ശത്രുവിമാനങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റ് സ്വഗ്രാമത്തിലേക്ക് മടങ്ങിയ ആ പട്ടാളജീപ്പ് ഡ്രൈവറുടെ മനസ്സില്‍ പില്‍ക്കാലത്ത് താന്‍ അഴിമതിക്കെതിരായ ഒരു പടനായകനാകുമെന്ന ഒരു വിദൂരസ്വപ്‌നം പോലുമുണ്ടായിരുന്നില്ല. എന്നാല്‍, കിസാന്‍ ബാബുറാവു ഹസാരെക്ക് വേണ്ടി കാലം കാത്തുെവച്ച നിയോഗം അതായിരുന്നു.
ഇപ്പോള്‍ എഴുപത്തിരണ്ടിലെത്തിയിരിക്കുന്ന അണ്ണാ ഹസാരെയുടെ വൃദ്ധമുഖം കുറ്റിയറ്റ് പോകുന്ന ഒരു സഹനസമരത്തിന്റെ അവശേഷിപ്പ് കൂടിയാണ്. മഹാത്മാ ഗാന്ധിക്ക് ശേഷം നിരാഹാരം എന്ന സമരായുധം ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചതും ഹസാരെ തന്നെ.
മഹാരാഷ്ട്രയിലെ റലേഗന്‍ സിദ്ധി എന്ന കൊച്ചുഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബത്തില്‍ 1938 ജൂണ്‍ 15നാണ് ഹസാരെയുടെ ജനനം. ഇന്ത്യ-ചൈനാ യുദ്ധശേഷം രാജ്യം യുവാക്കളോട് സൈന്യത്തില്‍ ചേരാന്‍ ആഹ്വാനം ചെയ്തപ്പോള്‍ ഹസാരെ ആ വിളി കേട്ടു. 1963ല്‍ പട്ടാളത്തില്‍ ചേര്‍ന്ന ഹസാരെ യുദ്ധമുന്നണിയിലെത്തിയത് പാകിസ്താനുമായുള്ള യുദ്ധസമയത്താണ്. ഖേംഖാരന്‍ മേഖലയിലായിരുന്നു നിയമനം. പാകിസ്താന്റെ ജെറ്റുകള്‍ ഇന്ത്യന്‍ പോസ്റ്റുകളില്‍ ബോംബ് വര്‍ഷം നടത്തിയപ്പോള്‍ തലനാരിഴക്ക് ഹസാരെ രക്ഷപ്പെട്ടു. തൊട്ടുമുമ്പ് ഒരു നിമിഷം വരെ തന്നോടൊപ്പമുണ്ടായിരുന്നവര്‍ പിടഞ്ഞ് മരിക്കുന്നതിന് അദ്ദേഹം സാക്ഷിയായി.
വിവാഹിതനാകാതെ സഹജീവികള്‍ക്ക് വേണ്ടി അവശേഷിച്ച കാലം ചെലവഴിക്കാന്‍ ഹസാരെയെ പ്രേരിപ്പിച്ചത് ചോരയും കണ്ണീരും പുരണ്ട ഈ നിമിഷങ്ങളാണ്. ട്രക്ക് ഡ്രൈവറായി പട്ടാളത്തില്‍ ജോലി ചെയ്യുന്ന കാലത്തെ പരന്ന വായനയും ഇതിന് പ്രേരകമായി. സ്വാമി വിവേകാനന്ദന്‍, മഹാത്മാ ഗാന്ധി, ആചാര്യ വിനോബ ഭാവെ എന്നിവരുടെ ചിന്താധാരകളാണ് ഇക്കാലയളവില്‍ പുസ്തകങ്ങളിലൂടെ അദ്ദേഹത്തിലേക്കൊഴുകിയത്. ഒന്നര ദശാബ്ദത്തോളം നീണ്ട പട്ടാളജീവിതത്തിനു ശേഷം 1975ല്‍ അദ്ദേഹം ആര്‍മിയില്‍നിന്ന് സ്വയം വിരമിച്ച് റലേഗന്‍ സിദ്ധിയിലേക്ക് മടങ്ങി.
വരള്‍ച്ച, ദാരിദ്ര്യം, മദ്യം, കുറ്റകൃത്യങ്ങള്‍ തുടങ്ങി ഒരു നാടിനെ എന്തെല്ലാം ശാപങ്ങള്‍ ഗ്രസിക്കാമോ അതിനെല്ലാം മധ്യേ മരിച്ചു കൊണ്ടിരിക്കുന്ന റലേഗന്‍ സിദ്ധിയാണ് ഹസാരെയെ വരവേറ്റത്. പട്ടാള ജീവിതത്തില്‍നിന്ന് ലഭിച്ച അനുഭവങ്ങള്‍ കൈമുതലാക്കി അദ്ദേഹം കൈത്തോടുകളും തടയണകളും നിര്‍മിച്ച് മഴവെള്ളം പിടിച്ചുനിര്‍ത്താന്‍ സ്വന്തം നാട്ടുകാരെ പഠിപ്പിച്ചു.
ഹസാരെ തെളിച്ച സാക്ഷരതയുടെ ദീപം റലേഗന്‍ സിദ്ധിയെ മാതൃകാഗ്രാമമാക്കി ഉയര്‍ത്തി. ഈ പരീക്ഷണങ്ങള്‍ രാജ്യമെമ്പാടും ഹസാരെയെ പ്രശസ്തനാക്കി. ഈ സമയത്ത് തന്നെയാണ് ഹസാരെ ആദ്യമായി ഒരു അഴിമതിക്കേസില്‍ ഇടപെടുന്നതും.മഹാരാഷ്ട്രയിലെ വനം ഉദ്യോഗസ്ഥര്‍ നടത്തിയ അഴിമതിക്കെതിരെ അദ്ദേഹം അനിശ്ചിതകാല നിരാഹാരസമരം പ്രഖ്യാപിച്ചു. പുണെക്ക് സമീപം അലന്ദിയില്‍ നടത്തിയ ഈ ആദ്യസമരത്തിന് ഫലമുണ്ടായി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതിരിക്കാന്‍ അധികൃതര്‍ക്ക് വഴിയില്ലെന്നായി. 1991ല്‍ ഹസാരെ രൂപവത്കരിച്ച ‘ഭ്രഷ്ടാചാര്‍ വിരോധി ജന്‍ ആന്ദോളന്‍’ പിന്നീട് സംസ്ഥാനമെമ്പാടും വേരുകളുള്ള ഒരു പ്രക്ഷോഭകസംഘമായി.
വിവരാവകാശത്തിന് വേണ്ടി ഹസാരെ 1997ല്‍ സമരം നടത്തിയതിനെത്തുടര്‍ന്ന് മഹാരാഷ്ട്രക്ക് ഈ നിയമം പാസാക്കേണ്ടി വന്നു. 2005ല്‍ ഈ നിയമത്തെ കേന്ദ്രം ദത്തെടുക്കുകയും ചെയ്തു.
‘കുടിലമുഖമുള്ള ഗാന്ധി’ എന്ന് ഒരിക്കല്‍ അണ്ണാ ഹസാരെയെ വിശേഷിപ്പിച്ച ശിവസേനാ തലവന്‍ ബാല്‍ താക്കറെയാണ് ഇപ്പോള്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
യാദൃച്ഛികമായി രണ്ടാമതൊരു ജന്മം ലഭിച്ച ഹസാരെ മുപ്പത് വര്‍ഷത്തെ തന്റെ അഴിമതിവിരുദ്ധ പോരാട്ടത്തിനിടെ നിരവധി കൊമ്പന്മാരെ മുട്ടു കുത്തിച്ചിട്ടുണ്ട്. എട്ടു തവണ ഇദ്ദേഹം നിരാഹാര സമരങ്ങള്‍ നടത്തിയിട്ടുണ്ട്. ശിവസേന, ബി.ജെ.പി, കോണ്‍ഗ്രസ്, എന്‍.സി.പി തുടങ്ങി സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികളുടെ മന്ത്രിമാര്‍ക്കെല്ലാം ഹസാരെയുടെ പോരാട്ടത്തിന്റെ ഭാഗമായി രാജിവെക്കേണ്ടി വന്നിട്ടുണ്ട്. റലേഗന്‍ സിദ്ധിയിലെ യാദവ് ബാബ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഒരു കൊച്ചുമുറിയില്‍ താമസിക്കുന്ന ഹസാരെക്ക് ശത്രുക്കളും ചില്ലറയല്ല.കോണ്‍ഗ്രസ് നേതാവ് പവന്‍രാജെ നിംബാല്‍കറിനെ കൊലപ്പെടുത്തിയതിന്റെ പേരില്‍ അറസ്റ്റിലായ രണ്ട് വാടകക്കൊലയാളികള്‍ വെളിപ്പെടുത്തിയത് ഹസാരെയെ വധിക്കാനുള്ള കരാറും തങ്ങള്‍ ഏറ്റെടുത്തിരുന്നെന്നാണ്. മഗ്‌സസെ അവാര്‍ഡ് ജേതാവായ ഹസാരെക്ക് പത്മശ്രീ ലഭിച്ചെങ്കിലും അന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ശരദ് പവാറിന്റെ അഴിമതിനയങ്ങളില്‍ പ്രതിഷേധിച്ച് ഇത് തിരിച്ച് നല്‍കുകയായിരുന്നു.
Curtsey : Madhyamam
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല