അനീഷ് ജോണ്‍: ചരിത്രമെഴുതിയ യുക്മ നാഷണല്‍ കലാമേളക്ക് ഇക്കുറി അരങ്ങൊരുക്കുന്നത് ഈസ്റ്റ് ആംഗ്ലിയയിലെ ഹംടിംഗ്ടണ്‍
യു കെ യിലെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന്റെ ചരിത്രത്തിലെ മായ്ക്കാനാവാത്ത നാഴികക്കല്ലുകലാണ് കഴിഞ്ഞ ഓരോ യുക്മ കലാമേളകളും. വിവിധ റീജിയനുകളില്‍ ആയി മാറ്റുരച്ച കലാകാരന്മാരും കലാകാരികളും പിറന്ന നാടിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ അഹങ്കാരമായ കലാ സാംസ്‌കാരിക പരിപാടികള്‍ നിറഞ്ഞ സദസ്സിനും പരിചയ സമ്പന്നരായ വിധികര്‍ത്താക്കളുടെയും മുമ്പില്‍ അവതരിപ്പിച്ച് യോഗ്യത നേടിയാണ് യുക്മ നാഷണല്‍ കലാമേള വേദിയില്‍ എത്തുന്നത്. യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് യോഗ്യത നേടിയവര്‍ ഒത്തുചേരുന്ന ഈ മഹാ മേളക്ക് ഇക്കുറി അരങ്ങൊരുക്കുന്നത് യുക്മ ഈസ്റ്റ് ആംഗ്ലിയ രീജിയനിലെ ഹംടിംഗ്ടണ്‍ ആണ്. യു കെ യിലെ നാനാ ഭാഗത്ത് നിന്നുമുള്ള മത്സരാര്‍ത്ഥികള്‍ക്കും ആസ്വാദകര്‍ക്കും എത്തിച്ചേരുന്നതിന് മിഡ്‌ലാന്‍ഡ്‌സ് പോലെ തന്നെ സൗകര്യപ്രദമായ ഒരു പ്രദേശമെന്ന രീതിയില്‍ ആണ് യുക്മ നാഷണല്‍ പ്രസിഡണ്ട് അഡ്വ ഫ്രാന്‍സീസ് മാത്യു കവളക്കാട്ടിലും,യുക്മ നാഷണല്‍ സെക്രട്ടറി സജീഷ് ടോമും യുക്മ വൈസ് പ്രസിഡ ണ്ടും നാഷണല്‍ കലാമേള കമ്മിറ്റി ജെനറല്‍ കണ്‍വീനറുമായ മാമന്‍ ഫിലിപ്പും ചേര്‍ന്ന് കേംബ്രിഡ്ജിനടുത്തുള്ള ഹംടിംഗ്ടണിലെ അറുപതാം വാര്‍ഷിക ആഘോഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന സെന്റ് ഐവോ സ്‌കൂള്‍ അങ്കണം ഈ വര്‍ഷത്തെ യുക്മ നാഷണല്‍ കലാമേള വേദിയായി തിരഞ്ഞെടുത്തത്. ഈയിടെ അന്തരിച്ച മഹാനായ തെന്നിന്ത്യന്‍ സംഗീതജ്ഞന്‍ എം എസ് വിശ്വനാഥന്റെ പേരില്‍ നാമധേയം ചെയ്തിട്ടുള്ള യുക്മ നാഷണല്‍ കലാമേള വേദിയില്‍ അരങ്ങുണരുവാന്‍ ഇനിയും ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം ബാക്കി.
പ്രധാനപ്പെട്ട യുക്മ രീജിയനുകളില്‍ എല്ലാം നടന്ന റീജിയണല്‍ കലാമേളകളിലെ വിജയികള്‍ മാത്രം മാറ്റുരക്കുന്ന എം എസ് വി നഗര്‍ എന്ന് നാമധേയം ചെയ്തിട്ടുള്ള യുക്മ നാഷണല്‍ കലാമേള അങ്കണത്തില്‍ നവംബര്‍ 21ന് എത്തിച്ചേരുന്ന മത്സരാര്‍ത്ഥികള്‍ക്കും ആസ്വാദകര്‍ക്കും വേണ്ട എല്ലാ സൗകര്യങ്ങളും തികഞ്ഞ ഇടമാണ് ഹംടിംഗ്ടണിലെ സെന്റ് ഐവോ സ്‌കൂള്‍ അങ്കണം. പോരാത്തതിന് തൊട്ടടുത്തുള്ള ലെഷര്‍ സെന്റര്‍ കൂടി കലാമേള വേദിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സൗകര്യങ്ങളുടെ കാര്യത്തില്‍ പൂര്‍ണ്ണതയായി. 600 കലാകാരന്മാര്‍ വിവിധ ഇനങ്ങളിലായി മാറ്റുരക്കുമെന്നു പ്രതീക്ഷിക്കുന്ന യുക്മ നാഷണല്‍ കലാമേള മുന്‍ വര്ശങ്ങളെ അപേക്ഷിച്ച് പരമാവധി നേരത്തെ പരിസമാപ്തിയില്‍ എത്തിക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും മാമ്മന്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. മത്സരങ്ങള്‍ നിയന്ത്രിക്കുന്ന വിധികര്‍ത്താക്കളെയും, നേരത്തെ മത്സരത്തിന് എത്തിച്ചേരാവുന്ന മല്‍സരാര്‍ത്ഥികളെയും ചേര്‍ത്ത് പരമാവധി നേരത്തെ തന്നെ മത്സരങ്ങള്‍ തുടങ്ങാനാണ് തീരുമാനം.
നാല് സ്റ്റേജുകളിലായി നടക്കുന്ന മത്സരങ്ങള്‍ ക്രമീകരിക്കുന്നതിനും വിധി നിര്‍ണ്ണയങ്ങള്‍ യഥാസമയം ചെയ്യുന്നതിനും വേണ്ട ക്രമീകരണങ്ങള്‍ ഉറപ്പു വരുത്തിക്കഴിഞ്ഞു എന്നും വൈകുന്നേരം 8 മണിയോടെ കലാമേളക്ക് പരിസമാപ്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജെനറല്‍ കണ്‍വീനര്‍ അറിയിച്ചു. മുന്നൂറോളം വാഹനങ്ങള്‍ക്ക് സ്‌കൂള്‍ പരിസരത്തായും, അധികം വരുന്ന ആസ്വാദകര്‍ക്ക് ലെഷര്‍ സെന്ററിലും പാര്‍ക്കിംഗ് സൌകര്യമുണ്ട്.8 ഗ്രീന്‍ റൂമുകളും, 6 അധിക മുറികളും ആവശ്യാനുസരണം ഇവിടെ ലഭ്യമായിരിക്കും.
ഓരോ റീജിയനുകള്‍ക്ക് പൊതുവായി ആയിരിക്കും ഗ്രീന്‍ റൂമുകളും അനുബന്ധ മുറികളും നല്‍കുന്നത്.എന്നാല്‍ വിലപിടിപ്പുള്ള സ്വകാര്യ സാധനങ്ങളും മത്സരത്തിന് ഉപയോഗിക്കുന്ന കോസ്ട്യൂമുകളും സൂക്ഷിക്കേണ്ട പൂര്‍ണ്ണ ഉത്തരവാദിത്തം അതാതിന്റെ ഉടമസ്ഥരുടെ മാത്രമായിരിക്കും.
വന്നു ചേരുന്ന എല്ലാവര്‍ക്കും പ്രാഥമിക സൌകര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് വേണ്ട സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. രുചികരമായ നാടന്‍ ഭക്ഷണം മിതമായ വിലക്ക് ലഭിക്കുന്ന റസ്‌ടോറണ്ട്കളും ഇവിടെ ലഭ്യമായിരിക്കും. കൃത്യമായി സ്‌ടേജ് വിവരങ്ങളും, നടക്കാന്‍ പോകുന്ന മത്സരങ്ങളും എല്ലാവര്‍ക്കും ലഭ്യമാകുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്. ഏവര്‍ക്കും പ്രാപ്യമാകുന്ന രീതിയില്‍ വോളണ്ടിയര്‍ മാരുടെ സേവനവും, ഫസ്റ്റ് എയിഡ് ബൂത്തും കലാമേള അങ്കണത്തില്‍ ഉണ്ടായിരിക്കും.
നവംബര്‍ എട്ടാം തീയതി നടന്ന യുക്മ നാഷണല്‍ കമ്മിറ്റി യോഗത്തിനു ശേഷം നടന്ന നാഷണല്‍ കലാമേള കൂടിയാലോചനായോഗത്തില്‍ പരമാവധി അംഗങ്ങള്‍ പങ്കെടുത്തു എന്നും കലാമേള ആഘോഷ കമ്മിറ്റിയെ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും യുക്മ നാഷണല്‍ പ്രസിടന്ട് ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍ അറിയിച്ചു.
യുക്മ നാഷണല്‍ കലാമേളയിലെ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ഈസ്റ്റ് ആംഗ്ലിയ റീജിയനാണ് ഇത്തവണത്തെ യുക്മ നാഷണല്‍ കലാമേളക്ക് ആതിഥ്യമരുളുന്നത്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ഇപ്‌സ്വിച് മലയാളി അസോസിയേഷനും. മുന്‍ വര്‍ഷത്തെ ചാമ്പ്യന്മാരായ ബാസില്‍ടന്‍ മലയാളി അസോസിയേഷനും, ഈ വര്‍ഷത്തെ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ ചാമ്പ്യന്മാരായ കേംബ്രിഡ്ജ് മലയാളി അസോസിയേഷനും പൂര്‍ണ്ണ തയ്യാറെടുപ്പോടെ എത്തിച്ചേരുന്ന ആറാമത് യുക്മ നാഷണല്‍ കലാമേള ഓര്‍മ്മച്ചെപ്പിനുള്ളില്‍ എക്കാലവും സൂക്ഷിക്കാനുള്ള നിമിഷങ്ങള്‍ ആസ്വാദകര്‍ക്ക് നല്‍കുമെന്നതില്‍ തര്‍ക്കമില്ല. നവംബര്‍ 21ന് നടക്കുന്ന യുക്മ നാഷണല്‍ കലാമേളയിലേക്ക് യു കെ യിലെ മുഴുവന്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ആതിഥേയരായ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ കമ്മിറ്റി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല