ച്) ക്രീസില്‍. ഇടക്കിടെ വില്ലനായെത്തുന്ന മഴയെയും അതിനേക്കാള്‍ വെല്ലുവിളിയായി ഉയര്‍ന്നുപൊങ്ങുന്ന പന്തിനുമിടയില്‍ നട്ടംതിരിയുകയാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍.
നേരത്തേ രണ്ടാം ദിനത്തിലെ വെടിക്കെട്ടിന്‍െറ തുടര്‍ച്ചയായാണ് ഇംഗ്ളണ്ട് മൂന്നാം ദിനം കളിക്കാനിറങ്ങിയത്. മൂന്നിന് 457 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ളണ്ട് ശനിയാഴ്ച കളി പുനരാരംഭിച്ചത്. 181 റണ്‍സുമായി ഇയാന്‍ ബെല്ലും മൂന്ന് റണ്‍സുമായി ആന്‍ഡേഴ്സനുമായിരുന്നു ക്രീസില്‍. 175 റണ്‍സെടുത്ത് ഇംഗ്ളീഷ് ഇന്നിങ്സിന് അടിത്തറ പാകിയ കെവിന്‍ പീറ്റേഴ്സന്‍െറ വിക്കറ്റായിരുന്നു ഇംഗ്ളണ്ടിന് തലേദിനം അവസാനമായി നഷ്ടപ്പെട്ടത്. ഇന്നലെ ആന്‍ഡേഴ്സന്‍െറയും (13), ഇയോന്‍ മോര്‍ഗന്‍െറയും വിക്കറ്റുകള്‍ (1) എളുപ്പത്തില്‍ നഷ്ടമായെങ്കിലും ക്രീസില്‍ ഉറച്ചുനിന്ന ബെല്‍ ഇരട്ടശതകവും കടന്ന് കുതിക്കുകയായിരുന്നു.
രവിബൊപാര മധ്യനിരയില്‍ കൂട്ടുനിന്നായിരുന്നു ഇംഗ്ളണ്ടിന്‍െറ കുതിപ്പ്. 364 പന്ത് നേരിട്ട് 23 ബൗണ്ടറിയും രണ്ട് സിക്സറും പറത്തിയായിരുന്നു ബെല്‍ കരിയറിലെ ആദ്യ ഇരട്ട ശതകം തൊട്ട ഇന്നിങ്സ് പുറത്തെടുത്തത്. ടീം ടോട്ടല്‍ 500 കടത്തിയശേഷം മാത്രമേ ബെല്‍ സുരേഷ് റെയ്നയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി പുറത്തായുള്ളൂ. ഒടുവില്‍ ബൊപാരയും മാറ്റ് പ്രയറും ചേര്‍ന്നായി സ്കോറിങ്. ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുമേല്‍ സമ്പൂര്‍ണമേധാവിത്വം സ്ഥാപിച്ച് ഇരുവരും ആഞ്ഞടിച്ചപ്പോള്‍ ഇംഗ്ളണ്ട് ടോട്ടല്‍ 600 കടക്കുമെന്ന് തോന്നിച്ചു. എന്നാല്‍, ഇതിനിടെ മഴ പെയ്തതോടെ കളി മുടങ്ങി. ഏറെ കാത്തിരുന്നശേഷം കളി പുനരാരംഭിച്ചപ്പോള്‍ ആതിഥേയ ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്ട്രോസ് ഇന്നിങ്സ് ഡിക്ളയര്‍ ചെയ്തതായി അറിയിച്ചു.
മലയാളി പേസര്‍ ശ്രീശാന്ത് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സുരേഷ് റെയ്ന രണ്ടു വിക്കറ്റും വീഴ്ത്തി. 3-0ത്തിന് പരമ്പര സ്വന്തമാക്കിയ ഇംഗ്ളണ്ട് ടെസ്റ്റ് പോരാട്ടം തൂത്തുവാരാനുള്ള ഒരുക്കത്തിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല