അഴിമതിക്കും കൈക്കൂലിക്കുമെതിരെ ജനം ഒരുനാള്‍ തിരിയുമെന്ന് പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ കമല്‍ഹാസന്‍. വേറെ വഴിയില്ലാത്തതിനാല്‍ അഴിമതിയും കൈക്കൂലിയും സഹിക്കേണ്ടി വരുന്ന ഇന്ത്യന്‍ ജനതയുടെ കോപം ഒരിക്കല്‍ പുറത്തുവരുമെന്നും അത് വലിയൊരു മാറ്റത്തിന് വഴിവയ്ക്കുമെന്നും കമല്‍ പറഞ്ഞു.
‘പൊതുജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ നികുതി ഈടാക്കുന്നുണ്ട്. എന്നാല്‍ ആ പണം പൊതുജനങ്ങള്‍ക്ക് വേണ്ട സഹായം ചെയ്യാന്‍ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നില്ല. നമ്മള്‍ കഷ്ടപ്പെട്ട് പണിയെടുത്ത് ലഭിച്ച പണത്തില്‍ നിന്നും നല്‍കുന്ന നികുതി അഴിമതിയിലൂടെയും കുംഭകോണങ്ങളിലൂടെയും ആരൊക്കെയോ കൈക്കലാക്കുന്നു.’
താനടക്കമുള്ള ജനത അഴിമതിയും കൈക്കൂലിയും സഹിക്കുന്നത് ഇന്ത്യയോടുള്ള സ്‌നേഹവും ബഹുമാനവും കൊണ്ടാണ്. എന്നെപ്പോലുള്ള കോടിക്കണക്കിന് ആളുകള്‍ ഈ അഴിമതിക്കും കൈക്കൂലിക്കും കുംഭകോണങ്ങള്‍ക്കും എതിരെ ഒരുനാള്‍ തിരിയും. അന്ന് വലിയ മാറ്റം സംഭവിക്കും. ഇന്ത്യന്‍ ജനത ഈ മാറ്റം ഉണ്ടാക്കും എന്ന് തനിക്ക് വിശ്വാസമുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞു.
അഴിമതിക്കും കള്ളപ്പണത്തിനുമെതിരായി നടക്കുന്ന സമരങ്ങളെ ബോളിവുഡില്‍ നിന്നും പലരും പിന്തുണച്ചിട്ടുണ്ടെങ്കിലും തെന്നിന്ത്യന്‍ താരങ്ങളാരും ഇതിനെക്കുറിച്ച് മിണ്ടിയിട്ടില്ല. ആദ്യമായാണ് തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തിന്റെ പ്രതിനിധിയായി ഒരാള്‍ അഴിമതിക്കെതിരെ സംസാരിക്കുന്നത്. എന്നാല്‍ ഹസാരെയുടെ സമരത്തെക്കുറിച്ച് കമല്‍ ഒന്നും പറഞ്ഞില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല