യുകെ യിലെ പ്രമുഖ ആശുപത്രികളും എൻ. എച്ച്. എസും തമ്മിലുള്ള വാർഷിക ബജറ്റ് ഉടമ്പടി തർക്കത്തിലാകുന്നു. എൻ. എച്ച്. എസ് ആശുപത്രികൾക്കു നൽകേണ്ട തുകയിൽ 1.7 ബില്യൺ പൗണ്ട് വെട്ടിക്കുറച്ചതാണ് ആശുപത്രികളെ പ്രകോപിപ്പിച്ചത്.
എൻ. എച്ച്. എസിന്റെ ചെലവു കുറക്കൽ തന്ത്രങ്ങൾ രോഗികളുടെ സുരക്ഷയെ ബാധിക്കുന്ന നിലയിലേക്ക് എത്തിയെന്ന് ആശുപത്രികളുടെ പ്രതിനിധികൾ പറഞ്ഞു. തുടർച്ചയായ അഞ്ചാം വർഷമാണ് എൻ. എച്ച്. എസ് ചെലവുകൾ വെട്ടിക്കുറക്കുന്നതെന്നും ഈ സാഹചര്യത്തിൽ രോഗികൾക്ക് ഫലപ്രദമായ ചികിത്സ നകുന്നത് അസാധ്യമാണെന്നും ആശുപ്രതി അധികാരികൾ അഭിപ്രായപ്പെട്ടു.
ആശുപത്രികൾ നൽകുന്ന സേവനത്തിന് ആനുപാതികമായ തുക എൻ. എച്ച്. എസ് നൽകിയില്ലെങ്കിൽ നൽകുന്ന തുകക്കുള്ള സേവനം നൽകുന്നതിലേക്ക് പ്രവർത്തനം ചുരുക്കാൻ ആശുപത്രികൾ നിർബന്ധിതരാകും. രോഗികൾക്ക് ഫലപ്രദമായ ചികിത്സയോ പരിചരണമോ ലഭിക്കില്ലെന്നും യുകെയിലെ 94% ആശുപത്രികളുടെ കൂട്ടായ്മയായ എൻ. എച്ച്. എസ് പ്രൊവൈഡേർസിന്റെ മേധാവി ക്രിസ് ഹോപ്സൺ പറഞ്ഞു.
യുകെയിലെ 80% ത്തോളം ആശുപത്രി ട്രസ്റ്റുകൾ നടപ്പു സാമ്പത്തിക വർഷത്തിൽ നഷ്ടത്തിലാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ആശുപത്രികളിലെ തിരക്കു കുറക്കാനായി രോഗികളെ വീട്ടിൽ പാർപ്പിച്ച് ചികിൽസിക്കുന്ന പദ്ധതിയായ ബെറ്റർ കെയർ ഫണ്ട് മൂലം ആശുപത്രികൾ 1.9 ബില്യൺ പൗണ്ടിന്റെ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് പുതിയ പ്രതിസന്ധി.
എന്നാൽ കൂടുതൽ ബജറ്റ് വിഹിതം വേണമെന്ന ആശുപത്രികളുടെ ആവശ്യത്തിനു വഴങ്ങിയാൽ ജി.പി. സേവനങ്ങൾ, അപകട, അത്യാഹിത യൂണിറ്റുകൾ, മാനസികാരോഗ്യ മേഖല, ആംബുലൻസ് എന്നിവക്ക് മാറ്റി വക്കുന്ന വിഹിതത്തെ ബാധിക്കുമെന്ന് എൻ. എച്ച്. എസ് ഇംഗ്ലണ്ട് മുന്നറിയിപ്പു നൽകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല