പലിശനിരക്കുവര്‍ധനയും കടുത്ത നികുതി ഭാരവും കൊണ്ട് ഇംഗ്ലണ്ടിലെ ആളുകള്‍ പൊറുതി മുട്ടുമ്പോള്‍ സ്കോട്ട്ലാന്റിലുള്ളവര്ക്ക് വാഗ്ദാനപ്പെരുമഴ. മേയ് അഞ്ചിന് നടക്കുന്ന ഹോളിറൂഡ് തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് സ്കോട്ട്ലാന്റുകാര്ക്ക് ലോട്ടറിയടിച്ചിരിക്കുന്നത്.
വെള്ളക്കരം തുടര്‍ച്ചയായി രണ്ടുവര്‍ഷത്തേക്ക് മരവിപ്പിച്ചതാണ് ഇതില്‍ പ്രധാനം. ഇംഗ്ലണ്ടിലെ ആളുകള്‍ വെള്ളക്കരത്തിന്റെ ഭാഗമായി 4.6 ശതമാനം കൂടുതല്‍ തുക അടയ്ക്കേണ്ടിവരുമ്പോഴാണ് സ്കോട്ട്ലാന്റുകാര്ക്ക് ഈ തുക മരവിപ്പിക്കുന്നത്. നിലവിലുളള പൊതുജന സാമ്പത്തിക സഹായങ്ങളൊന്നും സ്കോട്ട്ലാന്റില്‍ മരവിപ്പിച്ചിട്ടില്ല.
കൗണ്‍സില്‍ ടാക്സ് ബില്‍ രണ്ടുവര്‍ഷത്തേക്ക് മരവിപ്പിക്കുമെന്നാണ് സ്കോട്ട്ലന്റിലെ ഫസ്റ്റ് മിനിസ്റ്റര്‍ അലക്സ് സാല്മോണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ എന്‍.എച്ച്.എസ് സേവനങ്ങള്‍ പരിഷ്ക്കരണത്തിന്റെ പാതയിലേക്ക് മുന്നേറുമ്പോള്‍ സ്കോട്ട്ലന്റിലേത് പുര്‍ണമായും സൗജന്യമായിരിക്കുമെന്നും പ്രഖ്യാപനമുണ്ട്. ബാര്‍നെറ്റ് ഫോര്‍മുലയുടെ ഭാഗമായി സ്കോട്ട്ലന്റില്‍ താമസക്കാരായ ഓരോരുത്തര്‍ക്കും ഏതാണ്ട് 1500 പൗണ്ട് ലഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
അതിനിടെ നിലവില്‍ നല്കുന്ന സൗജന്യ യൂണിവേഴ്സിറ്റി പഠനസൗകര്യം തുടരുമെന്നും സ്കോട്ട്ലാന്റ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇംഗ്ലണ്ടില്‍ യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിന്റെ നിരക്ക് കുത്തനെ കൂടുമെന്ന് ഉറപ്പായിട്ടുണ്ട്. സ്കോട്ട്ലന്റിലെ ഹോംകെയര്‍ പ്രവര്‍ത്തകര്‍ക്കും സാമ്പത്തിക വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല