അമിതമായി മദ്യപിച്ച യാത്രക്കാര്‍ അസ്വസ്ഥതയുണ്ടാക്കിയതിനെത്തുടര്‍ന്ന് വിമാനം ലക്ഷ്യത്തിലെത്തും മുമ്പ് ഇറക്കി.
അബുദബിയില്‍ നിന്നും ജക്കാര്‍ത്തയിലേയ്ക്ക് പോവുകയായിരുന്നു ഇവൈ എന്ന എത്തിഹാദ് വിമാനമാണ് യാത്രക്കാര്‍ മദ്യപിച്ച് ശല്യമുണ്ടാക്കിയതിനെത്തുടര്‍ന്ന് കൊളമ്പോ ഭണ്ഡാരനായകെ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറക്കിയത്.
സൗദി അറേബ്യയില്‍ നിന്നുള്ള 5 അറബ് വംശജരാണ് വിമാനത്തില്‍ മദ്യപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വിമാനത്തില്‍ സൗജന്യമായിക്കിട്ടുന്ന മദ്യം കഴിച്ച് മത്തുപിടിച്ച ഇവര്‍ സഹയാത്രികരെ മര്‍ദ്ദിയ്ക്കുകയും എയര്‍ഹോസ്റ്റസുമാരെ കടന്നുപിടിയ്ക്കുകയും ചെയ്തു. ശല്യം സഹിക്കവയ്യാതെ മറ്റുയാത്രക്കാര്‍ വിമാനം ഇറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
വിമാനാധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രശ്‌നക്കാരായ അറബികളെ പിടിക്കാന്‍ ശ്രീലങ്കന്‍ പൊലീസ് വിമാനത്താവളത്തില്‍ തയ്യാറായി നിന്നിരുന്നു. അഞ്ചുപേരെയും പൊലീസ് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി.
പിന്നീട് ഇവരെ ഒരു ലക്ഷം ശ്രീലങ്കന്‍ രൂപയുടെ ജാമ്യത്തില്‍ വിട്ടയച്ചു. എന്നാല്‍ ഇവര്‍ക്ക് രാജ്യം വിടാന്‍ അവകാശമില്ല. ഫെബ്രുവരി 14ന് ഇവര്‍ വീണ്ടും കോടതിയില്‍ ഹാജരാകണം. കൊളംബോയില്‍ നിന്നും മൂന്ന് മണിക്കൂര്‍ വൈകിയാണ് വിമാനം ജക്കാര്‍ത്തയ്ക്ക് പുറപ്പെട്ടത്.
മദ്യപാനത്തിന് കടുത്ത നിരോധനമുള്ള നാടാണ് സൌദി അറേബ്യ അതിനാല്‍ കുടിച്ച് ബഹളമുണ്ടാക്കിയതിന് കൊളംബോയില്‍ കഴിയുന്ന ഇവര്‍ നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഇസ്ലാം നിയമം അനുസരിച്ച് ശിക്ഷാനടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്നാണ് സൂചന
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല