വാഷിങ്ടണ്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിന്റെയും മറ്റു മൂന്നുപേരുടെയും വിവരങ്ങള്‍ നല്‍കാന്‍ പ്രശസ്ത മൈക്രോബ്ലോഗിങ് വെബ്‌സൈറ്റായ ട്വിറ്ററിനോട് അമേരിക്ക ആവശ്യപ്പെട്ടു. അമേരിക്കയിലെ മറ്റു ചില ഇന്‍ര്‍നെറ്റ് കമ്പനികളോടും ഇതേ ആവശ്യമുന്നയിച്ചിട്ടുണ്ടെന്നും ഇ-മെയില്‍ വഴി പുറത്തുവിട്ട പ്രസ്താവനയില്‍ വിക്കിലീക്‌സ് വ്യക്തമാക്കി. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്വിറ്ററിന്റെ ഓഫീസിലെത്തി അസാഞ്ജിന്റെയും ഐസ്‌ലന്‍ഡിലെ എം.പി.യുള്‍പ്പടെയുള്ളവരുടെയും അക്കൗണ്ട് രേഖകളും ബന്ധപ്പെടാനുള്ള വിവരങ്ങളും സ്വകാര്യ സന്ദേശങ്ങളും വ്യക്തിഗത വിവരങ്ങളും ആവശ്യപ്പെട്ടുവെന്നാണ് വിക്കിലീക്‌സ് വെളിപ്പെടുത്തിയത്.
വെര്‍ജീനിയയിലെ യു.എസ്. ഡിസ്ട്രിക്ട് കോടതി ആവശ്യപ്പെട്ടതുപ്രകാരമാണ് ട്വിറ്റര്‍ അധികൃതരെ അന്വേഷണ ഉദ്യോഗസ്ഥര്‍ സമീപിച്ചത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കുറ്റാന്വേഷണത്തിന് ഇത് അത്യാവശ്യമാണെന്നും ഇക്കാര്യം അസാഞ്ജ് ഉള്‍പ്പടെയുള്ളവരെ അറിയിക്കരുതെന്നും കോടതി ഉത്തരവിലുണ്ട്. എന്നാല്‍ ഈ നിബന്ധന കോടതി പിന്നീട് പിന്‍വലിച്ചു. മൂന്നു ദിവസത്തിനുള്ളില്‍ മറുപടി നല്‍കാനാണ് കോടതി നിര്‍ദേശം. കോടതി ഉത്തരവിന്റെ പകര്‍പ്പ് സാലണ്‍ ഡോട്ട് കോം എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ഇക്കാര്യം പുറത്തുവിട്ടതിന് വിക്കിലീക്‌സ് ട്വിറ്ററിനോട് നന്ദി രേഖപ്പെടുത്തി. എന്നാല്‍ ഈ വിവരം ഉപയോക്താക്കളെ അറിയിക്കുക എന്നത് തങ്ങളുടെ നയമാണെന്നു മാത്രമാണ് ട്വിറ്റര്‍ പ്രതികരിച്ചത്. രണ്ടരലക്ഷത്തോളം സൈനിക രഹസ്യരേഖകള്‍ പുറത്തുവിട്ടതോടെ അസാഞ്ജിനെതിരെ കുറ്റം ചുമത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് അമേരിക്ക വിവരങ്ങള്‍ തേടിയതെന്നു കരുതുന്നു. രഹസ്യരേഖകള്‍ പുറത്തുവന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ സൈന്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥന്‍ ബ്രാഡ്‌ലി മാനിങ് വിചാരണ കാത്തിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല