സജീഷ് ടോം (യുക്മ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍): ലോക മലയാളികളുടെ പ്രിയ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ‘ജ്വാല’ ഇമാഗസിന്റെ മെയ് ലക്കം പ്രസിദ്ധീകൃതമായി. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ സാംസ്‌ക്കാരികവിഭാഗം യുക്മാസാംസ്‌ക്കാരികവേദിയുടെ ആഭിമുഖ്യത്തിലാണ് ജ്വാല പ്രസിദ്ധീകരിക്കുന്നത്.
2014 സെപ്റ്റംബറില്‍ പ്രസിദ്ധീകരണം ആരംഭിച്ച ‘ജ്വാല’ കഴിഞ്ഞ നാലര വര്‍ഷങ്ങള്‍ കൊണ്ട് യു കെ യുടെ അതിര്‍ത്തികള്‍ കടന്ന് ലോക പ്രവാസി മലയാളികള്‍ക്ക് ആകെ പ്രിയങ്കരമായി തീര്‍ന്നു കഴിഞ്ഞു. ഈ കാലയളവില്‍ അന്‍പത് പതിപ്പുകള്‍ പുറത്തിറക്കിക്കൊണ്ട് പ്രസിദ്ധീകരണ രംഗത്തു ഒരു നാഴികക്കല്ല് കുറിക്കാനും ജ്വാലക്ക് കഴിഞ്ഞു. പ്രസിദ്ധീകരണത്തില്‍ അര്‍ദ്ധ ശതകം തികച്ച ജ്വാല ഇമാഗസിന്റെ അന്‍പത്തിയൊന്നാം ലക്കമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് മാനേജിങ് എഡിറ്ററായും റജി നന്തികാട്ട് ചീഫ് എഡിറ്ററായും യു കെ യിലെ കലാ സാഹിത്യ രംഗങ്ങളില്‍ പ്രമുഖരായ ജോര്‍ജ്ജ് അറങ്ങാശ്ശേരി, സി ജെ റോയി, നിമിഷ ബേസില്‍, മോനി ഷിജോ എന്നിവര്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായും വരുന്ന ശക്തമായ ഒരു ടീമാണ് ജ്വാല ഇമാഗസിനെ അടുത്ത രണ്ടു വര്‍ഷത്തേക്ക് നയിക്കുന്നത്.
ഓണ്‍ലൈന്‍ പ്രസിദ്ധീകരണ രംഗത്തു ഉണ്ടായിക്കൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു, നല്ലൊരു വായനാനുഭവം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജ്വാല ഇമാഗസിന്റെ മുന്നോട്ടുള്ള പ്രയാണം. അതുതന്നെയാണ് ജ്വാലയെ വായനക്കാര്‍ക്കു സ്വീകാര്യം ആക്കുന്നതുമെന്ന് അന്‍പത്തിയൊന്നാം ലക്കത്തിന്റെ എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് സൂചിപ്പിക്കുന്നു.
ആധുനീക തലമുറയിലെ സ്ത്രീപക്ഷ എഴുത്തുകാരികളില്‍ പ്രമുഖയും, 2015 ലെ സംസ്ഥാന സാഹിത്യ അക്കാദമി ചെറുകഥാ പുരസ്‌ക്കാര ജേതാവുമായ അന്തരിച്ച കഥാകാരി അഷിതയുടെ മുഖചിത്രം മെയ് ലക്കം ജ്വാലക്ക് ഐശ്വര്യവും തേജസ്സും പ്രസരിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം യുക്മാസാംസ്‌ക്കാരികവേദി നടത്തിയ സാഹിത്യ മത്സരത്തില്‍ സമ്മാനാര്‍ഹമായ ചില രചനകള്‍ ഉള്‍പ്പെടെ നവമാധ്യമ രംഗത്ത് പ്രസിദ്ധരായ എഴുത്തുകാരുടെ വ്യത്യസ്തങ്ങളായ രചനകള്‍ ഉള്‍പ്പെടുത്തി മനോഹരമായി രൂപകല്‍പ്പന ചെയ്ത മെയ് ലക്കം ഹൃദ്യമായ വായനാനുഭവം പ്രദാനം ചെയ്യുമെന്ന് നിസ്സംശയം പറയാന്‍ കഴിയും. മെയ് ലക്കം ജ്വാല വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക:
https://issuu.com/jwalaemagazine/docs/may_2019_355fd87833e26e
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല