പ്രധാനമന്ത്രി നരേന്ദ്ര മോഡി അരുണാചല്‍ പ്രദേശ് സന്ദര്‍ശിച്ചതില്‍ ചൈന പ്രതിഷേധം അറിയിച്ചു. മേയില്‍ മോഡി ചൈന സന്ദര്‍ശിക്കാനിരിക്കെയാണ് ചൈനയുടെ പ്രകോപനപരമായ നീക്കം.
അരുണാചലിനെ ഇന്ത്യയുടെ ഭാഗമായി തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്ന് ചൈന വ്യക്തമാക്കി. ഇന്ത്യന്‍ നേതാക്കളുടെ ഭാഗത്തു നിന്നുള്ള ഇത്തരം സന്ദര്‍ശനങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവാനേ ഉപകരിക്കൂ എന്നും ചൈന മുന്നറിയിപ്പ് നല്‍കി.
അരുണാചല്‍ പ്രശ്‌നം ദീര്‍ഘകാലമായി നില നില്‍ക്കുന്നതാണ്. നയതന്ത്ര തലത്തില്‍ പ്രശ്‌നം പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളിലേയും പ്രതിനിധി സംഘങ്ങള്‍ തമ്മില്‍ നിരന്തര ചര്‍ച്ചകളും നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അതിര്‍ത്തി പ്രശ്‌നം സങ്കീര്‍ണമാക്കുന്ന നടപടികള്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും ചൈനയുടെ വിദേശകാര്യ വക്താവ് ഹുവ ചുനിയിങ് പറഞ്ഞു.
അരുണാചല്‍ പ്രദേശിന്റെ ഇരുപത്തൊമ്പതാം സ്ഥാപക ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി അരുണാചലില്‍ എത്തിയത്. അതിര്‍ത്തി തര്‍ക്കത്തെക്കുറിച്ചും അരുണാചലിനെ കുറിച്ച് കാലങ്ങളായി തുടരുന്ന ചൈനയുടെ നിലപാടിനെ കുറിച്ചും പ്രധാനമന്ത്രി തന്ത്രപരമായ മൗനം പാലിച്ചിരുന്നു.
എന്നാല്‍ സന്ദര്‍ശന വേളയില്‍ അരുണാചലിലെ നഹര്‍ലഗുനില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഒരു എക്‌സ്പ്രസ് തീവണ്ടിയും ഒരു പവര്‍ സ്റ്റേഷനും മോഡി ഉദ്ഘാടനം ചെയ്തു. കൂടാതെ അരുണാചല്‍ പ്രദേശിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വന്‍ തുക ചെലവഴിക്കുമെന്നും മോഡി പ്രഖ്യാപിച്ചു. ഇതാണ് ചൈനയെ ചൊടിപ്പിച്ചതെന്ന് കരുതുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല