ഷൈജു ചാക്കോ
ലണ്ടന്‍: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്റെ യൂറോപ്യന്‍ പര്യടനത്തിന്റെ പ്രഥമഘട്ടമായി ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നടക്കുന്ന അല്മായ സന്ദര്‍ശനത്തിനും സമ്മേളനങ്ങള്‍ക്കും ലണ്ടനില്‍ ഇന്നലെ തുടക്കമായി. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കലിനും, അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യനും വൈദികരും അല്മായ പ്രതിനിധികളും ചേര്‍ന്ന് വന്‍ വരവേല്‍പു നല്‍കി.
ബ്രിട്ടനിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് അന്റോണിയ മിന്നിനിയുമായി അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ കൂടിക്കാഴ്ച നടത്തി. അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യനും, ലണ്ടനിലെ സീറോ മലബാര്‍ സഭാ കോര്‍ഡിനേറ്റര്‍ ഫാ.തോമസ് പാറടിയിലും സന്നിഹിതരായിരുന്നു. ആഗോളസഭയോട് ചേര്‍ന്ന് സീറോ മലബാര്‍ സഭാസമൂഹം യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ ചെയ്യുന്ന സേവനങ്ങളെയും, പ്രാര്‍ത്ഥനാ ജീവിതത്തെയും വത്തിക്കാന്‍ സ്ഥാനപതി അഭിനന്ദിച്ചു. പ്രവാസി കത്തോലിക്കരുടെ ചുമതലയുള്ള ബിഷപ് അലന്‍ ഹോപ്പ്‌സ്, ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ മാര്‍ അറയ്ക്കലിനെ സ്വീകരിച്ചു.
ലണ്ടന്‍ അതിരൂപതയിലെ സീറോ മലബാര്‍ സഭാ പ്രതിനിധി നേതൃസമ്മേളനം മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ഫാ.തോമസ് പാറടിയില്‍ അധ്യക്ഷത വഹിച്ചു. അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്ന് മാഞ്ചസ്റ്ററില്‍ അല്മായ സന്ദര്‍ശനത്തോടനുബന്ധിച്ച് മാര്‍ അറയ്ക്കലിന്റെ നേതൃത്വത്തില്‍ സമൂഹബലി അര്‍പ്പിക്കപ്പെടും. അല്മായ സന്ദര്‍ശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ (17-07-2011) വാല്‍സിങ്ങാമില്‍ മാര്‍ മാത്യു അറയ്ക്കല്‍ നിര്‍വ്വഹിക്കും. അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ഫാ.മാത്യു വണ്ടാനക്കുന്നേല്‍ എന്നിവര്‍ പ്രസംഗിക്കും. യുകെയിലെ എല്ലാ രൂപതകളില്‍ നിന്നുള്ള പ്രതിനിധികളെയും വിശ്വാസി സമൂഹത്തെയും സ്വീകരിക്കുവാന്‍ വാല്‍സിങ്ങാമില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചാപ്ലയിന്‍ ഫാ.മാത്യു വണ്ടാനക്കുന്നേല്‍ അറിയിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല