ലണ്ടന്‍: കുടുംബജീവിതം നയിക്കാനുള്ള അവകാശത്തിന്റെ പേരും പറഞ്ഞ് യുകെയില്‍ 100ലധികം വിദേശ ക്രിമിനലുകള്‍ താമസിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ കണ്വന്ഷന് ഓണ്‍ ഹ്യൂമണ്‍ റൈറ്റ്സിലെ ആര്‍ട്ടിക്കില്‍ എട്ട് പ്രകാരം ഇവര്‍ക്ക് കുടുംബജീവിതം നയിക്കാനുള്ള അവകാശമുണ്ട്. അതിനാല്‍ ഇവര്‍ നാടുകടത്തലില്‍ നിന്നും രക്ഷനേടുന്നു.
ഇവരില്‍ ക്രിമിനലുകളും ഇവിടെ താമസിക്കാന്‍ യാതൊരു അവകാശവുമില്ലാത്ത അനധികൃത കുടിയേറ്റക്കാരും ഉള്‍പ്പെടും. ആര്‍ട്ടിക്കിള്‍ എട്ടിനു പുറമേ ആര്‍ട്ടിക്കില്‍ മൂന്നും കുറ്റവാളികളെ പുറത്താക്കുന്നതില്‍ നിന്നും ബ്രിട്ടീഷ് അധികാരികളെ വിലക്കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ മൂന്ന് പ്രകാരം തങ്ങളുടെ രാജ്യത്തേക്ക് തിരിച്ചയച്ചാല്‍ അവിടെ പീഡനങ്ങളും ശകാരങ്ങളും നേരിടേണ്ടിവരുമെന്ന് പരാതിപ്പെടുന്നവര്‍ക്ക് യു.കെയില്‍ കഴിയാന്‍ ്അനുമതി നല്‍കണമെന്നാണ്.
ഹ്യൂമണ്‍ റൈറ്റ്സ് ആക്ട് നിലവില്‍ വരുന്നതിന് മുമ്പ് ഒരു ക്രിമിനലുകളും രാജ്യം വിട്ടുകളയാനുള്ള തീരുമാനത്തെ ചോദ്യം ചെയ്തിരുന്നില്ലെന്ന് കണ്‍സര്‍വ്വേറ്റീവ് എം.പി ഡൊമാനിക് റാബ് പറയുന്നു. ഈ നിയമങ്ങള്‍ മാറ്റേണ്ട കാലം കഴിഞ്ഞിരിക്കുന്നു. സാമാന്യബുദ്ധിക്കും പൊതുജനങ്ങളുടെ ആത്മവിശ്വാസത്തിനും അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനുമാണ് നമ്മള് പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
2010ല്‍ നാടുകടത്തലിനെതിരെ 233 അപ്പിലുകളാണ് വന്നിട്ടുള്ളത്. ഇതില്‍ 149 അപ്പീലുകള്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ 102 എണ്ണം എട്ടാം ആര്‍ട്ടിക്കിള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അപ്പീല്‍ നല്‍കിയത്. ഇതില്‍ 35 എണ്ണം ആര്‍ട്ടിക്കിള്‍ 3 പ്രകാരം സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയാലുണ്ടാവുന്ന പീഡനങ്ങളില്‍ നിന്നും, ശകാരങ്ങളിലും നിന്നും സംരക്ഷണം ആവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കിയത്. മറ്റുള്ളവര്‍ ഈ രണ്ട് ആര്ട്ടിക്കിളുകളുടേയും പരിരക്ഷ ആവശ്യപ്പെടുകയായിരുന്നു.
വിദേശ കുറ്റവാളികള്‍ നാടുകടത്തപ്പെടുന്നതില്‍ നിന്നും രക്ഷപ്പെടാനുള്ള പ്രധാനകാരണം ആര്‍ട്ടിക്കിള്‍ എട്ട് ആണെന്നാണ് എച്ച്.എം കോര്‍ട്ട് സര്‍വ്വീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇവിടെ താമസിക്കുന്ന കുറ്റവാളികളില്‍ ഒരാള്‍ കൊള്ളക്കാരനും മയക്കുമരുന്നു വ്യാപാരം നടത്തുന്നയാളും കാമുകിയെ തല്ലിച്ചതച്ചവനുമാണ്. ശ്രീലങ്കക്കാരനായ മറ്റൊരുവന് കൊള്ളക്കാരനാണ്. ലണ്ടനില്‍ അയാള്‍ക്കൊരു കാമുകിയുണ്ട് എന്നതിനാല്‍ അയാളെ ഇവിടെ നിന്നും തിരിച്ചയക്കാന്‍ കഴിയുന്നില്ല. തന്റെ രാജ്യത്തെ ജനങ്ങള്‍ ആക്രമിക്കുമെന്ന കാരണം പറഞ്ഞ് ഒര് ഇറാഖി കൊലയാളിയും ഇവിടെ കഴിയുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല