ബ്രിട്ടണെ കാത്തിരിക്കുന്നത് ഒരു കനത്ത മഞ്ഞുകാലമാണെന്ന് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നു. യൂറോപ്പിനെ മൊത്തത്തില്‍ ബാധിക്കുമെന്ന് കരുതപ്പെടുന്ന തണുപ്പുകാലം ബ്രിട്ടന് നൂറ്റാണ്ടിലെ ഏറ്റവും വലിയ മഞ്ഞുകാലം ആയിരിക്കുമെന്നാണ് ലഭിക്കുന്ന സൂചന. മഞ്ഞുകാലം തുടങ്ങിയാല്‍ ശരാശരി താപനില രണ്ട് ഡിഗ്രി സെന്റിഗ്രേഡ് മാത്രമായിരിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ നല്കുന്ന സൂചന. പ്രൊഫസര്‍ മൈക്ക് ലോക്വുഡ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
സൂര്യപ്രകാശം ലഭിക്കുന്നതിന്റെ വ്യത്യാസങ്ങളാണ് ഇങ്ങനെ തണുപ്പുകാലം ഉണ്ടാകാന്‍ കാരണമെന്നാണ് ലഭിക്കുന്ന സൂചന. കാന്തികപ്രഭാവത്തിന്റെ വ്യതിയാനങ്ങള്‍ ഭൂമിയിലേക്ക് വരുന്ന ചൂട് കുറയുന്നതാണ് പ്രധാനമായും മഞ്ഞുകാലം കനക്കാന്‍ കാര്യമെന്നാണ് അറിയുന്നത്. സൂര്യതാപം ലഭിക്കാത്തതിന്റെ പ്രശ്നങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങള്‍ ആണെന്നാണ് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നത്.
അതേസമയം കഴിഞ്ഞ വര്‍ഷത്തെ തണുപ്പിനെക്കുറിച്ച് പഠിച്ച പ്രൊഫ. ലോക്ക്വുഡ് സൂര്യകളങ്കം തണുപ്പിനെ പ്രതിരോധിക്കുന്നുവെന്നാണ് കണ്ടെത്തിയിരുന്നത്. സൂര്യകളങ്കം കാറ്റിനെ തടുത്തുനിര്ത്തുന്നതായും അങ്ങനെ വന്‍ മഞ്ഞുകാലത്തില്നിന്നും യൂറോപ്പിനെ രക്ഷിക്കുന്നതായുമാണ് കണ്ടെത്തിയത്. കഴിഞ്ഞ 9,300 വര്‍ഷത്തെ സൂര്യത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന പ്രൊഫ. ലോക്വുഡും സംഘവും കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ചുള്ള ഈടുറ്റ കാര്യങ്ങളാണ് കണ്ടുപിടിച്ചിരിക്കുന്നത്.
അടുത്ത അമ്പത് വര്‍ഷത്തെ യൂറോപ്പിന്റെ കാലാവസ്ഥയിലുണ്ടാകാന്‍ സാധ്യതയുള്ള വന്മാറ്റങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു ഗവേഷണ പ്രബന്ധം പ്രൊഫ. ലോക്വുഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1645 നും 1715 നും ഇടയില്‍ സംഭവിച്ചതുപോലെ ലണ്ടനിലെ തേംസ് നദി മഞ്ഞുകൂടി കിടക്കാനുംമാത്രമുള്ള തണുപ്പിലേക്കെത്താന് സാധ്യതയുണ്ടെന്നാണ് ഇതിലെ ഒരു നിരീക്ഷണം. സൂര്യകളങ്കത്തിന് സംഭവിക്കുന്ന ഗതിമാറ്റങ്ങള്‍ യൂറോപ്പിന് നല്‍കുന്നത് അതിഭീകരമായ മഞ്ഞുകാലമായിരിക്കുമെന്നാണ് മറ്റൊരു നിരീക്ഷണം. സാധാരണ ബ്രിട്ടണിലെ തണുപ്പുകാലത്തെ താപനിലയായ അഞ്ചില്‍നിന്ന് 2.5 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്നാണ് പ്രൊഫ. ലോക്വുഡ് പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല