കോളിവുഡിലെ നമ്പര്‍വണ്‍ പദവിയിലേക്ക് കുതിയ്ക്കുകയാണ് മലയാളി പെണ്‍കൊടി അമല പോള്‍. മൈനപ്പെണ്ണായി തമിഴരുടെ മനംകവര്‍ന്ന അമല ഏറ്റവും പുതിയ ചിത്രമായ ദൈവത്തിരുമകളിലും ഗംഭീരപ്രകടനമാണ് കാഴ്ചവെച്ചിരിയ്ക്കുന്നത്.
മലയാളത്തില്‍ പൃഥ്വി ചിത്രത്തിലേക്കുള്ള അവസരം പോലും നിരസിച്ച് തമിഴില്‍ തന്ത്രപരമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ് നടി. രഞ്ജിത്തിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന ഇന്ത്യന്‍ റുപ്പിയിലേക്കുള്ള അവസരമാണ് ഡേറ്റില്ലെന്ന കാരണം പറഞ്ഞ് അമല നിരസിച്ചത്. ഈ തീരുമാനം മലയാള ചലച്ചിത്രരംഗത്തെ പലരെയും ഞെട്ടിച്ചിരുന്നു.
അതേ സമയം മാധവന്‍-ആര്യ ടീം ഒന്നിയ്ക്കുന്ന ലിംഗുസ്വാമിയുടെ വേട്ടൈ പോലുള്ള സിനിമകളില്‍ കരാറൊപ്പിട്ടത് അമലയുടെ ഗ്രാഫ് ഉയരുന്നതിന്റെ സൂചനകളാണ്. തമിഴകത്തെ തിരക്കുകള്‍ മൂലം കൊച്ചിയില്‍ നിന്ന് ചെന്നൈയിലേക്ക് അമല താമസം പോലും മാറ്റിക്കഴിഞ്ഞു.
എന്നാല്‍ പണ്ടു ചെയ്തുപോയൊരു ബുദ്ധിമോശം അമലയ്ക്ക് പാരയാവുകയാണ്. കരിയറിന്റെ തുടക്കത്തില്‍ ചെയ്തുപോയ അബദ്ധമെന്ന് വേണമെങ്കില്‍ ഇതിനെപ്പറയാം. ഇക്കിളിപ്പടമെന്ന് പറയാവുന്ന ‘സിന്ധു സമവേലി’യെന്ന സിനിമയാണ് അമലയ്ക്ക് ഇപ്പോള്‍ തിരിച്ചടിയാവുന്നത്. ചിത്രത്തില്‍ ഭര്‍ത്താവിന്റെ അച്ഛനുമായി അവിഹിത ബന്ധം പുലര്‍ത്തുന്നൊരു കഥാപാത്രത്തെയാണ് അമല അവതരിപ്പിച്ചത്. ഗ്ലാമര്‍ രംഗങ്ങളൊന്നും ഇല്ലെങ്കിലും കഥാപാത്രത്തിന്റെ സ്വഭാവം ആരുടെയും നെറ്റി ചുളിപ്പിയ്ക്കും.
റിലീസ് ചെയ്തപ്പോള്‍ പരാജയം രുചിച്ച സിനിമ അമല പോലും ഒരുപക്ഷേ മറന്നുകാണും. എന്നാലിപ്പോള്‍ സിന്ധുവെന്നൊരു പേരില്‍ ഈ സിനിമ വീണ്ടും റിലീസ് ചെയ്തിരിയ്ക്കുകയാണ് പടത്തിന്റെ വിതരണക്കാര്‍.
അലയുടെ താരത്തിളക്കം മുതലെടുക്കുകയെന്ന ഉദ്ദേശത്തോടെ ദൈവത്തിരുമകള്‍ റിലീസ് ചെയ്ത അതേദിവസം തന്നെയാണ് സിന്ധുവിന്റെ പോസ്റ്ററുകള്‍ ചെന്നൈ നഗരം മുഴുവന്‍ പ്രത്യക്ഷപ്പെട്ടത്. അമല തന്നെയായിരുന്നു പോസ്റ്ററുകളിലെ താരം.
എന്നാലിതെല്ലാം അമലയുടെ താരത്തിളക്കത്തെ ബാധിയ്ക്കുമെന്ന് കരുതുന്നവര്‍ മണ്ടന്മാര്‍ തന്നെയാണ്. സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ തമിഴകത്തെ താരറാണിപ്പട്ടത്തിന് തനിയ്ക്കും അര്‍ഹതയുണ്ടെന്ന് അമല തെളിയിച്ചുകഴിഞ്ഞു. ഇനിയുള്ള നാളുകള്‍ കോളിവുഡ് കാണാനിരിയ്ക്കുന്നതും അതുതന്നെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല