സ്വന്തം ലേഖകന്‍: ആഗോള കള്ളപ്പണക്കാരുടെ പട്ടിക പുറത്ത്, പട്ടികയില്‍ അമിതാഭ് ബച്ചനും ഐശ്വര്യ റായും മുതല്‍ റഷ്യന്‍ പ്രസിഡന്റ് പുടിന് വരെ. നികുതിയിളവുകള്‍ ഉള്ള വിദേശ രാജ്യങ്ങളില്‍ കമ്പനികളോ ട്രസ്റ്റുകളോ ഉള്ളവരാണ് പട്ടികയില്‍ ഭൂരിപക്ഷവും. അമിതാഭ് ബച്ചന്, ഐശ്വര്യ റായ്, വ്യവസായികളായ സമീര്‍ ഗെലോട്ട്, കെ.പി.സിങ്, ലോക്സത്ത പാര്‍ട്ടി ഡല്‍ഹി ഘടകം മുന്‍ അധ്യക്ഷന്‍ അനുരാഗ് കെജ്രിവാള് തുടങ്ങി അഞ്ഞൂറോളം ഇന്ത്യക്കാരാണ് പട്ടികയിലുള്ളത്.
റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന് അടക്കമുള്ള 140 ലോക നേതാക്കളുടെ പേരും പട്ടികയിലുണ്ട്. പനാമ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൊസാക്ക് ഫൊന്‍സേക്ക എന്ന കമ്പനി മുഖേന ആരംഭിച്ച 2,14,000 വിദേശ കമ്പനികളില്‍ ഡയറക്ടര്‍മാരോ, ഷെയര്‍ ഹോള്‍ഡേഴ്സോ ആയാണ് ഇവരെല്ലാം നിക്ഷേപം നടത്തിയത്. കള്ളപണം വെളുപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു ഈ നിക്ഷേപങ്ങള്‍.
11.5 മില്യണ്‍ രഹസ്യ രേഖകള്‍ കഴിഞ്ഞ വര്‍ഷം ഒരു ജര്‍മന്‍ പത്രത്തിനു ചോര്‍ന്നു കിട്ടുകയായിരുന്നു. തുടര്‍ന്ന് ഈ രേഖകള്‍ വാഷിങ്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകുടെ ആഗോള സംഘടനക്കു പത്രം കൈമാറി. ഈ സംഘടനയിലെ അംഗങ്ങളായ ഇന്ത്യയിലെ ഇന്ത്യന്‍ എക്സ്പ്രസ് അടക്കം ലോകത്തിലെ വ്യത്യസ്ത മാധ്യമ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിനു ശേഷമാണ് ഈ രേഖകള്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്.
പനാമ സിറ്റി കേന്ദ്രീകരിച്ച് 1977 ല്‍ സ്ഥാപിതമായ കമ്പനിയാണ് മൊസാക്ക് ഫൊന്‍സേക്ക. നിയമ, കോര്‍പറേറ്റ് മേഖലകളില്‍ സേവനം ലഭ്യമാക്കുന്ന കമ്പനിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓഫീസുകളുണ്ട്. ലോകത്തെ അതിസമ്പന്നര്‍ക്കു നികുതിരഹിതമായി തങ്ങളുടെ സമ്പത്ത് കേന്ദ്രീകരിക്കാനും വാണിജ്യ വ്യവസായങ്ങളിലേര്പ്പെടാനും സഹായിക്കുന്നതിനു പ്രശസ്തമായ കമ്പനിയുടെ കഴിഞ്ഞ 38 വര്‍ഷത്തെ രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല