ജോണ്‍സണ്‍ ജോസഫ്: സീറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജിയന്‍ കണ്‍വെന്‍ഷന്‍ 2017 ജൂണ്‍ 17, 18 തീയ്യതികളില്‍ ലിവര്‍പൂളില്‍. രണ്ട് ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന കണ്‍വെന്‍ഷനില്‍ സീറോ മലങ്കര സഭയുടെ തലവനും പിതാവുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യാതിഥിയായിരിക്കും. കര്‍ദ്ദിനാളിനൊപ്പം ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം, സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തുടങ്ങിയവരും സംബന്ധിക്കും.
ഈസ്റ്റ് ലണ്ടന്‍, വെസ്റ്റ് ലണ്ടന്‍, ക്രോയിഡന്‍, ആഷ്‌ഫോര്‍ഡ്, സൗത്താംപ്ടന്‍, ലൂട്ടന്‍, കവന്‍ട്രി, മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, ഷെഫീല്‍ഡ്, നോട്ടിംങ്ങാം, ഗ്ലോസ്റ്റര്‍, ബ്രിസ്റ്റോള്‍, ഗ്ലാസ്‌കോ എന്നീ പതിനാല് മിഷനുകളാണ് സഭയ്ക്ക് യുകെയില്‍ നിലവിലുള്ളത്. ഫാ.തോമസ് മടുക്കുംമൂട്ടില്‍ നാഷണല്‍ കോഡിനേറ്ററായും, ഫാ.രഞ്ജിത്ത് മഠത്തിറമ്പില്‍ ചാപ്ലയിനായും സേവനമനുഷ്ടിക്കുന്നു.
യുകെയിലുള്ള മുഴുവന്‍ സീറോ മലങ്കര കുടുംബങ്ങളേയും പങ്കെടുപ്പിച്ച് കൊണ്ട് ക്രമീകരിച്ചിരിക്കുന്ന കണ്‍വെന്‍ഷന്‍ ‘കുടുംബം സഭയിലും സമൂഹത്തിലും ‘ എന്ന വിഷയത്തെ സംബന്ധിച്ച് പഠനവിധേയമാക്കും. ആദ്യ ദിനത്തില്‍ കാതോലിക്കാ പതാക ഉയര്‍ത്തുന്നതോടെ കണ്‍വെന്‍ഷന് തുടക്കം കുറിക്കും. തുടര്‍ന്ന് വിവിധ സെമിനാറുകള്‍ ക്രമീകരിച്ചിരിക്കുന്നു. മാതാപിതാക്കള്‍ക്കായുള്ള സെമിനാറിന് കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവ നേതൃത്വം നല്കും. യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായുള്ള സെമിനാറുകള്‍ക്ക് സെഹിയോന്‍ മിനിസ്ട്രി ടീം നേതൃത്വം നല്കും. നാഷണല്‍ ബൈബിള്‍ ക്വിസ്, പാനല്‍ ചര്‍ച്ച, ദിവ്യകാരുണ്യ ആരാധന എന്നിവയും തുടര്‍ന്ന് നടക്കും. മ്യൂസിക്കല്‍ വെര്‍ഷിപ്പിന് കെയ്‌റോസ് മിനിസ്ട്രി ടീം അംഗങ്ങളായ ബ്ര. റെജി കൊട്ടാരവും പീറ്റര്‍ ചേരാനല്ലൂരും നേതൃത്വം നല്കും. വിവിധ മിഷന്‍ കേന്ദ്രങ്ങളിലെ കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളോടെ ആദ്യ ദിവസത്തെ പരിപാടികള്‍ പൂര്‍ണ്ണമാകും.
പതിനെട്ടിന് രാവിലെ ഒന്‍പത് മണിക്ക് പ്രേഷിത റാലിയോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് അഭിവന്ദ്യ കര്‍ദ്ദിനാളിനും പിതാക്കന്‍മാര്‍ക്കും സ്വീകരണം നല്കും. അതേ തുടര്‍ന്ന് അര്‍പ്പിക്കുന്ന വി.കുര്‍ബാനയ്ക്ക് കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യകാര്‍മ്മികത്വം വഹിക്കും. ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം, ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മറ്റ് വൈദികരും സഹകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് സമാപന സമ്മേളനത്തോടെ രണ്ട് ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന നാഷണല്‍ കണ്‍വെന്‍ഷന് സമാപനം കുറിക്കും.
ലിവര്‍പൂളിലെ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പ്രത്യേകം തയാറാക്കിയ വേദിയിലാണ് രണ്ട് ദിവസത്തെ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. അയര്‍ലണ്ട്, വിയന്ന എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. മലങ്കര കത്തോലിക്കാ സഭാ യുകെ കോഡിനേറ്റര്‍ റവ.ഫാ.തോമസ് മടുക്കമൂട്ടിലിന്റേയും ചാപ്ലയിന്‍ റവ.ഫാ.രഞ്ജിത്ത് മഠത്തിറമ്പിലിന്റേയും നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ കണ്‍വെന്‍ഷനു വേണ്ടിയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.
കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം:
BROADGREEN lNTERNATIONAL SCHOOL,
HELlERS ROAD,
LIVERP00L,
L13 4DH.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല