വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് നാലു വിക്കറ്റ് ജയം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തപ്പോള്‍ 31 പന്തു ബാക്കിയിരിക്കേ ഇന്ത്യ ലക്ഷ്യം കണ്ടു. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
രോഹിത് ശര്‍മ (75 പന്തില്‍ 68 നോട്ടൗട്ട്), ശിഖര്‍ ധവാന്‍ (76 പന്തില്‍ 51) എന്നിവര്‍ അര്‍ധശതകം നേടി.ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന 50 പന്തില്‍ 43 റണ്‍സെടുത്തു. പാര്‍ഥിവ് പട്ടേല്‍ (13), വിരാട് കോഹ്‌ലി (രണ്ട്), ബദരീനാഥ് (17), യൂസുഫ് പത്താന്‍ (10) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. ഹര്‍ഭജന്‍ സിങ് ആറു റണ്‍സുമായി പുറത്താകാതെ നിന്നു.
അര്‍ധസെഞ്ച്വറി നേടിയ രാംനരേഷ് സര്‍വനും (56), മര്‍ലോണ്‍ സാമുവല്‍സും (55) ചേര്‍ന്നാണ് വെസ്റ്റിന്‍ഡീസ് ഇന്നിങ്‌സിന് നട്ടെല്ലായത്. മുന്‍നിരയും വാലറ്റവും തകര്‍ന്നടിഞ്ഞപ്പോള്‍ മധ്യനിരയില്‍ ക്ഷമയോടെ പിടിച്ചുനിന്നാണ് ഇരുവരും ആതിഥേയരുടെ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ക്വീന്‍സ് പാര്‍ക്ക് ഓവലിലെ വേഗം കുറഞ്ഞ പിച്ചിന്റെ ആനുകൂല്യം മുതലെടുത്തായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍ വിന്‍ഡീസിനെതിരെ ആഞ്ഞടിച്ചത്. ഹര്‍ഭജന്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പ്രവീണ്‍കുമാര്‍, മുനാഫ് പട്ടേല്‍, സുരേഷ് റെയ്‌ന എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല