1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2018

സജീഷ് ടോം (യുക്മ പി.ആര്‍.ഒ.): യുക്മ ദേശീയ റീജിയണല്‍ കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണാര്‍ത്ഥം യുക്മ ദേശീയ കമ്മറ്റി 2017 ല്‍ അവതരിപ്പിച്ച സമ്മാന പദ്ധതിയായ ‘യുഗ്രാന്റ് ലോട്ടറി’യുടെ ഗംഭീര വിജയത്തിന്റെ പശ്ചാത്തലത്തില്‍, 2018 പ്രവര്‍ത്തന വര്‍ഷത്തിലും, മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സമ്മാനങ്ങളുമായി വീണ്ടും യുഗ്രാന്റ് ലോട്ടറി യു കെ മലയാളികള്‍ക്കിടയിലേക്ക് അവതരിപ്പിക്കുകയാണ്. കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ യുക്മ നേതാക്കളും അംഗ അസോസിയേഷന്‍ പ്രവര്‍ത്തകരും ഭാഗഭാക്കായിരുന്നതിനാല്‍ മുന്‍ നിശ്ചയിച്ചിരുന്നതില്‍നിന്നും വ്യത്യസ്തമായി, ദേശീയ കലാമേളയ്ക്ക് ശേഷം, ജനുവരി 19 ന് നടത്തുന്ന യുക്മ ഫാമിലി ഫെസ്റ്റിലായിരിക്കും യുഗ്രാന്റ് ലോട്ടറി നറുക്കെടുപ്പ് നടക്കുക.

യുഗ്രാന്റ് ലോട്ടറിയുടെ ദേശീയ തലത്തിലുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍ സമ്മാനങ്ങളാണ് ഈ വര്‍ഷം യു കെ മലയാളികളെ കാത്തിരിക്കുന്നത്. പത്തു പൗണ്ട് വിലയുള്ള ഒരു ടിക്കറ്റ് എടുക്കുന്ന വ്യക്തിക്ക് പതിനായിരത്തോളം പൗണ്ട് വിലമതിക്കുന്ന ഒരു ബ്രാന്‍ഡ് ന്യൂ ടൊയോട്ടോ ഐഗോ കാര്‍ സമ്മാനമായി നേടാന്‍ അവസരമൊരുങ്ങുന്നു എന്നതുതന്നെയാണ് യു ഗ്രാന്റ് ലോട്ടറിയുടെ ഈ വര്‍ഷത്തെ മുഖ്യ ആകര്‍ഷണം. കൂടാതെ രണ്ടാം സമ്മാനമായി പതിനാറ് ഗ്രാം സ്വര്‍ണ്ണ നാണയവും മൂന്നാം സമ്മാനമായി എട്ട് ഗ്രാം സ്വര്‍ണ്ണ നാണയവും നാലാം സമ്മാനമായി നാല് ഗ്രാം സ്വര്‍ണ്ണ നാണയവും അഞ്ചാം സമ്മാനമായി രണ്ട് ഗ്രാം സ്വര്‍ണ്ണ നാണയവും നല്‍കപ്പെടുന്നു. യു കെ യിലെ പ്രബല മലയാളി ബിസിനസ് സംരംഭകരായ അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വീസസ് ആണ് യു ഗ്രാന്റ് ലോട്ടറിയുടെ സമ്മാനങ്ങള്‍ എല്ലാം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

ലോട്ടറികളുടെ ചരിത്രത്തില്‍ ഒരുപക്ഷേ ആദ്യമായിട്ടാകും വിറ്റുവരവിന്റെ പകുതി തുക വില്‍ക്കുന്നവര്‍ക്ക് വീതിച്ചു നല്‍കുന്ന വിപുലമായ വാഗ്ദാനം നടപ്പിലാക്കുന്നത്. യു ഗ്രാന്റ് ലോട്ടറിയിലൂടെ വില്‍ക്കുന്ന ടിക്കറ്റുകളുടെ മൊത്തം വിറ്റുവരവിന്റെ അമ്പതു ശതമാനം പ്രസ്തുത റീജിയണും അസോസിയേഷനുകള്‍ക്കുമായി വീതിച്ചു നല്‍കുകയാണ് യുക്മ. റീജിയണല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വരുമാനം കണ്ടെത്താനാവാതെ പ്രതിസന്ധിയിലാവുന്ന യുക്മ റീജിയണല്‍ നേതൃത്വങ്ങള്‍ക്ക് ഇതൊരു വലിയ ആശ്വാസമാകുമെന്നതില്‍ സംശയമില്ല. ഒപ്പം യുക്മയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്തുവാന്‍ യുക്മ അംഗഅസ്സോസിയേഷനുകള്‍ക്കും യു ഗ്രാന്റ് ലോട്ടറി നല്ലൊരു സ്രോതസ്സാണ്. ഈ കാരണങ്ങള്‍കൊണ്ടുതന്നെയാണ്, റീജിയണല്‍ അസോസിയേഷന്‍ ഭാരവാഹികളും പ്രവര്‍ത്തകരും കൃത്യമായ തയ്യാറെടുപ്പുകളോടെ യു ഗ്രാന്റ് ലോട്ടറി വില്‍പ്പനയുമായി ഈ വര്‍ഷവും സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്. സമ്മാനങ്ങളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവ് യു കെ മലയാളികള്‍ക്കിടയില്‍ യുഗ്രാന്റ് ലോട്ടറിക്ക് ഈ വര്‍ഷം കൂടുതല്‍ സ്വീകാര്യതയുണ്ടാക്കും എന്നതില്‍ സംശയമില്ല.

യുക്മ ദേശീയ റീജിയണല്‍ പരിപാടികള്‍ക്ക് പൂര്‍ണ്ണമായി സ്‌പോണ്‍സര്‍മാരെ ആശ്രയിക്കുന്ന നിലവിലുള്ള രീതിക്ക് ഭാഗീകമായെങ്കിലും ഒരു മാറ്റം കുറിക്കാന്‍ യു ഗ്രാന്റ് ലോട്ടറിയിലൂടെ സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് പറഞ്ഞു. ഒപ്പം യു കെ മലയാളികള്‍ക്കിടയില്‍ വലിയൊരു ഭാഗ്യശാലിയെ കണ്ടെത്തുവാനുള്ള അസുലഭ അവസരമാണ് യു ഗ്രാന്റ് ലോട്ടറിയുടെ യുക്മ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഷെഫീല്‍ഡില്‍ നിന്നുമുള്ള സിബി മാനുവല്‍ ആയിരുന്നു യുഗ്രാന്റ് ലോട്ടറി ഒന്നാം സമ്മാനമായ ബ്രാന്‍ഡ് ന്യൂ വോള്‍ക്‌സ്‌വാഗണ്‍ പോളോ കാര്‍ സമ്മാനമായി നേടിയത്.

യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ദേശീയ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്, യു ഗ്രാന്റിന്റെ ചുമതലയുള്ള ദേശീയ ട്രഷറര്‍ അലക്‌സ് വര്‍ഗീസ്, റീജിയണല്‍ പ്രസിഡന്റുമാര്‍, ദേശീയ റീജിയണല്‍ ഭാരവാഹികള്‍ തുടങ്ങിയവരടങ്ങുന്ന സമിതി പദ്ധതിയുടെ പുരോഗതി വിലയിരുത്തി വരുന്നു. യു ഗ്രാന്റ് ലോട്ടറിയുടെ മൊത്തം വിറ്റുവരവിന്റെ പത്തു ശതമാനം യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയായിരിക്കും വിനിയോഗിക്കുക. പദ്ധതിയുടെ ആദ്യ ഘട്ട വില്‍പ്പന ഒക്‌റ്റോബര്‍ അവസാനം യുക്മ റീജിയണല്‍ദേശീയ കലാമേളകളോടെ അവസാനിപ്പിക്കുവാനാണ് യുക്മ നേതൃത്വം ആലോചിക്കുന്നത്. അംഗ അസോസിയേഷനുകളുടെ ക്രിസ്മസ്പുതുവര്‍ഷാഘോഷങ്ങളോടെ മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 2019 ജനുവരി 19 ശനിയാഴ്ച മാഞ്ചസ്റ്ററില്‍ നടക്കുന്ന യുക്മ നാഷണല്‍ ഫാമിലി ഫെസ്റ്റില്‍ വച്ചായിരിക്കും യുഗ്രാന്റ് ലോട്ടറി വിജയികളെ നറുക്കെടുപ്പിലൂടെ പ്രഖ്യാപിക്കുക.

നവംബര്‍ മാസം യുഗ്രാന്റ് നറുക്കെടുപ്പ് നടത്താനായിരുന്നു ദേശീയ കമ്മറ്റിയുടെ മുന്‍ തീരുമാനം. കേരളത്തിലെ പ്രളയ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ പ്രവാസി സമൂഹം ഒറ്റക്കെട്ടായി മുന്നേറിയ നാളുകളില്‍, ടിക്കറ്റ് വില്പന പോലുള്ള കാര്യങ്ങളില്‍ ഇടപെടാനാവാത്തവിധം യുക്മ പ്രവര്‍ത്തകര്‍ പിറന്ന നാടിനുവേണ്ടി തങ്ങളാലാവുംവിധം പ്രവര്‍ത്തിക്കുകയായിരുന്നു. ആ സാഹചര്യത്തിലാണ് യുക്മ ഫാമിലി ഫെസ്റ്റും യുഗ്രാന്റ് നറുക്കെടുപ്പും ദേശീയ കലാമേളയ്ക്ക് ശേഷം, ജനുവരിയില്‍ നടത്തുവാന്‍ ദേശീയ നിര്‍വാഹക സമിതി യോഗം തീരുമാനിച്ചത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.