1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2017

സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖം മേശയില്‍ ഇടിച്ചു പൊളിക്കണമെന്ന ഹോളിവുഡ് നടന്‍ അര്‍ണോള്‍ഡ് ഷ്വാര്‍സ്‌നെഗറുടെ പരാമര്‍ശം വിവാദമാകുന്നു. ഹോളിവുഡ് സൂപ്പര്‍താരവും മുന്‍ കാലിഫോര്‍ണിയ ഗവര്‍ണറുമായ അര്‍നോള്‍ഡ് ഷ്വാസ്‌നഗര്‍ മെന്‍സ് ജേര്‍ണലിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. ട്രംപിന്റെ ജോലി തനിക്ക് തന്നാല്‍ ആളുകള്‍ക്ക് സ്വസ്ഥമായി ഉറങ്ങാനാകുമെന്നും അര്‍ണോള്‍ഡ് അഭിമുഖത്തില്‍ പറഞ്ഞു.

ആഴ്ചകള്‍ക്ക് മുമ്പാണ് ട്രംപും അര്‍നോള്‍ഡും തമ്മിലുള്ള വാഗ്വാദം ആരംഭിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് മുമ്പ് അപ്രന്റീസ്’ എന്ന ചാനല്‍ പരിപാടിയുടെ അവതാരകനായിരുന്നു ട്രംപ്. തിരഞ്ഞെടുപ്പ് തിരക്കുകളിലേക്ക് പോയപ്പോള്‍ ചാനല്‍ അധികൃതര്‍ പകരം അവതാരകനാക്കിയത് അര്‍നോള്‍ഡിനെയെയും. ഇതില്‍ അര്‍ണോള്‍ഡിനെ പരിഹസിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു.

പരിപാടി മോശമായെന്നും അര്‍ണോള്‍ഡ് കാരണം റേറ്റിങ് പോലും കുറഞ്ഞെന്നാണ് ട്രംപ് പറഞ്ഞത്. ഇതിനെതിരെ രൂക്ഷമായ പ്രതികരണവുമായി അര്‍നോള്‍ഡും അദ്ദേഹത്തിന്റെ വക്താവും രംഗത്തെത്തി. ‘നമ്മുടെ ജോലികള്‍ പരസ്പരം വെച്ചുമാറാം. നിങ്ങള്‍ ടിവിയില്‍ പരിപാടി അവതരിപ്പിച്ചോളൂ. ഞാന്‍ അമേരിക്കന്‍ പ്രസിഡന്റായിക്കോളാം. അതോടെ ജനങ്ങള്‍ക്ക് വീണ്ടും മനസമാധാനത്തോടെ ഉറങ്ങാം.’ അര്‍നോള്‍ഡ് പറഞ്ഞു.

നമ്മള്‍ അമേരിക്കക്കാര്‍ ഒരിക്കലും ശത്രുക്കളല്ല. നല്ല സുഹൃത്തുക്കളാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞു. നമ്മള്‍ അയല്‍ക്കാരും സുഹൃത്തുക്കളുമാണ്. ഏറ്റവും പ്രധാനം നമ്മള്‍ അമേരിക്കക്കാരാണ് എന്നതാണ്. എല്ലാറ്റിലുമുപരി അമേരിക്കയെ ഉന്നതിയിലെത്തിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും അര്‍നോള്‍ഡ് വ്യക്തമാക്കി.

ട്രംപുമായി മീറ്റിങ് സംഘടിപ്പിക്കണം. അതിന് ശേഷം ട്രംപിന്റെ മുഖം മേശയില്‍ ഇടിച്ച് പൊളിക്കണമെന്നും അര്‍ണോള്‍ഡ് ചിരിച്ചുകൊണ്ടു കൂട്ടിച്ചേര്‍ത്തു. മറ്റു വിവാദങ്ങളുടേയും പ്രതിഷേധങ്ങളുടേയും തിരക്കിനിടെ ട്രംപ് അര്‍ണോള്‍ഡിന്റെ പ്രകോപനപരമായ മുഖം അടിച്ചുപൊളിക്കല്‍ പരാമര്‍ശത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.