മമ്മൂട്ടിയും പൃഥ്വിരാജും നായകനും വില്ലനുമാകുന്ന ‘അരിവാള്‍ ചുറ്റിക നക്ഷത്രം’ എന്ന ചിത്രത്തില്‍ ബോളിവുഡ് നടിയും പകുതി മലയാളിയുമായ വിദ്യാ ബാലന്‍ നായികയാകുമെന്നു സൂചന. ഇത് സംബന്ധിച്ച് വിദ്യയുടെ മാനേജരുമായി സംവിധായകന്‍ അമല്‍ നീരദ് ഉടന്‍ കൂടികാഴ്ച നടത്തും. എല്ലാം ശരിയായാല്‍ വിദ്യയെ നേരില്‍ കണ്ടു കഥ പറയാനാകുമെന്ന പ്രതീക്ഷയില്‍ ആണ് അമല്‍ നീരദ്.
ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയെ ആണെങ്കിലും, ചിത്രത്തിലെ നായകന്‍, വില്ലന്‍, നായിക എന്നിവരാണ് അരിവാളും ചുറ്റികയും നക്ഷത്രവും ആകുന്നതെന്ന് അമല്‍ നീരദ് വ്യക്തമാക്കി. അതുകൊണ്ടുതന്നെ മമ്മൂട്ടി, പൃഥ്വിരാജ് എന്നിവര്‍ക്കൊപ്പം തുല്യ പ്രാധാന്യമാണ് നായികക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
അന്യ സംസ്ഥാനങ്ങളിലും ചിത്രത്തിന് പ്രചാരം നേടാന്‍ വിദ്യയെ പോലെയുള്ള താരങ്ങളുടെ സാന്നിധ്യം സഹായിക്കുമെന്നാണ് സംവിധായകന്‍ കരുതുന്നത്. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്നാണ് അരിവാള്‍ ചുറ്റിക നക്ഷത്രം നിര്‍മ്മിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല