മുംബൈ: സാമ്പത്തിക രംഗത്തെ അമേരിക്കയുടെ പാപ്പരത്തം ലോകത്തെ അറിയിച്ച എസ് ആന്‍ഡ് പിയുടെ തലപ്പത്ത് ഇന്ത്യക്കാരന്‍. സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവറിന്റെ തലപ്പത്ത് ഝാര്‍ഖണ്ഡില്‍ ജനിച്ച 57കാരനായ ദേവന്‍ ശര്‍മ്മയാണുള്ളത്. അമേരിക്ക കടക്കെണിയില്‍ പെട്ടിരിക്കുന്നുവെന്നത് മാസങ്ങളായി അന്തരീക്ഷത്തില്‍ സജീവമായിരുന്നു. എന്നാല്‍ കടമെടുക്കല്‍ ശേഷിയുടെ നിലവാരത്തില്‍ കുറവുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കടമെടുക്കല്‍ ശേഷിയുടെ വിവിധ വശങ്ങള്‍ വിശകലനം ചെയ്ത എസ് ആന്‍ഡ് പി, നിലവാരം കുറക്കണമെന്ന നിഗമനത്തിലാണ് എത്തിയത്. ആ തീരുമാനം പ്രഖ്യാപിച്ചതോടെ ദേവന്‍ ശര്‍മ്മ വിവാദ പുരുഷനാവുകയും ചെയ്തു.
1955ല്‍ ജനിച്ച ശര്‍മ്മ ജെംഷെഡ്പൂരിലും റാഞ്ചിയിലുമാണ് വിദ്യാഭ്യാസം നേടിയത്. ബിരുദാനന്തര ബിരുദത്തിന് വേണ്ടിയാണ് അമേരിക്കയിലേക്ക് പോയത്. വിസ്‌കോണ്‍സിനില്‍ ബിരുദാനന്തര ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഓഹിയോയില്‍ നിന്ന് 1987ല്‍ ഡോക്ടറേറ്റ് നേടി. പിന്നീട് നിര്‍മ്മാണ മേഖലയില്‍ കുറച്ചു കാലം ജോലി നോക്കി. 1988ല്‍ ബൂസ്, അലന്‍ ആന്‍ഡ് ആംപ് എന്ന മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ ചേര്‍ന്നു. അതിനു ശേഷമാണ് എസ് ആന്‍ഡ് പിയുടെ രക്ഷാകര്‍തൃ സ്ഥാപനമായ ദി മക്ഗ്രാഹില്‍ ചേര്‍ന്നത്. പിന്നീടാണ് എസ് ആന്‍ഡ് പിയുടെ പ്രസിഡന്റായി ദേവന്‍ ശര്‍മ്മ ചുമതലയേറ്റത്.
ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തിയതിനു പിന്നാലെയുണ്ടായ വിമര്‍ശനങ്ങളെ ശക്തമായി നേരിടുകയാണ് ദേവന്‍ ശര്‍മ്മയും സ്ഥാപനത്തിന്റെ ഉന്നതാധികാരിയായ ഡേവിഡ് ബീര്‍സും ചെയ്യുന്നത്. ഇത്തരമൊരു നടപടി അനിവാര്യമായിരുന്നെന്നും തങ്ങളുടെ ഉപദേശങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുന്ന നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുക എന്നത് സ്ഥാപനത്തിന്റെ ബാധ്യതയാണെന്നും ശര്‍മ്മയും ബീര്‍സും വിശദീകരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല