കൊച്ചി: ഇന്‍കം ടാക്‌സ് റെയ്ഡില്‍ കണ്ടെത്തിയ കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. ഭാവിയില്‍ കൃത്യമായി വരവ് ഓഡിറ്റ് ചെയ്യാനും കണക്കുകള്‍ക്കനുസരിച്ച് ടാക്‌സ് അടക്കാമെന്നും താരങ്ങള്‍ സമ്മതിച്ചതായി അറിയുന്നു.
അതേ സമയം, രാജ്യത്തിനകത്തും പുറത്തുമായി താരങ്ങള്‍ക്കുള്ള വസ്തുവകകളെക്കുറിച്ച് പരിശോധിച്ചു വരികയാണ്. തങ്ങള്‍ അഭിനയിച്ച സിനിമകളുടെ സാറ്റലൈറ്റ് അവകാശ വില്‍പനയുമായി താരങ്ങള്‍ നിയമാനുസൃതമല്ലാതെ ബോളിവുഡ് നിക്ഷേപകനായ ഗുല്‍ഷനുമായി ബിസിനസ്സ് കരാറുണ്ടാക്കിയെന്നും പറയപ്പെടുന്നു. ഗുല്‍ഷനുമായോ മറ്റേതെങ്കിലും വ്യക്തികളുമായോ താരങ്ങള്‍ നിയമാനുസൃതമല്ലാത്ത ബിസിനസ്സില്‍ ഏര്‍പ്പെട്ടുവോ എന്നും പരിശോധിച്ചു വരികയാണെന്ന് അധികൃതര്‍ പറയുന്നു. തനിക്ക് ബുര്‍ജ് ഖലീഫയിലും ദുബായിലും ഫഌറ്റുകളുണ്ടെന്ന് മോഹന്‍ലാല്‍ മുന്‍പ് പറഞ്ഞിരുന്നു. ബാംഗ്ലൂരിലെ ഒരു ഹോസ്പിറ്റലിലും കേരളത്തിനകത്തും പുറത്തുമായി നിരവധി സ്വത്ത് വകകളില്‍ തനിക്ക് നിക്ഷേപമുണ്ടെന്ന് മമ്മൂട്ടിയും വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലെല്ലാം അന്വേഷണം നടക്കുന്നുണ്ട്.
പരസ്യങ്ങളിലും ഉദ്ഘാടന ചടങ്ങുകളിലും പ്രത്യക്ഷപ്പെടാന്‍ താരങ്ങള്‍ വന്‍ തുകയാണ് വാങ്ങുന്നത്, അത് കൊണ്ട് തന്നെ ഈ സമ്പത്തിലൊന്നും അത്ഭുതപ്പെടേണ്ടതില്ലെന്ന് ഒരു പ്രമുഖ നിര്‍മ്മാതാവ് പറയുന്നു.
പ്ലേ ഹൗസ്, വിസ്മയ ഫിലിംസ് എന്നീ പേരുകളില്‍ താരങ്ങള്‍ക്ക് സ്വന്തമായി സിനിമാ നിര്‍മ്മാണ കമ്പനികള്‍ ഉണ്ട്. മോഹന്‍ലാലിന്റെ മുന്‍ ഡ്രൈവറായിരുന്ന ആന്റണി പെരുമ്പാവൂര്‍ ഇന്ന് മലയാള സിനിമാ രംഗത്തെ അറിയപ്പെടുന്ന നിര്‍മ്മാതാവാണ്. മലയാളത്തിലെ മറ്റു താരങ്ങളും നിര്‍മ്മാതാക്കളുമെല്ലാം മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വീടുകളിലും ഓഫീസുകളിലും നടന്ന റെയ്ഡുകളുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ ചാര്‍ട്ടേഡ് അക്കൗണ്ടുമാരെ ബന്ധപ്പെട്ട് കണക്കുകള്‍ കൃത്യമാക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല