ന്യൂഡല്‍ഹി: ആപ്പിള്‍ ഐപാഡ് ഇന്ത്യന്‍ വിപണിയില്‍ എത്തി. ഇത്രയും കാലം മറ്റു രാജ്യങ്ങളെയും കരിഞ്ചന്തകളെയും ആശ്രയിച്ചിരുന്ന ഐപാഡ് പ്രേമികള്‍ക്ക് ഇനി 27,900 രൂപ മുതല്‍ 44900 രൂപ വരെ വിലയുള്ള വിവിധ മോഡലുകളില്‍ ഉല്‍പന്നം ലഭിക്കും. രാജ്യാന്തര വിപണിയില്‍ പുറത്തിറങ്ങി ഒരു വര്‍ഷത്തിനു ശേഷമാണ് ഇത് ഇന്ത്യയിലെത്തുന്നത്.
വൈഫൈ സൌകര്യം മാത്രമുള്ള ഐപാഡിന്റെ വിലയിങ്ങനെ. 16 ജിബി മെമ്മറി മോഡല്‍- 27,900രൂപ, 32 ജിബി-32,900രൂപ, 64 ജിബി-37,900രൂപ. വൈഫൈയും 3ജി സൌകര്യവുമുള്ള 16 ജിബി ഐപാഡിന് 34,900രൂപ, 32 ജിബി – 39,900രൂപ, 64 ജിബി- 44,900 രൂപ.
ഈ ആറു മോഡലുകള്‍ക്കു പുറമെ വൈകാതെ കൂടുതല്‍ മോഡലുകള്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാപ്ടോപ്പിനേക്കാളും നെറ്റ്ബുക്കിനേക്കാളും കനം കുറഞ്ഞ ആപ്പിള്‍ ഐപാഡ് 10 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ബാറ്ററി ലൈഫാണ് വാഗ്ദാനം ചെയ്യുന്നത്.
പ്രാദേശിക ലഭ്യത ഉറപ്പാക്കുന്നതോടെ, ഇൌ രംഗത്ത് ഇവിടെതങ്ങളെ പിന്നിലാക്കിയ സാംസങ് ഗ്യാലക്സി, ഒലിവ്പാഡ് എന്നിവയെ പിന്നിലാക്കാനുള്ള അവസരമാണ് ആപ്പിളിന് കൈവന്നിരിക്കുന്നത്. ഇതുവരെ 33000 രൂപയ്ക്കായിരുന്നു ഇന്ത്യയില്‍ മറ്റിടങ്ങളില്‍നിന്നെത്തുന്ന ഐപാഡിന്റെ വില.
ഐപാഡിനായി ബിഎസ്എന്‍എല്‍ പ്രത്യേക 3ജി പ്ലാനുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. 999 രൂപയ്ക്ക് പരിധിയില്ലാത്ത പ്രതിമാസ ഉപയോഗവും 599 രൂപയ്ക്ക് സൌജന്യമായി 6 ജിബി പ്രതിമാസവും(സൌജന്യ ഉപയോഗത്തിന് ശേഷം 10 കെബിക്ക് 1 പൈസ നിരക്കില്‍ ചാര്‍ജ് ഇൌടാക്കും) ദിവസ ഉപയോഗത്തിന് 99 രൂപയ്ക്കുള്ള പ്ലാനും ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നു. മറ്റു സ്വകാര്യ കമ്പനികളും വൈകാതെ തന്നെ ഐപാഡിനു മാത്രമായി പ്ലാനുകള്‍ പ്രഖ്യാപിക്കും.
ആപ്പിളിന്റെ മാക്ബുക്ക്, ഐഫോണ്‍, ഐപോഡ് എന്നീ ഉല്‍പന്നങ്ങളാണ് നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ളത്. ഐപാഡ് വിപണിയിലെത്തി ഒരു കൊല്ലത്തിനുള്ളില്‍ 1.5 കോടി യൂണിറ്റാണ് ലോകത്ത് വിറ്റഴിഞ്ഞത്. ഇന്ത്യയോടൊപ്പം ഹോങ്കോങ്ങിലും സിംഗപ്പൂരിലും ഐപാഡ് വൈകിയാണ് വിപണിയിലെത്തിയത്.
എന്നാല്‍ ഐപാഡിന്റെ ഇന്ത്യന്‍ പ്രവേശനം ടാബ്ലറ്റ് കംപ്യൂട്ടര്‍ എന്ന ഇൌ വിഭാഗത്തില്‍ മല്‍സരിക്കുന്ന കമ്പനികള്‍ക്ക് വെല്ലുവിളിയായിരിക്കയാണ്. സാംസങ് അവരുടെ ടാബായ ഗാലക്സിയുടെ വില 38,000 രൂപയില്‍ നിന്ന് 29,000 ആയി കുറച്ചു കഴിഞ്ഞു. എന്നാല്‍ ഡെല്‍ സ്ട്രീക്കിന്റെ വില കുറയ്ക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് കമ്പനി അറിയിച്ചു. സ്ട്രീക്കിന്റെ വില 34,990 രൂപയാണ്.
3 ജി സംവിധാനത്തിന്റെ വ്യാപനത്തോടെ ഇന്ത്യന്‍ ടാബ്ലെറ്റ് പിസി വിപണി അടുത്ത പാദത്തില്‍ 25,000 യൂണിറ്റാകുമെന്നാണ് കരുതുന്നത്. ഏസര്‍ വൈകാതെ തന്നെ ടാബ്ലെറ്റ് വിപണിയില്‍ അഞ്ചു പുതിയ മോഡലുകള്‍ പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വൈകാതെ തന്നെ ബ്ലാക്ക്ബെറി നിര്‍മ്മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ അവരുടെ ടാബ് പിസിയായ പ്ലേബുക്കും വിപണിയിലിറക്കും. ലോകത്തെ ഒട്ടുമിക്ക കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളും ഇക്കൊല്ലം തന്നെ ടാബ്ലറ്റുകള്‍ പുറത്തിറക്കാനൊരുങ്ങുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല