1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2011

ഹൈക്കമാന്‍ഡിന്റെ കളികളാണ്‌ ഇത്തവണ കേരള രാഷ്‌ട്രീയത്തിലെ പ്രധാന കൗതുകങ്ങളിലൊന്ന്‌. മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ഹൈക്കമാന്‍ഡ്‌ എന്ന വാക്ക്‌ എല്ലാവരും എടുത്തു പ്രയോഗിക്കുന്നു. കെ.പി.സി.സി പ്രസിഡന്റും ഉമ്മന്‍ചാണ്ടിയും മുതല്‍ ഇങ്ങ്‌ ജില്ലാ നേതാക്കള്‍ വരെ എങ്ങനെയെങ്കിലും ഈ ഹൈക്കമാന്‍ഡിനെ ഒന്ന്‌ കാണാന്‍ ഡല്‍ഹിയിലേക്ക്‌ പായുന്നു. കേരള രാഷ്‌ട്രീയത്തിലെ അനിഷേധ്യന്‍മാര്‍ പോലും ഹൈക്കമാന്‍ഡിന്‌ മുമ്പില്‍ പഞ്ചപുശ്ചമടക്കി നില്‍ക്കുന്നു. വിമതശബ്‌ദങ്ങളെ അടക്കിനിര്‍ത്താന്‍ ഹൈക്കമാന്‍ഡ്‌ എന്ന വാക്ക്‌ ഉപയോഗിക്കുന്നു.

സീറ്റ്‌ കിട്ടിയാല്‍ ഹൈക്കമാന്‍ഡിനോട്‌ നന്ദി. കിട്ടിയില്ലെങ്കില്‍ ഹൈക്കമാന്‍ഡിനോട്‌ പരാതി – ഇതാണ്‌ ഇപ്പോള്‍ കേരള രാഷ്‌ട്രീയത്തിലെ കോണ്‍ഗ്രസ്‌ രീതി. രമേശ്‌ ചെന്നിത്തലയാണെങ്കില്‍ ഏത്‌ പത്രസമ്മേളനത്തിലും അവസാന വാക്കെന്ന പോലെ ഹൈക്കമാന്‍ഡ്‌, ഹൈക്കമാന്‍ഡ്‌ എന്ന്‌ മുപ്പത്‌ തവണ പറയും.

സത്യത്തില്‍ കോണ്‍ഗ്രസിന്‌ കേരളത്തിന്‌ പോയ അഞ്ചുവര്‍ഷം പ്രത്യേകിച്ചു പണിയൊന്നുമുണ്ടായിരുന്നില്ല. ഭരിച്ചുനാടു നന്നാക്കുക എന്ന ഭാരിച്ച ചുമതല അവര്‍ക്കില്ലായിരുന്നു. പ്രതിപക്ഷമെന്ന നിലയില്‍ അവര്‍ ഒരു പരാജയവുമായിരുന്നു. എന്നിട്ടും ഒരു ഇലക്ഷന്‌ വേണ്ടി കൃത്യമായി ഒരു പ്ലാനും പദ്ധതിയുമൊരുക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കായില്ല. എല്ലാം ഒരുക്കി കൊടുക്കേണ്ടതും കൊടുക്കുന്നതും ഹൈക്കമാന്‍ഡ്‌ തന്നെ. അത്‌ അനുസരിക്കുക എന്നതാണ്‌ കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കളുടെ രീതി. ഇതിനു പിന്നില്‍ കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കന്‍മാര്‍ ചിലരെ ഒതുക്കാനുള്ള തന്ത്രങ്ങള്‍ കണ്ടിരുന്നുവെങ്കിലും ഇടക്ക്‌ നേതാക്കന്‍മാര്‍ക്കും ഈ ഹൈക്കമാന്‍ഡ്‌ പാരയായി എന്നതാണ്‌ യാഥാര്‍ഥ്യം.

ഹൈക്കമാന്‍ഡിന്റെ ശക്തി എന്താണെന്ന്‌ അറിയണമെങ്കില്‍ സ്ഥാനാര്‍ഥി പട്ടിക തീരുമാനത്തില്‍ നടന്ന ഒരു അത്ഭുതങ്ങള്‍ അറിയണം. കേരള രാഷ്‌ട്രീയത്തില്‍ ഉമ്മന്‍ചണ്ടി കളിക്കാനിറങ്ങായാല്‍ ഗോളടിക്കും എന്നതാണ്‌ പൊതുവെയുള്ള സിദ്ധാന്തം. മാണിസാറിനെ പോലും 15 സീറ്റിലൊതുക്കാന്‍ ഉമ്മന്‍ചാണ്ടിക്ക്‌ മൂന്ന്‌ ദിവസമേ വേണ്ടി വന്നുള്ളു. അങ്ങനെയുള്ള ഉമ്മന്‍ചാണ്ടിക്ക്‌ തന്റെ പ്രീയപ്പെട്ട ശിഷ്യനായ മുന്‍യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ടി.സിദ്ധിഖിനും ഒരു സീറ്റു കൊടുക്കണം എന്ന്‌ തോന്നിയത്‌ സ്വാഭാവികം. സിദ്ധിക്ക്‌ മോശക്കാരനൊന്നുമല്ല, വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയം ഉണ്ട്‌. യുത്ത്‌ കോണ്‍ഗ്രസ്‌ മുന്‍ സംസ്ഥാന പ്രസിഡന്റാണ്‌. സ്ഥാനാര്‍ഥിയാവാന്‍ എന്തുകൊണ്ടും യോഗ്യന്‍. ഉമ്മന്‍ചാണ്ടിയുടെ വാല്‍ത്സല്യം സിദ്ധിഖിന്‌ സീറ്റ്‌ നല്‍കുമെന്ന്‌ തന്നെയാണ്‌ ഏവരും കരുതിയത്‌.

എന്നാല്‍ പട്ടിക വന്നപ്പോള്‍ അങ്ങ്‌ ഡല്‍ഹിയില്‍ നിന്നും യഥാര്‍ഥ `ഹൈപവര്‍’കമാന്‍ഡ്‌ എത്തി. സിദ്ധിഖിന്‌ സീറ്റു കൊടുത്തു പോകരുത്‌. ഹൈക്കാന്‍ഡിന്റെ കമാന്‍ഡ്‌ കേട്ട്‌ ആദ്യം ഞെട്ടിയത്‌ ഉമ്മന്‍ചാണ്ടി തന്നെയായിരുന്നു. സിദ്ധിഖ്‌ മത്സരിക്കുന്നില്ലെങ്കില്‍ ഞാനും മത്സരിക്കുന്നില്ല എന്ന്‌ ഒരു നമ്പര്‍ ഇറക്കി നോക്കി ഉമ്മന്‍ചാണ്ടി. പക്ഷെ ഏറ്റില്ല. അധികം വാശി കാണിച്ചാല്‍ മത്സരിക്കാനുള്ള ചാന്‍സ്‌ സ്വയം ഇല്ലാതാക്കേണ്ടി വരുമെന്ന്‌ ഉമ്മന്‍ചാണ്ടിക്കും മനസിലായി. അതോടെ സിദ്ധിഖിന്‌ സീറ്റില്ല എന്ന്‌ കേരളത്തിലെ കോണ്‍ഗ്രസ്‌ ഉറപ്പിച്ചു. ഹൈക്കമാന്‍ഡിന്റെ തിരുവായ്‌ക്ക്‌ മുമ്പില്‍ എതിര്‍വായില്ല എന്നത്‌ തന്നെ യഥാര്‍ഥ്യം.

എന്നാല്‍ ഹൈക്കമാന്‍ഡിനെ കൊണ്ട്‌ ചില ഗുണങ്ങളുമുണ്ട്‌. സീറ്റു കൊടുക്കേണ്ട എന്ന്‌ സംസ്ഥാന ഘടകത്തിന്‌ തീരുമാനമുള്ള വ്യക്തികളുടെ സീറ്റ്‌ നിര്‍ണ്ണയത്തിനുള്ള ഉത്തരവാദിത്വം ഹൈക്കമാന്‍ഡിന്‌ വിട്ടുകൊടുക്കുക എന്നതാണ്‌ ഗുണപരമായ തന്ത്രം. കെ.മുരളിധരനും, പത്മജക്കും ഒരുപോലെ സീറ്റ്‌ നല്‍കേണ്ട എന്നത്‌ കേരള ഘടകത്തിന്റെ രഹസ്യ അജണ്ടയായിരുന്നു. അതുപ്രകാരം ഇരുവരുടെയും സ്ഥാനാര്‍ഥി നിര്‍ണ്ണയം ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തിക്കൊടുത്തു കേരളാ ഘടകം. ഒപ്പം രണ്ടുപേര്‍ക്കും കൂടി സീറ്റ്‌ നല്‍കേണ്ടതില്ല എന്ന ഉപദേശവും കേരളാഘടകം ഹൈക്കമാന്‍ഡിന്‌ നല്‍കി. അതോടെ മുരളിധരന്‍ പട്ടികയില്‍ കടന്നു കൂടിയെങ്കിലും പത്മജ വീട്ടിലിരിക്കേണ്ടി വന്നു. പത്മജക്ക്‌ സീറ്റ്‌ ലഭിക്കാത്തതിന്റെ ഉത്തരവാദിത്വം ഹൈക്കമാന്‍ഡിന്റെ തലയില്‍ കെട്ടിവെക്കാനും കഴിഞ്ഞു.

കെ.പി.സി.സി പ്രസിഡന്റാണെങ്കിലും മത്സരിക്കാന്‍ മോഹമുണ്ടായപ്പോള്‍ ചെന്നിത്തലയും ഹൈക്കമാന്‍ഡിനെയാണ്‌ അഭയം പ്രാപിച്ചത്‌. ഡല്‍ഹിയില്‍ രണ്ടു തവണ പോയപ്പോള്‍ ചെന്നിത്തല മത്സരിക്കട്ടെയെന്ന്‌ ഹൈക്കമാന്‍ഡ്‌ നിര്‍ദ്ദേശിച്ചു. അതോടെ അധികാര മോഹിയെന്ന ലേബല്‍ ചെന്നിത്തലക്ക്‌ ഒഴിവാക്കനായി. ഹൈക്കമാന്‍ഡ്‌ നിര്‍ദ്ദേശിച്ചതുകൊണ്ടു മാത്രം മത്സരിക്കുന്നു എന്നാണ്‌ ചെന്നിത്തല പറഞ്ഞു നടക്കുന്നത്‌.

അവസാനം പട്ടിക പുറത്തു വന്നപ്പോള്‍ കേരളത്തില്‍ വിമതപ്പടയും, വെല്ലുവിളികളും, വിവാദങ്ങളുമായി തൃശൂര്‍പൂരത്തേക്കാള്‍ വലിയ പൂരമാണ്‌ നടക്കുന്നത്‌. സീറ്റ്‌ കിട്ടാത്തവര്‍ സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രവര്‍ത്തിക്കരുതെന്ന്‌ രമേശ്‌ ചെന്നിത്തലക്ക്‌ പത്രസമ്മേളനം വിളിച്ച്‌ പറയേണ്ടി വന്നു. സ്ഥാനാര്‍ഥികള്‍ക്കെതിര പ്രവര്‍ത്തിച്ചാല്‍ ഹൈക്കമാന്‍ഡ്‌ നടപടിയെടുക്കുമെന്ന്‌ ഒരു ഉമ്മാക്കിയും കാട്ടി വെരട്ടുകയും ചെയ്‌തു. ഇവിടെയും രക്ഷകന്‍ ഹൈക്കമാന്‍ഡ്‌ തന്നെ. ഇടക്കിടക്ക്‌ ഉമ്മാക്കിയുടെ രൂപത്തില്‍ ഹൈക്കമാന്‍ഡിനെ ഉപയോഗിക്കാം.

ഇനി എന്താണ്‌ ഈ ഹൈക്കമാന്‍ഡ്‌? സോണിയാഗാന്ധി എന്ന വനിതയാണ്‌ ആകെ മൊത്തത്തില്‍ ഈ ഹൈക്കമാഡ്‌ എന്നത്‌ ലോകം മുഴുവനും അറിയാം. കഴിഞ്ഞ മൂന്നാലുകൊല്ലമായി രാഹുല്‍ഗാന്ധിയും ഒരു കൊച്ചു ഹൈക്കമാന്‍ഡായി മാറിയിരിക്കുന്നു. ഈ ഹൈക്കമാന്‍ഡിന്റെ ഉപദേശക വൃന്ദമാണ്‌ കോണ്‍ഗ്രസ്‌ കോര്‍കമ്മറ്റി. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌, എ.കെ ആന്റണി, പ്രണബ്‌ മുഖര്‍ജി, അഹമ്മദ്‌ പട്ടേല്‍ തുടങ്ങിയ വമ്പന്‍മാരാണ്‌ കോര്‍കമ്മറ്റിയിലുള്ളത്‌. ഇതില്‍ എ.കെ ആന്റണി ഒഴിച്ചുള്ളവര്‍ക്ക്‌ കേരളത്തിലെ ഏതെങ്കിലുമൊരു മണ്‌ഡലത്തില്‍ ആര്‌ ജയിക്കുമെന്ന്‌ എങ്ങനെ പറയാനാവും എന്ന ചോദ്യം ന്യായമായി ചോദിക്കാം. അതുകൊണ്ടു തന്നെ സംസ്ഥാനഘടകത്തിന്റെ ഉപദേശം അപ്പടി സ്വീകരിക്കുകയേ ഹൈക്കമാന്‍ഡിന്‌ വഴിയുള്ളു.

പക്ഷെ രാഹുല്‍ ഗാന്ധി എന്ന ചെറുപ്പക്കാരന്റെ ഹൈക്കമാന്‍ഡാണ്‌ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ സംസ്ഥാന നേതൃത്വത്തിനിട്ട്‌ പണികൊടുത്തത്‌. അതായത്‌ 2011ലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ശരിക്കും ഹൈക്കമാന്‍ഡായി പ്രവര്‍ത്തിച്ചത്‌ രാഹുല്‍ ഗാന്ധിയാണ്‌.

കെ.എസ്‌.യു, യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ വേണ്ടി മതിയായ സീറ്റുകള്‍ നല്‍കിയേ പറ്റുവെന്ന്‌ രാഹുല്‍ ഗാന്ധി ആജ്ഞാപിച്ചതാണ്‌ കേരളാ ഘടകത്തെ പ്രതിസന്ധിയിലാക്കിയത്‌. ഇതുകൊണ്ടു കുറച്ച്‌ ചെറുപ്പക്കാര്‍ക്ക്‌ കേരളത്തില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികളാകാന്‍ കഴിഞ്ഞു.

ചാലക്കുടി മണ്‌ഡലത്തില്‍ സ്ഥാനാര്‍ഥിയായ വിദ്യാര്‍ഥി നേതാവ്‌ കെ.ടി ബെന്നിയുടെ കാര്യമെടുക്കാം. കേരളത്തിലെ ഒരു നേതാവിന്റെയും പിന്‍ബലം കെ.ടി ബെന്നിക്കില്ല. ഉമ്മന്‍ചാണ്ടിയുടെയോ, രമേശ്‌ ചെന്നിത്തലയുടെയോ ആശ്രിത വത്സലനുമല്ല ബെന്നി. യൂത്ത്‌ കോണ്‍ഗ്രസിന്‌ വേണ്ടി ബെന്നിയുടെ പ്രവര്‍ത്തനം രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പെട്ടതാണ്‌ ബെന്നിയെ സ്ഥാനാര്‍ഥിയാക്കിയത്‌. കേരളത്തിലെ കോണ്‍ഗ്രസ്‌ രാഷ്‌ട്രീയ സാഹചര്യത്തില്‍ ബെന്നി പോലും ഒരിക്കലും ഒരു എം.എല്‍.എ ആവാമെന്ന്‌ സ്വപ്‌നം കണ്ടിരുന്നില്ല. എന്നിട്ടും ബെന്നിക്ക്‌ ആരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്‌ ജയസാധ്യതയുള്ള ഒരു സീറ്റ്‌ ലഭിച്ചു. മുഖ്യധാരയില്‍ കേട്ടുകേഴ്‌വിയില്ലാത്ത ബെന്നിക്ക്‌ സീറ്റ്‌ കൊടുക്കാന്‍ സാധ്യമല്ലെന്ന്‌ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ആവുന്നത്‌ പറഞ്ഞു നോക്കിയിട്ടും രാഹുല്‍ വഴങ്ങിയില്ല. ബെന്നിയെ ഒരുതരത്തിലും ഒഴിവാക്കാന്‍ പാടില്ലെന്ന്‌ രാഹുല്‍ ഗാന്ധി രമേശ്‌ ചെന്നിത്തലക്ക്‌ കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഇതുപോലെ തന്നെ രാഹുലിന്റെ അടുത്ത സുഹൃത്ത്‌ കൂടിയായ ഹൈബി ഈഡന്‍, കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പില്‍, യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ എം.ലിജു, കെ.എസ്‌.യു നേതാവ്‌ റിജുല്‍മാക്കുറ്റി തുടങ്ങി ഇരുപതോളം പേരുടെ ലിസ്റ്റാണ്‌ രാഹുല്‍ ഗാന്ധി നിര്‍ബന്ധമായും പരിഗണിച്ചിരിക്കണമെന്ന്‌ നിര്‍ദ്ദേശിച്ചുകൊണ്ട്‌ കെ.പി.സി.സിക്ക്‌ നല്‍കിയത്‌.

ഒപ്പം ഉമ്മന്‍ചാണ്ടിയുടെ പ്രീയ ശിഷ്യന്‍ ടി.സിദ്ധിഖിന്‌ സീറ്റ്‌ കൊടുക്കരുതെന്ന്‌ കമാന്‍ഡ്‌ നല്‍കിയ ഹൈക്കമാന്‍ഡും രാഹുല്‍ ഗാന്ധി തന്നെ. യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റായിരുന്ന സമയത്ത്‌ ടി.സിദ്ധിഖ്‌ രാഹുല്‍ഗാന്ധിയുടെ അപ്രീതിക്ക്‌ കാരണമായതാണ്‌ സീറ്റ്‌ നിഷേധത്തിന്‌ കാരണം.

ചെറുപ്പക്കാരെ ഇങ്ങനെ രാഹുല്‍ഗാന്ധി കുത്തിനിറച്ചതില്‍ കേരളാഘടകത്തിലെ തലനരച്ച നേതൃത്വം എതിര്‍പ്പ്‌ പ്രകടിപ്പിച്ച എന്നൊന്നും കരുതരുത്‌. കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ രാഹുലിന്‌ അറിയില്ല എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും രാഹുല്‍ വഴങ്ങിയില്ല. കാരണം കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ പഠിക്കാനും എത്രത്തോളമാണ്‌ കോണ്‍ഗ്രസിന്റെ വിജയ സാധ്യതയെന്ന്‌ മനസിലാക്കാനും രാഹുല്‍ ഒരു വിദഗദ്ധ ഏജന്‍സിയെ ഏര്‍പ്പെടുത്തിയിരുന്നു. അവരുടെ റിപ്പോര്‍ട്ട്‌ പ്രകാരമാണ്‌ രാഹുല്‍ കരുക്കള്‍ നീക്കിയത്‌.

ചെറുപ്പക്കാര്‍ക്ക്‌ ഇത്രത്തോളം സീറ്റ്‌ കൊടുക്കുന്നതിലുള്ള അതൃപ്‌തിയില്‍ അവസാനഘട്ട പ്രശ്‌ന പരിഹാര ചര്‍ച്ചക്ക്‌ ഡല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടിക്കും, രമേശ്‌ ചെന്നിത്തലക്കും രാഹുല്‍ ഗാന്ധിയെ കാണാന്‍ പോലും കഴിഞ്ഞില്ല. ഫോണിലൂടെ അഞ്ച്‌ മിനിറ്റ്‌ സംസാരിക്കാന്‍ മാത്രമാണ്‌ കഴിഞ്ഞത്‌. പക്ഷെ ഫലമൊന്നുമുണ്ടായില്ല. പറഞ്ഞതു ചെയ്‌താല്‍ മതിയെന്നായിരുന്നു രാഹുല്‍ കമാന്‍ഡ്‌, അഥവാ ഹൈക്കമാന്‍ഡ്‌. അപ്പോള്‍ പിന്നെ രാഹുല്‍ നല്‍കിയ ലിസ്റ്റ്‌ അംഗീകരിക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളു.

സത്യത്തില്‍ കടുവയെ കിടുവ പിടിച്ചെന്നത്‌ പോലെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ കടന്നുകയറ്റം. സീറ്റ്‌ കൊടുക്കേണ്ട എന്ന്‌ നിശ്ചയിച്ചവരെ ഹൈക്കമാന്‍ഡിന്റെ പേര്‌ കാണിച്ച്‌ ഒതുക്കിയപ്പോള്‍ ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും വിചാരിച്ചു കാണില്ല ഹൈക്കമാന്‍ഡില്‍ നിന്നും ഇങ്ങനെയൊരു തിരിച്ചടി.

എന്തായാലും അവസാനം ഹൈക്കമാന്‍ഡ്‌ അംഗീകരിച്ച സ്ഥാനാര്‍ഥി പട്ടിക നിലവില്‍ വരുകയും പത്രികസമര്‍പ്പണം പൂര്‍ത്തിയാവുകയും ചെയ്തു. ഇനി ഇലക്ഷന്‍ തന്ത്രങ്ങളുടെ സമയമാണ്‌. അവസാനം ഇലക്ഷന്‍ ജയിച്ച്‌ ഭരണത്തില്‍ വന്നാല്‍ അതും ഹൈക്കാന്‍ഡിന്റെ അനുഗ്രഹമെന്ന്‌ പറയുക മാത്രമേ കേരളത്തിലെ കോണ്‍ഗ്രസിന്‌ നിവൃത്തിയുള്ളു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.