സ്വന്തം ലേഖകന്‍: അനിയന്ത്രിത കുടിയേറ്റം ബ്രിട്ടനെ യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാക്കുമെന്ന് യൂറോസ്റ്റാറ്റ് പഠനം. യൂറോപ്യന്‍ യൂണിയന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിന്റെ (യൂറോസ്റ്റാറ്റ്) പഠനത്തിലാണ് കുടിയേറ്റം ഈ നിലയില്‍ തുടര്‍ന്നാല്‍ 13 വര്‍ഷം കൊണ്ട് ബ്രിട്ടന്‍ ജനസംഖ്യയില്‍ ഫ്രാന്‍സിനെ പിന്നിലാക്കി രണ്ടാമതെത്തുമെന്നും 2050ല്‍ ജര്‍മനിയെയും മറികടന്ന് യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്നും മുന്നറിയിപ്പു നല്‍കുന്നത്.
നിലവില്‍ ഹോളണ്ടിനെ മറികടന്ന് ജനസംഖ്യാ സാന്ദ്രതയുടെ കാര്യത്തില്‍ ബ്രിട്ടന്‍ യൂറോപ്പില്‍ ഒന്നാം സ്ഥാനത്താണ്. ബ്രിട്ടനില്‍ ജനസംഖ്യാവര്‍ധന തുടര്‍ന്നാല്‍ 2030ല്‍ ഏഴുകോടി നാല് ലക്ഷവും (70.4 മില്യണ്‍) 2050ല്‍ 7.71 കോടിയും (77.1 മില്യണ്‍) ആകും. കഴിഞ്ഞ ജൂണിലെ കണക്കനുസരിച്ച് ബ്രിട്ടനിലെ ജനസംഖ്യ 64,643,370 ആണ്. കുടിയേറ്റം പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ 2050 ആകുമ്പോള്‍ ജനസംഖ്യ 67,251,838ല്‍ നിര്‍ത്താമോന്നും പഠനത്തില്‍ പറയുന്നു.
കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളിലാണു കുടിയേറ്റം ബ്രിട്ടനിലെ ജനസംഖ്യാ വര്‍ധനയെ കാര്യമായ ബാധിച്ചുതുടങ്ങിയത്. യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളിനിന്നും മറ്റു ലോകരാഷ്ട്രങ്ങളില്‍ നിന്നും ഇപ്പോള്‍ ബ്രിട്ടനിലേക്കുള്ള കുടിയേറ്റം ഏറെക്കുറെ തുല്യമാണ്. അറുപതുകളില്‍ ബ്രിട്ടന്റെ ജനസംഖ്യ ഫ്രാന്‍സിനേക്കാള്‍ കൂടുതലായിരുന്നു. പിന്നീടു ജനന നിരക്കിലുണ്ടായ വലിയ കുറവു ജനസംഖ്യയില്‍ ബ്രിട്ടനെ വീണ്ടും പിന്നിലാക്കി.
കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളിലാണു കുടിയേറ്റം ജനസംഖ്യാ വര്‍ധനയെ പ്രത്യക്ഷമായി ബാധിച്ചുതുടങ്ങിയത്. ഇപ്പോള്‍ ജനസംഖ്യയില്‍ യൂറോപ്പില്‍ ഒന്നാംസ്ഥാനത്തുളള ജര്‍മനിയിലും (എട്ടുകോടി) കുടിയേറ്റക്കാരുടെ എണ്ണം ഏറെയാണെങ്കിലും ഇതിനെ മറികടന്നും ജനസംഖ്യാ നിരക്ക് ഒരോ വര്‍ഷവും പുറകോട്ടാണ്. പ്രായമായ ആളുകളുടെ എണ്ണത്തിലുള്ള കൂടുതലും ജനനനിരക്കിലെ കുറവുമാണു കുടിയേറ്റത്തെ മറികടന്നും ജര്‍മനിയില്‍ ജനസംഖ്യ പിന്നോട്ടാകാന്‍ കാരണം.
ബ്രിട്ടനില്‍ ജനസംഖ്യയിലുണ്ടാകാന്‍പോകുന്ന വന്‍ വര്‍ധന പാര്‍പ്പിടം, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം, ജലം, ഊര്‍ജം തുടങ്ങി എല്ലാമേഖലകളിലും വലിയ പ്രതിസന്ധിക്കു വഴിവയ്ക്കുമെന്നാണു കുടിയേറ്റ വിരുദ്ധര്‍ അഭിപ്രായപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല