1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2012

ടോം ജോസ് തടിയമ്പാട്

കഴിഞ്ഞ പതിനഞ്ചിന് മാഞ്ചസ്റ്ററില്‍ നടന്ന ഇടുക്കി സംഗമം ജനസാന്നിധ്യം കൊണ്ടും ആഘോഷപരിപാടികളുംകൊണ്ട് ശ്രദ്ധേയമായി. ഇംഗ്ലണ്ടിന്റെ ഇതര ഭാഗങ്ങളില്‍ നിന്നായി നൂറ്റമ്പതോളംപേര്‍ പങ്കെടുത്ത സംഗമം എല്ലാ ഇടുക്കിക്കാര്‍ക്കും വലിയ ആവേശമാണ് പകര്‍ന്നു നല്‍കിയത്. ഇടുക്കിയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിപാര്‍ത്തവര്‍ക്ക് പരസ്പരം കണ്ടുമുട്ടുന്നതിനും സൗഹൃദം പങ്കുവെക്കുന്നതിനും പുതിയ സൗഹൃദങ്ങള്‍ സ്ഥാപിക്കുന്നതിനും കടന്നുപോയ കഷ്ടപ്പാടിന്റെയും ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും സ്മരണകള്‍ പങ്കുവയെക്കുന്നതിനുമുള്ള ഒരു വേദിയായി സംഗമം മാറി. മുണ്ടും ഷര്‍ട്ടും ധരിച്ച പുരുഷന്‍മാരും സാരിയും ബ്ലൗസും ചുരിദാറും ധരിച്ച സ്ത്രീകളും സംഗമത്തിന് ഒരു മലയാളി പരസ്പര സൗഹൃദം പങ്കുവെച്ചപ്പോള്‍ കുട്ടികള്‍ അവര്‍ക്ക് കിട്ടിയ സ്വാതന്ത്ര്യം വേണ്ടപോലെ ഉപയോഗിച്ച് കളിച്ച് ആസ്വദിക്കുന്നതു കാണാമായിരുന്നു.
ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച് സമ്മേളനം നിലവിളക്ക് കൊളുത്തി ഫാദര്‍ തോമസ് തൈക്കൂട്ടത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പിന്നീട് നാട്ടില്‍ നിന്നും വന്ന മാതാപിതാക്കള്‍ക്ക് സ്വീകരണം നല്‍കി. പിന്നീട് കുട്ടികളുടെയും വലിയവരുടെയും കലാകായിക മത്സരങ്ങള്‍ നടത്തപ്പെട്ടു. ഉച്ചയ്ക്കത്തെ വിഭവ സമ്പുഷ്ടമായ ഭക്ഷണവും വൈകുന്നേരത്തെ കപ്പ ബിരിയാണിയും എല്ലാവരും നന്നായി ആസ്വദിച്ചു. ഭാവി പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും താഴെ പറയുന്ന 14അംഗ കമ്മിറ്റി തിരഞ്ഞെടുത്തു.
മാഞ്ചസ്റ്റര്‍-തോമസ് വരരവുകാലയില്‍, റോയി മാത്യു, വിനോദ് രാജന്‍, എബിന്‍ ഡെന്‍സില്‍, ജെയ്‌മോന്‍ തോമസ്, ന്യൂകാസില്‍-ജെയ്‌മോന്‍ സ്‌കറിയ, നോട്ടിംഹാം- ബെന്നി കെജെ, ഈസ്റ്റ് സസെക്‌സ്- മനോജ്, ജോസഫ്, നോര്‍ത്ത് വാട്‌സ്-ബെന്നി തോമസ്സ്, ലെസ്റ്റര്‍- ജെയിസണ്‍ തോമസ്, ലിവര്‍പൂള്‍- റോയി, മാത്യു, ബെര്‍ക്കിന്‍ഹെഡ്- മജു വര്‍ഗീസ്, സൗത്ത് വാട്‌സ-് പീറ്റര്‍ താണോലില്‍.
സ്ത്രീകളുടെ പ്രതിനിധികളായി ബിന്‍സി വിനോദ്, ജൂലി ടെബിന്‍ എന്നിവരെയും കമ്മ്യൂണിറ്റിയുടെ കണ്‍വീനറായി ടോം ജോസ് തടിയമ്പാടിനെയും തെരഞ്ഞെടുത്തു.
ഭാവിയില്‍ ഇടുക്കിക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ പരസ്പരം സഹായിക്കുന്നതിനും നാട്ടില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. അതുപോലെ ഭാവിയില്‍ സംഗമത്തിന്റെ നാമം ഇടുക്കി ജില്ല സംഗമം എന്നാക്കി ഇടുക്കി ജില്ലക്കാരെ മുഴുവന്‍ ഉള്‍പ്പെടുത്താന്‍ വേണ്ട ശ്രമങ്ങള്‍ നടത്താനും തീരുമാനിച്ചു. അടുത്ത വര്‍ഷത്തെ സംഗമം 2013 ജൂണ്‍ 15ന് ലെസ്റ്ററില്‍ നടത്താന്‍ തീരുമാനിക്കുകയും അതിന്റെ നേതൃത്വം ജെയിസണ്‍ തോമസിനെ ഏല്‍പ്പിക്കുകയും ചെയ്തു. ഈ സംഗമത്തിന്റെ വിജയത്തിനായി എല്ലാവരും ഒറ്റമനസോടെ പ്രവര്‍ത്തിച്ച മുഴുവന്‍ ഇടുക്കിക്കാരെയും സംഗമങ്ങളില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കാനും തീരുമാനിച്ചു. അടുത്ത സംഗമത്തില്‍ നല്ലമാര്‍ക്ക് നേടി വിജയിക്കുന്ന കുട്ടികളെ ക്യാഷ് അവാര്‍ഡ് നല്‍കി സ്വീകരിക്കുന്നതിനും തീരുമാനിച്ചു. സംഗമത്തിന്റെ ഒരു രൂപരേഖ അവതരിപ്പിച്ചുകൊണ്ട് ബിന്‍സി വിനോദ് സംസാരിച്ചു. ലിവര്‍പൂളില്‍ നിന്നും ജിതേഷിന്റെ നേതൃത്വത്തില്‍ സംഗീതവിരുന്നും ഏര്‍പ്പെടുത്തിയിരുന്നു. രാത്രി 9 മണിയോടു കൂടി പരിപാടികള്‍ അവസാനിച്ചു. നന്ദി അറിയിച്ചുകൊണ്ട് തോമസ് വരയുകാല സംസാരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.