ഇമിഗ്രേഷന്‍ എഡിറ്റര്‍
ബ്രിട്ടനിലെക്കുള്ള കുടിയേറ്റത്തിനുള്ള ഇടക്കാല പരിധി വീണ്ടും നിലവില്‍ വന്നു.ഇതു പ്രകാരം 2011 ഏപ്രില്‍ 5 വരെ നല്‍കേണ്ട ടിയര്‍ 2 വിസകളുടെ എണ്ണം 10,832 ആയി നിജപ്പെടുത്തിയതായും ഹോം ഓഫീസ് അറിയിച്ചു.കഴിഞ്ഞ വെള്ളിയാഴ്ച വന്ന കോടതി വിധി പ്രകാരമുള്ള നടപടി ക്രമങ്ങള്‍ പാലിച്ചാണ് പുതുക്കിയ ഇടക്കാല പരിധി നിശ്ചയിച്ചിരിക്കുന്നത്.
ജൂലൈ മാസത്തില്‍ നടപ്പിലാക്കിയ ഇടക്കാല ഇമിഗ്രേഷന്‍ ക്യാപ് നിയമവിരുദ്ധമായിരുന്നുവെന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച റോയല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിലെ സീനിയര്‍ ജഡ്ജിമാരായ ലോര്‍ഡ് ജസ്റ്റിസ് സുള്ളിവന്‍ എന്നിവര്‍ വിധിച്ചത്.ഇടക്കാല ഇമിഗ്രേഷന്‍ ക്യാപ് സംബന്ധിച്ച നിയമ നിര്‍മാണം നടത്തുന്നതിന് മുന്‍പ് പാര്‍ലമെന്റ് പരിശോധിക്കണമെന്നുള്ള നിയമപ്രകാരമുള്ള നടപടി പൂര്‍ത്തിയാക്കിയിട്ടില്ല എന്നാണ് കോടതി കണ്ടെത്തിയത്.
കോടതി വിധി അനുസരിച്ച് ഇതു സംബന്ധിച്ച രേഖകള്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച്,ശരിയായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് പുതുക്കിയ ഇടക്കാല പരിധി സര്‍ക്കാരിന് പ്രഖ്യാപിക്കേണ്ടി വന്നത്.ഇന്നലെ മുതല്‍ നിലവില്‍ വന്ന പുതുക്കിയ പരിധി പ്രകാരം അടുത്ത ഏപ്രില്‍ 5 വരെ നല്‍കാവുന്ന ടിയര്‍ 2 വിസകളുടെ എണ്ണം 10,832 ആയി നിജപ്പെടുത്തി.
കോടതി വിധി കുടിയേറ്റ നയത്തിനെതിരെയല്ല മറിച്ച് ഇടക്കാല പരിധി ഏര്‍പ്പെടുത്താന്‍ സ്വീകരിച്ച നടപടി ക്രമങ്ങള്‍ക്ക് എതിരെയാണെന്ന് കുടിയേറ്റ മന്ത്രി ഡാമിയന്‍ ഗ്രീന്‍ പറഞ്ഞു.ഈ നടപടിക്രമങ്ങള്‍ ഇപ്പോള്‍ ശരിയായി പാലിച്ചിരിക്കുന്നുവെന്നും അതിനാല്‍ പുതുക്കിയ പരിധി പ്രാബല്യത്തില്‍ വന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കോടതി വിധി അടുത്ത ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന സ്ഥിരം പരിധിക്ക് ബാധകമാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ നിലവില്‍ വന്ന പുതിയ പരിധി പ്രകാരം ബ്രിട്ടന് പുറത്തു നിന്നുള്ള അപേക്ഷകര്‍ക്ക് അടുത്ത ഏപ്രില്‍ വരെ ഇനി ടിയര്‍ 1 വിസ നല്‍കില്ല.അതേ സമയം ബ്രിട്ടനില്‍ ഉള്ള അപേക്ഷകര്‍ക്ക് അടുത്ത ഏപ്രില്‍ 5 വരെ ടിയര്‍ 1 വിസക്ക് അപേക്ഷിക്കാം.ജൂലൈ മാസം നിലവില്‍ വന്ന ഇടക്കാല പരിധി പ്രകാരം അപേക്ഷകള്‍ കുമിഞ്ഞു കൂടിയപ്പോള്‍ അടുത്ത ഏപ്രില്‍ വരെയുള്ള ടിയര്‍ 1 വിസകള്‍ ഇപ്പോഴേ തീര്‍ന്നതിനാല്‍ ബ്രിട്ടന് പുറത്തു നിന്നുള്ള അപേക്ഷകള്‍ ഡിസംബര്‍ 23 മുതല്‍ സ്വീകരിക്കില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല