ഗ്ലോസ്റെര്‍ : ഒക്ടോബര്‍ 31 ശനിയാഴ്ച ഗ്ലോസ്റെറില്‍ നടന്ന സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേള വന്‍ വിജയമായി. ഗ്ലോസ്റെര്‍ മലയാളി അസോസിയേഷന് ആതിഥേയത്വം വഹിച്ച കലാമേളക്ക് ഗ്ലോസ്റെറിലെ പ്രമുഖ സ്കൂളായ ദി ക്രിപ്റ്റ് സ്കൂളാണ് വേദിയായത്. രാവിലെ 9.00ഓടെ ആരംഭിച്ച രജിസ്ട്രെഷന് ശേഷം ആരംഭിച്ച ഉത്ഘാടന സമ്മേളനത്തിനു മുന്നോടിയായി ഗ്ലോസ്റെറില്‍ മരണമടഞ്ഞ സണ്ണി ചേട്ടനും അലിഷ മോള്‍ക്കും സദസ്സ് ഒന്നാകെ ആദരാഞ്ജലികള്‍ അര്പ്പിച്ച്ചു. സൗത്ത് വെസ്റ്റ് പ്രസിഡന്റ് സുജു ജോസഫിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച ഉത്ഘാടന സമ്മേളനം യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ശ്രീ മാമ്മന്‍ ഫിലിപ്പ് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. കലാമേളയില്‍ മാറ്റുരക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് വിജയാശംസകള്‍ നേര്‍ന്ന വൈസ് പ്രസിഡന്റ് നവംബര്‍ 21 നു ഹണ്ടിംഗ്ടണില്‍ നടക്കുന്ന നാഷണല്‍ കലാമേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. യുക്മ നാഷണല്‍ എക്സിക്യുട്ടിവ് അംഗം ശ്രീ ടിറ്റോ തോമസ് ആശംസകള്‍ അറിയിച്ച് സംസാരിച്ചു. ഗ്ലോസ്റെര്‍ മലയാളി അസോസിയേഷന് പ്രസിഡന്റും കലാമേള വൈസ് ചെയര്‍മാനുമായ ഡോ ബിജു പെരിങ്ങത്തറ സ്വാഗതവും റിജിയണല്‍ സെക്രെടറി ശ്രീ കെ എസ് ജോണ്സണ് നന്ദിയും അര്‍പ്പിച്ച യോഗത്തില്‍ അതിഥികളായി യുക്മ നഴ്സസ് ഫോറം പ്രസിഡന്റ് ശ്രീ അബ്രഹാം ജോസ് പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ ശ്രീ എബി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
തുടര്‍ന്ന് നാല് വേദികളിലായി ഇടതടവില്ലാതെ നടന്ന മത്സരങ്ങള്‍ നിലവാരം കൊണ്ട് ഏറെ ശ്രദ്ധെയമായി. യുക്മ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവളക്കാട്ടില്‍ ആശംസകളുമായി എത്തിയത് സംഘാടകര്‍ക്കും മത്സരാാര്ത്ഥികള്ക്കും ആവേശമായി. നാഷണല്‍ സെക്രെടറി ശ്രീ സജീഷ് ടോം ഉച്ചക്ക് ശേഷം മുഴുവന്‍ സമയവും കലാമേളയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.
റീജിയണിലെ ഭൂരിപക്ഷം അംഗ അസോസിയേഷനുകളും പങ്കെടുത്ത കലാമേളയില്‍ ഗ്ലോസ്റെര്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള കൊച്ചു മിടുക്കി ഷോണ ഷാജി കിഡ്സ് വിഭാഗത്തില്‍ ചാമ്പ്യനായി. സബ് ജൂനിയര്‍ വിഭാഗത്തില്‍ ഗ്ലോസ്റെര്‍ മലയാളി അസോസിയേഷന്റെ തന്നെ ബെനിറ്റ ബിനുമോന് ചാമ്പ്യനായപ്പോള്‍ ജൂനിയര്‍ വിഭാഗത്തില്‍ ബേസിംഗ്സ്റോക്ക് മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്റെ സോണ്സി സാം ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി.ഈ വര്‍ഷം യുക്മ ഏര്‍പ്പെടുത്തിയ മലയാളം ഭാഷാ കേസരി പുരസ്കാരവും നേടിയത് സോണ്സി സാം തന്നെയാണ്. സീനിയര്‍ തലത്തില്‍ ഗ്ലൊസ്റ്റെര്‍ മലയാളി അസോസിയേഷന്റെ തന്നെ ഫ്രാങ്ക്ലിന് ഫെര്നാണ്ടെസ് ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയാതോടൊപ്പം സൗത്ത് വെസ്റ്റ് കലാമേള കലാപ്രതിഭ പുരസ്കാരവും നേടി ഗ്ലോസ്റെര്‍ മലയാളി അസോസിയേഷന് അഭിമാനമായി. ഗ്ലോസ്റെറിന്റെ തന്നെ ബിന്ദു സോമന് പങ്കെടുത്ത മത്സരങ്ങളിലെല്ലാം വിജയമ നേടി കലാതിലകമായപ്പോള്‍ ഗ്ലോസ്റെര്‍ മലയാളി അസോസിയേഷന് റീജിയണിലെ മികച്ച അസോസിയേഷനുകളില്‍ ഒന്നായി മാറി. ഇരുന്നൂറ്റിയെഴു പോയിന്റുമായി ഗ്ലോസ്റെര്‍ മലയാളി അസോസിയേഷന് ഓവറാള്‍ ചാമ്പ്യനായപ്പോള്‍ ഡോര്‍സെറ്റ് മലയാളി അസോസിയേഷന് രണ്ടാം സ്ഥാനത്തെത്തി എവര്‍റോളിംഗ് ട്രോഫി നേടി. കലാമേളയില്‍ ആദ്യമായി പങ്കെടുത്ത വില്റ്റ്ഷെയര് മലയാളി അസോസിയേഷന് സ്വിന്ഡന് പോയിന്റ് നിലവാരത്തില്‍ മൂന്നാം സ്ഥാനത്തെത്തിയതും ഏറെ ശ്രദ്ധെയമായി. നാഷണല്‍ സെക്രെടറി ശ്രീ സജീഷ് ടോം, നാഷണല്‍ എക്സിക്യുട്ടിവ് അംഗം ശ്രീ ടിറ്റോ തോമസ് റീജിയണല്‍ ഭാരവാഹികള്‍ അസോസിയേഷന് ഭാരവാഹികള്‍ തുടങ്ങിയവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി.
ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ഓഫിസ് കൈകാര്യം ചെയ്ത സെക്രെടറി ശ്രീ കെ എസ് ജോണ്സണ്, ശ്രീ മനോജ് വേണുഗോപാല്‍, ശ്രീ മനോജ് രാമചന്ദ്രന്, ശ്രീ ലോറെന്‍സ് പെല്ലിശ്ശേരി തുടങ്ങിയവരുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. ശ്രീ മനോജ് വേണുഗോപാല്‍ രൂപകല്പന ചെയ്ത സോഫ്റ്റ്വെയറിലൂടെ കൃത്യവും സുതാര്യവുമായ രീതിയില്‍ മത്സര ഫലങ്ങള്‍ ആളുകളില്‍ എത്തിക്കുവാന്‍ കഴിഞ്ഞു. ശ്രീ ലാലിച്ചന്‍, ശ്രീ ജിജി വിക്ടര്‍, ശ്രീ അനീഷ് ജോര്‍ജ്, ശ്രീമതി മേഴ്സി സജീഷ്, ശ്രീ സജി ലൂയിസ്, ശ്രീ ബോബന്, ശ്രീ റോബി മേക്കര, ശ്രീ സണ്ണി ലൂക്കോസ്, ശ്രീ വിനോദ് തുടങ്ങിയവര്‍ വേദികള്‍ കൈകാര്യം ചെയ്തതിലുള്ള സൂക്ഷ്മതയും വേദികള്‍ ഏകോപിപ്പിച്ചു കൊണ്ട് ശ്രീ വര്‍ഗീസ് ചെറിയാന് ശ്രീ ഷോബന്‍ ബാബു തുടങ്ങിയവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളും കൃത്യ സമയത്ത് തന്നെ പരിപാടികള്‍ നടത്തി തീര്‍ക്കാന്‍ കഴിഞ്ഞു. ആതിഥ്യ മര്യാദയുടെ പര്യായമായി ഗ്ലോസ്റെറില്‍ നടന്ന കലാമേള. അതിഥികളെ സ്വീകരിക്കുന്നതിനും അവര്‍ക്ക് വേണ്ടുന്ന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും പ്രസിഡന്റ് ഡോ ബിജുവും , സെക്രെടറി ശ്രീ എബിന് ജോസും മറ്റ് എക്സിക്യുട്ടിവ് അംഗങ്ങളും ശ്രദ്ധാലുക്കളായിരുന്നു.
റീജിയണല്‍ പ്രസിഡന്റ് സുജു ജോസഫ് ഏവര്‍ക്കും നന്ദി അര്‍പ്പിച്ചു.അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, മഴവില്‍ സംഗീതം, ബി ടി എം ഫോട്ടോഗ്രാഫി, ബെറ്റര്‍ ഫ്രെയിംസ് തുടങ്ങിയവരാണ് കലാമേളക്ക് സ്പോണ്‍സര്‍മാരായി രംഗത്തുണ്ടായിരുന്നത്. ഗര്‍ഷോം ടി വിയും യുക്മ ന്യുസും മീഡിയ പാര്ട്ട്നെര്മാരായി. രാത്രി ഒമ്പതര മണിയോടെ കലാമേളക്ക് പരിസമാപ്തിയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല