അഴിമതി തടയാന്‍ കര്‍ക്കശ വ്യവസ്ഥകളുള്ള ലോക്പാല്‍ ബില്‍ സാമൂഹിക പ്രവര്‍ത്തകരുടെ സഹകരണത്തോടെ രൂപവത്ക്കരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ ഗാന്ധിയന്‍ അന്നാ ഹസാരെ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ ഒത്തുതീര്‍പ്പിന് സര്‍ക്കാരിന്റെ തീവ്രശ്രമം. ഹസാരെയ്ക്ക് ലഭിയ്ക്കുന്ന അഭൂതപൂര്‍വമായ ജനപിന്തുണയാണ് യുപിഎ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നത്.
ലക്ഷ്യം നേടിയില്ലെങ്കില്‍ മരിയ്ക്കുകയെന്ന എന്ന പ്രഖ്യാപനവുമായി ഹസാരെ നിരാഹാരം തുടരുന്ന സാഹചര്യത്തില്‍ ജന്ദര്‍ മന്ദറിലെ വേദിയിലേക്കു ജനം പ്രവഹിക്കുകയാണ്. സത്യഗ്രഹത്തിന്റെ മൂന്നാം ദിവസമായ വ്യാഴാഴ്ച ഹസാരെയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരവേദിയായ ജന്തര്‍മന്ദറില്‍ ആയിരങ്ങളെത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധ്യാപകരും വിദ്യാര്‍ഥികളും സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ നിരാഹാരസമരം തുടങ്ങി. ഒട്ടേറെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍നിന്നു ജനങ്ങള്‍ ഹസാരെയ്ക്കു പിന്തുണ അറിയിച്ച് ജന്തര്‍മന്ദറിലേക്കു പുറപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച ഹസാരെയുടെ പ്രതിനിധികളുമായി രണ്ടുവട്ടം ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച നടക്കും. ഹസാരെ ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണശ്രദ്ധ പതിപ്പിക്കുമെന്നു യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധി വ്യക്തമാക്കി. സത്യഗ്രഹം അവസാനിപ്പിക്കാനുള്ള സോണിയയുടെ അഭ്യര്‍ഥന ഹസാരെ സ്വീകരിച്ചില്ല. കര്‍ശനമായ അഴിമതിവിരുദ്ധ നിയമം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിനുമേല്‍ േസോണിയ സമ്മര്‍ദം ചെലുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
ജന ലോക്പാല്‍ ബില്ലിന്റെ കരടു തയാറാക്കാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ക്കു തുല്യപങ്കാളിത്തമുള്ള അനൗപചാരികസമിതി രൂപീകരിക്കാമെന്നും ബില്‍ പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കാമെന്നും മധ്യവര്‍ത്തികളായ സ്വാമി അഗ്‌നിവേശ്, അരവിന്ദ് കേജ്രിവാള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ ടെലികോം മന്ത്രി കപില്‍ സിബല്‍ അറിയിച്ചെങ്കിലും സ്വീകാര്യമായില്ല. ഹസാരെയെ തലവനാക്കി സമിതി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്നാണ് ഇരുവരും ആവശ്യപ്പെട്ടത്. എന്നാല്‍, സമിതി തലവനാകാനില്ലെന്നും അംഗത്വമോ ഉപദേശകസ്ഥാനമോ സ്വീകരിക്കാമെന്നുമാണു ഹസാരെയുടെ നിലപാട്.
അതിനിടെ അന്നാ ഹസാരെ നടത്തുന്ന സമരത്തിലേക്ക് ഇന്ത്യന്‍ യുവത്വം ആകര്‍ഷിയ്ക്കപ്പെടുന്നു. പൊതുവെ രാഷ്ട്രീയസമരങ്ങളിലും മറ്റു സാമൂഹികപ്രശ്‌നങ്ങളിലും ഇടപെടാത്ത മെട്രോനഗരങ്ങളിലെ യുവതയാണ് ഹസാരെയ്ക്ക് പിന്തുണയുമായി രംഗത്തെത്തുന്നതെന്നും ശ്രദ്ധേയം. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലും മൊബൈലുകളും ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിയ്ക്കുന്ന സന്ദേശങ്ങളാല്‍ നിറയുകയാണ്. ഇന്റര്‍നെറ്റിന്റെ പ്രധാന ഉപയോക്താക്കളായ യുവതീയുവാക്കളെയാണ് ഹസാരെ തരംഗം ആവേശിച്ചിരിയ്ക്കുന്നത്.
ഗൂഗിള്‍ ഇന്ത്യ പേജില്‍ ഏറ്റവും തിരയുന്ന വാക്കുകളിലൊന്നായി അന്നാ ഹസാരെയായി മാറിക്കഴിഞ്ഞു. ഹസാരെയുടെ നിരാഹാരം നാലാംദിനത്തിലേക്ക് കടക്കുമ്പോള്‍ അദ്ദേഹത്തിന്റെ പേരിലുള്ള ‘ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിന് വെള്ളിയാഴ്ച രാവിലെ 137,679 ഫോളോവേഴ്‌സിനെയാണ് ലഭിച്ചത്.
ട്വിറ്ററില്‍ ജന്‍ലോക്പാല്‍ എന്ന അക്കൌണ്ടിലാണ് അന്നാ ഹസാരെയ്ക്ക് വേണ്ടി പൊതുജനങ്ങളുടെ പിന്തുണ തേടുന്നത്. ഓരോ മിനിട്ടിലും നൂറുകണക്കിന് ട്വീറ്റുകളാണ് എഴുപത്തിരണ്ടുകാരനായ ഹസാരെയ്ക്ക് വേണ്ടി കുറിയ്ക്കപ്പെടുന്നത്. എഴുപത്തിരണ്ടുകാരനായ ഗാന്ധിയന് വേണ്ടി ലോകമെങ്ങുമുള്ള സെലിബ്രറ്റികളും ട്വിറ്ററിലൂടെ പിന്തുണപ്രഖ്യാപിയ്ക്കുന്നു. ഗ്രൂപ്പ് എസ്എംഎസുകളും ഗാന്ധിയന്‍ സമരത്തിന്റെ തീവ്രത വര്‍ദ്ധിപ്പിയ്ക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല