സ്വന്തം ലേഖകൻ: എന്‍എച്ച്എസിന്റെ ചരിത്രത്തിലാദ്യമായി ജൂനിയര്‍ ഡോക്ടര്‍മാരും കണ്‍സള്‍ട്ടന്റുമാരും ഇന്ന് ഒരുമിച്ച് പണിമുടക്കുന്നുു. ഹെല്‍ത്ത് സര്‍വീസിന്റെ തന്നെ ചരിത്രത്തിലാദ്യമായി നടക്കുന്ന ഏറ്റവും വലിയ ഈ പണിമുടക്കിനെ നേരിടാന്‍ എന്‍എച്ച്എസ് സാധ്യമായതെല്ലാം ചെയ്ത് വരുകയാണ്. കണ്‍സള്‍ട്ടന്റുമാര്‍ ഇന്ന് രാവിലെ മുതല്‍ പണിമുടക്കും. ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം നാളെയാണ്. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കണ്‍സള്‍ട്ടന്റുമാരുടെ പണിമുടക്ക് രണ്ട് ദിവസം നീണ്ടുനില്‍ക്കും. ജൂനിയര്‍ ഡോക്ടര്‍മാര്‍ നാളെ മുതല്‍ മൂന്നു ദിവസം പണിമുടക്കും.
എമര്‍ജന്‍സി കെയര്‍ മുടങ്ങാതെ പ്രവര്‍ത്തിക്കുമെങ്കിലും രോഗികള്‍ പ്രതിസന്ധിയിലാകുമെന്ന് എന്‍ എച്ച് എസ് മേധാവികള്‍ പറഞ്ഞു. ശമ്പള വര്‍ദ്ധനവിനെ ചൊല്ലി സര്‍ക്കാരും ഡോക്ടര്‍മാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിന്റെ സൂചനയാണ് ഈ സമരം. അടിയന്തര പരിചരണം ആവശ്യമുള്ള ആളുകള്‍ 999 എന്ന നമ്പറില്‍ വിളിക്കണം. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക്, 111 അല്ലെങ്കില്‍ ജി പി സേവനങ്ങള്‍ ഉപയോഗിക്കണം.
പണിമുടക്കിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 20 ബുധനാഴ്ച ജൂനിയര്‍ ഡോക്ടര്‍മാരും കണ്‍സള്‍ട്ടന്റുമാരും ക്രിസ്മസ് ഡേ ലെവല്‍സിലുള്ള സ്റ്റാഫിംഗ് മാത്രമേ പ്രദാനം ചെയ്യുകയുള്ളൂ. കണ്‍സള്‍ട്ടന്റുമാരും ജൂനിയര്‍ ഡോക്ടര്‍മാരും തുടര്‍ന്ന് ഒക്ടോബര്‍ 2,3, 4 തിയതികളിലും പണിമുടക്ക് നടത്തുന്നതിനെ തുടര്‍ന്ന് ക്രിസ്മസ് ഡേ ലെവലിലുള്ള കെയര്‍ മാത്രമേ പ്രദാനം ചെയ്യുകയുള്ളൂ.
തുടര്‍ച്ചയായി പത്താം മാസമാണ് എന്‍എച്ച്എസിലെ ഡോക്ടര്‍മാര്‍ പണിമുടക്കിലേര്‍പ്പെടുന്നത്. തല്‍ഫലമായി 8,85,000ത്തിലധികം ഇന്‍പേഷ്യന്റ്, ഔട്ട്പേഷ്യന്റ് അപ്പോയിന്റ്മെന്റുകളാണ് റീഷെഡ്യൂള്‍ ചെയ്യാന്‍ നിര്‍ബന്ധിതമായിരിക്കുന്നത്. ഇത്തരത്തില്‍ സമരം തുടര്‍ക്കഥയായ സാഹചര്യത്തില്‍ രോഗികള്‍ക്ക് ഏറ്റവും മികച്ച കെയര്‍ പ്രദാനം ചെയ്യാനായി ശേഷിക്കുന്ന ജീവനക്കാര്‍ കടുത്ത ശ്രമമാണ് നടത്തേണ്ടി വരുന്നത്. കണ്‍സള്‍ട്ടന്റുമാരുടെ പണിമുടക്ക് കഴിഞ്ഞ മാസമുണ്ടായപ്പോള്‍ 45,800 അപ്പോയിന്റ്മെന്റുകളായിരുന്നു തടസ്സപ്പെട്ടിരുന്നത്. സമരത്തെ തുടര്‍ന്ന് ഏതാണ്ട് ആറായിരത്തോളം ജീവനക്കാരായിരുന്നു ജോലി മുടക്കിയിരുന്നത്.
എന്‍ എച്ച് എസിന്റെ ചരിത്രത്തില്‍ ഒരിക്കലും ഇത്തരത്തിലുള്ള സമരം കണ്ടിട്ടില്ല. ഇത് ഒരു വലിയ വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് എന്‍ എച്ച് എസ് ഇംഗ്ലണ്ട് മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫസര്‍ സ്റ്റീഫന്‍ പോവിസ് പറഞ്ഞു. ഡിസംബര്‍ മുതലുള്ള പണിമുടക്ക് കാരണം ചില ക്യാന്‍സര്‍ കെയര്‍ ഉള്‍പ്പെടെ ഏകദേശം പത്തുലക്ഷത്തോളം അപ്പോയിന്റ്മെന്റുകളും ചികിത്സകളുമാണ് മാറ്റിവച്ചത്. നഴ്സുമാര്‍, റേഡിയോഗ്രാഫര്‍മാര്‍, ആംബുലന്‍സ് ജീവനക്കാര്‍ എന്നിവരുള്‍പ്പെടെയുള്ള മറ്റ് സ്റ്റാഫ് ഗ്രൂപ്പുകളുടെ സമരം മൂലമുണ്ടാകുന്ന തടസ്സങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല