ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അര്‍ജുന്‍ സിങ് അന്തരിച്ചു. 81 വയസ്സായിരുന്നു. ദില്ലിയിലെ എ.ഐ.ഐ.എം.എസില്‍ വൈകീട്ട് 6.15ഓടെയായിരുന്നു അന്ത്യം. കേന്ദ്രത്തില്‍ മാനവ വിഭവശേഷി മന്ത്രിയായാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ഭോപ്പാല്‍ ദുരന്തമുണ്ടായ സമയത്ത് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. മൂന്ന് തവണ ഇവിടെ മുഖ്യമന്ത്രിയായിരുന്നിട്ടണ്ട്. പഞ്ചാപ് ഗവര്‍ണറായും പ്രവര്‍ത്തിച്ചു.
കോണ്‍ഗ്രസിന്റെ മതേതര മുഖമായിരുന്നു അര്‍ജുന്‍സിങ്. മധ്യപ്രദേശിലും ദേശീയ രാഷ്ട്രീയത്തിലും ഹിന്ദു വര്‍ഗീയവാദത്തിനെതിരെ ശക്തമായ നിലപാടെടുത്ത അര്‍ജുന്‍സിങ് ദളിത്-മുസ്‌ലിം വിഭാഗങ്ങള്‍ക്ക് വേണ്ടി എപ്പോഴും രംഗത്ത് വന്നിരുന്നു. ദളിത്-മുസ്‌ലിം സംവരണത്തിന് വേണ്ടി രംഗത്ത് വന്നിരുന്നതിനാല്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് അദ്ദേഹത്തോട് എതിര്‍പ്പുണ്ടായിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിച്ചു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസില്‍ തന്നെ തിരിച്ചെത്തി.
ഭോപ്പാല്‍ ദുരന്ത സമയത്ത് മുഖ്യമന്ത്രിയായിരിക്കെ വാറന്‍ ആന്‍ഡേഴ്‌സണെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് അര്‍ജുന്‍സിങിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. അടുത്തകാലത്തായി ഭോപ്പാല്‍ വീണ്ടും ചര്‍ച്ചയായപ്പോള്‍ രാജീവ് ഗാന്ധിയെ പ്രതിക്കൂട്ടില്‍ കയറ്റുന്ന തരത്തില്‍ അര്‍ജുന്‍സിങ് നടത്തിയ പരാമര്‍ശം കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല