ലണ്ടന്‍:പറക്കും തളികയെയും അന്യഗ്രഹ ജീവികളേയും കുറിച്ചുള്ള വാര്‍ത്തകളെ നമ്മള്‍ എന്നും അത്ഭുതത്തോടെയാണ് ശ്രദ്ധിക്കാറുള്ളത്. ഇപ്പോഴിതാ അത്തരമൊരു വാര്‍ത്തകൂടി. അമേരിക്കയിലെ റോസ്‌വെല്‍ പട്ടണത്തിന് സമീപം ഒരു പറക്കും തളികളിയില്‍ അന്യഗ്രഹജീവി വന്നിറങ്ങിയതിനെക്കുറിച്ച് പരാമര്‍ശിക്കുന്ന എഫ്.ബി.ഐ രഹസ്യരേഖ കണ്ടെടുത്തിരിക്കുകയാണ്. 1950 മാര്‍ച്ചിലാണ് എഫ്.ബി.ഐക്ക് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചത്. എഫ്.ബി.ഐയുടെ ‘ഓണ്‍ലൈന്‍ ആര്‍കെയ്‌വായ ‘ദ വോള്‍ട്ടില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലുമെന്ന മട്ടില്‍ ധാരാളം പഴയ ഫയലുകളുണ്ട്. ആ ഫയലുകളില്‍ ഒന്നിനെ ആധാരമാക്കിയാണ് പുതിയ വാര്‍ത്ത. ഒപ്പം അന്യഗ്രഹ ജീവിയുടെ ചിത്രവുമുണ്ട്.
യു.എസ് എയര്‍ഫോഴ്‌സിലെ ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയെ ആധാരമാക്കിയാണ് ന്യൂമെക്‌സിക്കോയില്‍ പറക്കുംതളികകളെ കണ്ടെത്തിയ വിവരം എഫ്.ബി.ഐ ഏജന്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അന്യഗ്രഹജീവികളേയും വഹിച്ചെത്തിയ വൃത്താകൃതിയിലുള്ള പറക്കും തളികയ്ക്ക് മൂന്നടി താഴ്ചയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ന്യൂമെക്‌സിക്കോയില്‍ സ്ഥാപിച്ചിട്ടുള്ള റഡാര്‍ ശൃംഖലയില്‍ നിന്നുള്ള സിഗ്‌നലുകള്‍ നിയന്ത്രണ സംവിധാനം തകരാറിലാക്കിയതാണ് പറക്കുംതളികകള്‍ വീഴാന്‍ കാരണമെന്നുമുണ്ട് റിപ്പോര്‍ട്ടില്‍.
പറക്കും തളികയില്‍ കണ്ടെത്തിയ അന്യഗ്രഹജീവിയെ എഫ്.ബി.ഐ ഏജന്റ് വര്‍ണിക്കുന്നതിങ്ങനെ: മനുഷ്യനോട് സാമ്യമുള്ള ശരീരം. പൊക്കം മൂന്നടി മാത്രം. ധരിച്ചിരുന്നത് ലോഹനിര്‍മ്മിതമായ വസ്ത്രമാണ്. അതിവേഗം പായുന്നവര്‍ ധരിക്കുന്നത് പോലുള്ള ഒരു ജാക്കറ്റും ധരിച്ചിരുന്നു.
പറക്കുംതളികകള്‍ കണ്ടെത്തുമ്പോള്‍ ജീവനില്ലാത്ത അവസ്ഥയിലായിരുന്നു അന്യഗ്രഹ ജീവികള്‍. മൃതദേഹങ്ങള്‍ യു.എസ് സേനയിലെ ഡോക്ടര്‍മാര്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി. എന്നാല്‍, അന്യഗ്രഹ ജീവികളെ കണ്ടെത്തിയ വിവരം പുറത്തുവിട്ടില്ല.
ന്യൂമെക്‌സിക്കോയിലെ റോസ്‌വെല്‍ പട്ടണത്തെ 1947 ജൂലായ് 2ന് വന്ന ഒരു വാര്‍ത്ത ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയിരുന്നു. റോസ്‌വെല്‍ ആര്‍മി എയര്‍ഫീല്‍ഡിന് സമീപമുള്ള മരുഭൂമിയില്‍ പറക്കുംതളിക തകര്‍ന്നു വീണെന്നും അന്യഗ്രഹ ജീവികളുടെ മൃതദേഹം കണ്ടെത്തിയെന്നുമായിരുന്നു വാര്‍ത്ത. സൈനിക അധികൃതര്‍ പുറപ്പെടുവിച്ച ഒരു പത്രക്കുറിപ്പിനെ ആധാരമാക്കിയുള്ള ആ വാര്‍ത്ത ‘പറക്കുംതളികയെ എയര്‍ഫോഴ്‌സ് പിടികൂടി’ എന്ന മുട്ടന്‍തലക്കെട്ട് നല്‍കിയാണ് പത്രങ്ങള്‍ ആഘോഷിച്ചത്.
എന്നാല്‍, 24 മണിക്കൂറിനകം സൈനിക അധികൃതരുടെ നിഷേധക്കുറിപ്പ് പുറത്തുവന്നു. പറക്കുംതളികയെന്ന് കരുതിയത് അന്തരീക്ഷ സ്ഥിതി പഠിക്കാന്‍ വിക്ഷേപിച്ച ബലൂണിന്റെ അവശിഷ്ടങ്ങളാണെന്നായിരുന്നു നിഷേധക്കുറിപ്പില്‍. ജനങ്ങള്‍ അത് വിശ്വസിച്ചു. പറക്കുംതളികയെ മറന്നു.
പുതിയ വാര്‍ത്തയുടെ അടിസ്ഥാനം പഴയ വാര്‍ത്തയോ തുടര്‍ന്നു പ്രസിദ്ധീകരിച്ച നിഷേധക്കുറിപ്പോ അല്ല. വാര്‍ത്ത വന്നത് 1947 ലാണ്. 1950 ലാണ് എഫ്.ബി.ഐ ഏജന്റ് റിപ്പോര്‍ട്ട് അയച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല