ന്യൂദല്‍ഹി: അയല്‍രാജ്യക്കാരായ മൂന്ന് ടീമുകള്‍. ശക്തിയും ദൗര്‍ബല്യവും പരസ്പരം അറിയുന്നവര്‍. സ്പിന്നിന്റേയും പേസിന്റേയും മികച്ച് ഓള്‍റൗണ്ട് പ്രകടനത്തിന്റേയും കരുത്തില്‍ സെമിയില്‍ സ്ഥാനമുറപ്പിച്ചവര്‍.
ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാന്‍. ഫൈനലിലെത്തുന്നത് ആരായിരിക്കും എന്നതിനെക്കുറിച്ച് ചര്‍ച്ചകളും വാതുവെപ്പുകളും പാരമ്യതയിലെത്തിക്കഴിഞ്ഞു. ഇനി എല്ലാ കണ്ണുകളും ആദ്യ സെമിഫൈനലിലേക്ക്. ന്യൂസിലാന്‍ഡിനെ തോല്‍പ്പിക്കാനായാല്‍ ശ്രീലങ്കയ്ക്ക് ഫൈനലിലെത്താം. അങ്ങിനെയെങ്കില്‍ 1992നു ശേഷം ലോകകപ്പ് സ്വന്തമാക്കാനായി ഫൈനലില്‍ ഏറ്റുമുട്ടുക രണ്ട് ഏഷ്യന്‍ രാഷ്ട്രങ്ങളായിരിക്കും.
ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച് ശ്രീലങ്കയും പാക്കിസ്ഥാനെ തറപറ്റിച്ച് ഇന്ത്യയും ശനിയാഴ്ച്ച മുംബൈയില്‍ നടക്കുന്ന കലാശപ്പോരാട്ടത്തിന് എത്തുമെന്നാണ് പൊതുവേ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ന്യൂസിലാന്‍ഡിനേയും പാക്കിസ്ഥാനേയും എഴുതിത്തള്ളാനാവില്ല. ഇതുവരെയുള്ള മല്‍സരങ്ങളില്‍ ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന ടീമാണ് പാക്കിസ്ഥാന്‍. എന്നാല്‍ ലോകകപ്പില്‍ ഇന്ത്യക്കെതിരായ മോശം റെക്കോര്‍ഡാണ് പാക്കിസ്ഥാന് കാര്യമായ പ്രശ്‌നമുണ്ടാക്കുക.
ഇരുരാജ്യത്തെയും പ്രധാനമന്ത്രിമാരടക്കമുള്ള വി.വി.ഐ.പി നിരയും ഇന്ത്യയുടെ വിജയത്തിനായി എത്തുന്ന പതിനായിരങ്ങളും ഉയര്‍ത്തുന്ന സമ്മര്‍ദ്ദം അതിജീവിക്കാന്‍ പാക്കിസ്ഥാന് കഴിഞ്ഞാല്‍ അവര്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുമെന്നുറപ്പ്. പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെതിരേ സച്ചിന്‍ തന്റെ നൂറാം അന്താരാഷ്ട്ര സെഞ്ച്വറി നേടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാല്‍ പാക് ബൗളര്‍മാര്‍ അതിന് അനുവദിക്കില്ലെന്ന് അഫ്രീഡി വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും മൊഹാലിയിലെ ഹൈ വോള്‍ട്ട് മല്‍സരത്തില്‍ ആര് ഹീറോയാകും ആര് സീറോയാകും എന്നത് കാത്തിരുന്നു തന്നെ കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല