അനീഷ് ജോണ്‍ യുക്മ പി.ആര്‍.ഒ: യു.കെയിലെ മലയാളികള്‍ ആവേശപൂര്‍വം കാത്തിരിക്കുന്ന വള്ളംകളിയുടെ ഹീറ്റ്‌സ് മത്സരങ്ങളില്‍ തന്നെ പോരാട്ടം കടുത്തതാവും. ജൂലൈ 29 ശനിയാഴ്ച്ച വാര്‍വിക്ഷെയറിലുള്ള റഗ്ബി ഡ്രേക്കോട്ട് വാട്ടര്‍ തടാകത്തിലാണ് വള്ളംകളി അരങ്ങേറുന്നത്. വള്ളംകളി മത്സരം ആദ്യമായി നടക്കുന്നത് കൊണ്ട് തന്നെ ഏത് ടീമാണ് കരുത്തന്മാരെന്നുള്ളത് ആകാംഷാപൂര്‍വം കാത്തിരിക്കുകയാണ് വള്ളംകളി പ്രേമികളായ ഏവരും. ഒന്നാം ഹീറ്റ്‌സില്‍ മത്സരിക്കുന്ന വെള്ളംകുളങ്ങര, തിരുവാര്‍പ്പ്, കുമരങ്കരി, നടുഭാഗം എന്നീ ടീമുകളെല്ലാം ഒന്നിലധികം മികവുറ്റവയാണ്. നറുക്കെടുപ്പിലൂടെയാണ് ഹീറ്റ്‌സ് മത്സരങ്ങളില്‍ പോരാടുന്ന ടീമുകളെ തെരഞ്ഞെടുത്തത്. ആകെ മത്സരിക്കുന്നതിനുള്ള 22 ടീമുകള്‍ ആറ് ഹീറ്റ്‌സുകളിലായിട്ടാണ് ആദ്യ റൗണ്ടില്‍ മാറ്റുരയ്ക്കുന്നത്.
ആദ്യറൗണ്ട് ഹീറ്റ്‌സ് മത്സരങ്ങള്‍ നോക്കൗട്ട് രീതിയിലാണെന്നുള്ളത് പോരാട്ടത്തിന്റെ വീറും വാശിയും വര്‍ദ്ധിപ്പിക്കും. ആറ് ഹീറ്റ്‌സ് മത്സരങ്ങളിലും അവസാന സ്ഥാനങ്ങളില്‍ എത്തുന്നവര്‍ ഈ വള്ളംകളി മത്സരത്തില്‍ നിന്നും പുറത്താവും. മറ്റ് ടീമുകള്‍ സെമി ഫൈനലിലേയ്ക്ക് പ്രവേശിക്കുകയും ചെയ്യും. ആദ്യ റൗണ്ടില്‍ തന്നെ വിജയം നേടി സെമി ഫൈനല്‍ സ്ഥാനം ഉറപ്പാക്കണമെന്ന വാശിയിലാണ് എല്ലാ ടീമുകളും.
നെഹ്‌റു ട്രോഫിയില്‍ വിജയികളായ പാരമ്പര്യമുള്ള വെള്ളംകുളങ്ങര എന്ന മഹത്തായ പാരമ്പര്യമുള്ള പേരിലുള്ള വള്ളം തുഴയുന്നത് യുണൈറ്റഡ് ബോട്ട് ക്ലബ്, ആന്റോവര്‍, സൗത്ത് വെസ്റ്റ് ആണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യുക്മ ദേശീയ കായികമേളയിലെ വ്യക്തിഗത ചാമ്പ്യന്‍ കൂടിയായ എം.പി പത്മരാജ് ആണ് ടീം ക്യാപ്റ്റന്‍. സൗത്ത് വെസ്റ്റ് റീജണിലെ കരുത്തരായ യുവാക്കളുടെ ടീം എന്ന നിലയില്‍ മറ്റ് ടീമുകള്‍ക്ക് ശക്തമായ വെല്ലുവിളിയുയര്‍ത്തുവാന്‍ വെള്ളംകുളങ്ങരയ്ക്ക് സാധിക്കുമെന്നുള്ളതിന് സംശയമില്ല.
വള്ളംകളി മത്സരം അരങ്ങേറുന്ന റഗ്ബിയ്ക് തൊട്ടടുത്തുള്ള കൗണ്ടിയായ ഓക്‌സ്‌ഫോര്‍ഡ്‌ചെയറില്‍ നിന്നുമാണ് തിരുവാര്‍പ്പ് വള്ളം തുഴയുന്നതിനായി സിബി കുര്യാക്കോസിന്റെ നേതൃത്വത്തില്‍ ടൈഗേഴ്‌സ് ബോട്ട് ക്ലബ്, ഓക്‌സ്‌ഫോര്‍ഡ് എത്തിച്ചേരുന്നത്. ഓക്‌സ്‌ഫോര്‍ഡ്, ബാന്‍ബറി എന്നിവിടങ്ങളില്‍ നിന്നുള്ള മലയാളികളുടെ കൂട്ടായ്മയാണ് ഈ ടീമിന് കരുത്ത് പകര്‍ന്ന് അണിചേരുന്നത്.
പ്രശസ്തമായ കുമരങ്കരിയുടെ പേരിലുള്ള വള്ളം തുഴയുവാനെത്തുന്നത് പോരാട്ടവീര്യമേറെയുള്ള ഇപ്‌സ്വിച്ച് ബോട്ട് ക്ലബിന്റെ ചുണക്കുട്ടികളാണ്. യുക്മ ദേശീയ കലാമേളയിലും ഈസ്റ്റ് ആംഗ്ലിയ റീജണല്‍ കലാമേളകളിലുമെല്ലാം കരുത്തുറ്റ പ്രകടനം കാഴ്ച്ച വച്ചിട്ടുള്ളതാണ് ഐ.എം.എ ഇപ്‌സ്വിച്ച്. ടീം വര്‍ക്കിന്റെ കാര്യത്തില്‍ യു.കെയിലെ ഏത് ആസോസിയേഷനോടും കിടപിടിയ്ക്കുന്ന ഐ.എം.എയുടെ ചുണക്കുട്ടികളാണ് ഷിബി വിറ്റസിന്റെ നേതൃത്വത്തിലുള്ള ഇപ്‌സ്വിച്ചിന്റെ കരുത്ത്.
വള്ളംകളിയില്‍ പരിചയസമ്പന്നനായ കുട്ടനാട്ട് സ്വദേശി കൂടിയായ രാജു ചാക്കോയുടെ നേതൃത്വത്തിലാണ് നടുഭാഗം വള്ളത്തില്‍ ട്രോഫി സ്വന്തമാക്കുമെന്ന വാശിയോടെ ഷെഫീല്‍ഡ് ബോട്ട് ക്ലബ് പോരാട്ടത്തിനെത്തുന്നത്. യോര്‍ക്ക്‌ഷെയറിലെ ഏറ്റവും കരുത്തുറ്റ അസോസിയേഷനായ ഷെഫീല്‍ഡ് എസ്.കെ.സി.എയില്‍ നിന്നുള്ള കരുത്തന്മാരാണ് നടുഭാഗത്തിന്റെ പോരാട്ടവീര്യത്തിന് ചാമ്പ്യന്‍ പട്ടം നേടാനാകുമെന്ന പ്രതീക്ഷയേകുന്നത്.
ബോട്ടിങ്, കുട്ടികള്‍ക്ക് പ്ലേ ഏരിയ, ലൈവ് സ്റ്റേജ് പ്രോഗ്രാം, 2000 കാര്‍ പാര്‍ക്കിങ്, ഭക്ഷണ കൗണ്ടറുകള്‍, സൈക്ലിങ് നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെ 650 ഏക്കര്‍ പാര്‍ക്കില്‍ വള്ളംകളി മത്സരത്തിനൊപ്പം ഒരു ഫാമിലി ഫണ്‍ ഡേ എന്ന നിലയില്‍ മലയാളി കുടുംബങ്ങള്‍ക്ക് ആസ്വദിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
പരിപാടിയുടെ വിശദ വിവരങ്ങള്‍ക്ക്; മാമ്മന്‍ ഫിലിപ്പ് (ചെയര്‍മാന്‍): 07885467034, സ്‌പോണ്‍സര്‍ഷിപ്പ് വിവരങ്ങള്‍ക്ക്; റോജിമോന്‍ വര്‍ഗ്ഗീസ് (ചീഫ് ഓര്‍ഗനൈസര്‍): 07883068181 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല