‘രതിനിര്‍വേദം’ കേരളക്കരയില്‍ തരംഗമായതോടെ ആ ജനുസില്‍പ്പെട്ട ചെറിയ ചിത്രങ്ങള്‍ കൂടുതലായി റീമേക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ ആരംഭിച്ചു. പ്രേക്ഷകരെ അല്‍പ്പം ഇക്കിളിപ്പെടുത്തിയ പഴയ സിനിമകളെ വീണ്ടും അവതരിപ്പിച്ചാല്‍ ഹിറ്റാകുമെന്ന തിരിച്ചറിവില്‍ ഒട്ടേറെ നിര്‍മ്മാതാക്കളും സംവിധായകരും അങ്ങനെയുള്ള ചര്‍ച്ചകളില്‍ സജീവമായി. അതില്‍ ഒരു ചിത്രത്തെ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമായിട്ടുണ്ട്.
‘രാഗേന്ദുകിരണങ്ങള്‍ ഒളിവീശിയില്ല…’ എന്ന ഗാനം വീണ്ടും കേരളത്തില്‍ അലയടിക്കാന്‍ പോകുന്നു. അതേ, ‘അവളുടെ രാവുകള്‍’ റീമേക്കിന്റെ ചിത്രീകരണം ഉടന്‍ തുടങ്ങുകയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് വിവാദക്കൊടുങ്കാറ്റ് സൃഷ്ടിച്ച ഈ സിനിമയുടെ റീമേക്കും വന്‍ ഹിറ്റാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യചിത്രത്തില്‍ സീമയായിരുന്നു നായികയെങ്കില്‍ പുതിയ സിനിമയില്‍ പ്രിയാമണിയെയാണ് നായികയായി പരിഗണിക്കുന്നത്. ഐ വി ശശിയാണ് സംവിധാനം. ലിബര്‍ട്ടി ബഷീര്‍ ആണ് ‘അവളുടെ രാവുകള്‍’ റീമേക്ക് നിര്‍മ്മിക്കുന്നത്.
1978ല്‍ പുറത്തിറങ്ങിയ അവളുടെ രാവുകള്‍ രാജി എന്ന ഒരു അഭിസാരികയും അവള് ഉള്‍പ്പെടുന്ന സമൂഹവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കഥയായിരുന്നു പറഞ്ഞത്. ആലപ്പി ഷെരീഫിന്റെ തിരക്കഥയില്‍ ഐ വി ശശിയായിരുന്നു സംവിധാനം ചെയ്തത്.
റീമേക്കിന്റെ പേരും ‘അവളുടെ രാവുകള്‍’ എന്നുതന്നെ ആയിരിക്കും. ആലപ്പി ഷെരീഫ് തന്നെയാണ് തിരക്കഥ രചിക്കുന്നത്. ഐ വി ശശിയും ഷെരീഫും ലിബര്‍ട്ടി ബഷീറും തിരക്കിട്ട ചര്‍ച്ചകളിലാണ്.സീമ തന്റെ അര്‍ദ്ധനഗ്ന മേനി പ്രദര്‍ശിപ്പിച്ച് നില്ക്കുന്ന ചിത്രമായിരുന്നു അവളുടെ രാവുകളുടെ പോസ്റ്ററുകളില്‍ ഉപയോഗിച്ചത്. അതേ രീതിയിലുള്ള പരസ്യങ്ങള്‍ റീമേക്കിലും പ്രതീക്ഷിക്കാം. ‘രാഗേന്ദുകിരണങ്ങള്‍…’ എന്ന ഗാനം റീമിക്സ് ചെയ്ത് അവതരിപ്പിക്കാനും ആലോചനയുണ്ട്.
ഈ സിനിമയില്‍ അഭിനയിക്കാന്‍ നായികയെ കിട്ടാന്‍ ബുദ്ധിമുട്ടുകയാണെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു. പ്രിയാമണി അഭിനയിക്കുന്ന കാര്യം ഏകദേശം ഉറപ്പായിട്ടുണ്ട്. അവസാന നിമിഷം പ്രിയാമണി മാറിയാല്‍ പകരം അനുഷ്ക ഷെട്ടിയെ അഭിനയിപ്പിക്കാനും ശ്രമം നടക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല