സജീഷ് ടോം (യുക്മ നാഷണല്‍ പി ആര് ഒ & മീഡിയ കോര്‍ഡിനേറ്റര്‍): ബര്‍മിംഗ്ഹാമില്‍ നടന്ന യുക്മ നവനേതൃത്വത്തിന്റെ ആദ്യ യോഗം വ്യക്തമായ ദിശാബോധത്തിന്റെ പ്രഖ്യാപനം കൂടിയായി. എത്ര വലിയ ആശയ സംഘടനങ്ങള്‍ക്കിടയിലും യുക്മയെന്ന പൊതുവികാരം തന്നെയാവണം മുന്നോട്ടുള്ള ചാലകശക്തിയെന്ന് യോഗത്തില്‍ പങ്കെടുത്ത യുക്മ ദേശീയ നിര്‍വാഹക സമിതി അംഗങ്ങള്‍ എല്ലാവരും എടുത്തു പറഞ്ഞു. അടുത്ത രണ്ടു വര്‍ഷങ്ങളിലേക്കുള്ള വിവിധ യുക്മ പദ്ധതികളുടെ നടത്തിപ്പിനെക്കുറിച്ചു കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും, ചുമതലകള്‍ വിഭജിക്കുകയും ചെയ്തു. 2021 ജനുവരിവരെയാണ് പുതിയ ഭരണസമിതിയുടെ കാലാവധി.
യുക്മയുടെ പ്രധാനപ്പെട്ട സാമൂഹ്യ ജിഹ്വയായ യുക്മന്യൂസിന്റെ ചീഫ് എഡിറ്ററായി സുജു ജോസഫ് തുടരും. ഇത് സുജുവിന്റെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ കഠിനാദ്ധ്വാനത്തിന് യുക്മയുടെ അംഗീകാരം. ശ്രീ മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായിരുന്ന 2017 2019 കാലയളവിലും യുക്മന്യൂസിന്റെ സാരഥ്യം സുജുവിന്റെ കൈകളില്‍ സുഭദ്രം ആയിരുന്നു.
2015 ല്‍ യുക്മന്യൂസ് ആരംഭിക്കുവാന്‍ യുക്മ ദേശീയ ജനറല്‍ ബോഡിയോഗം തീരുമാനിക്കുമ്പോള്‍ വലിയ അവ്യക്തതകളും ഭിന്നാഭിപ്രായങ്ങളും ഉടലെടുത്തിരുന്നു. മറ്റ് യു കെ ഓണ്‍ലൈന്‍ മലയാളം പത്രങ്ങളും ചാനലുകളുമായുള്ള യുക്മയുടെ നല്ല ബന്ധം ഇല്ലാതാകുമോ എന്നതായിരുന്നു ഉയര്‍ന്നുവന്ന പ്രധാന ആശങ്ക. എന്നാല്‍ അത്തരം ആശങ്കളൊക്കെ തെറ്റാണെന്ന് തെളിയിച്ചുകൊണ്ട്, മുന്‍ കാലങ്ങളിലേതുപോലെതന്നെ യു കെ യിലെ പ്രധാന മലയാളം ഓണ്‍ലൈന്‍ പത്രങ്ങള്‍ എല്ലാം യുക്മയുടെ വാര്‍ത്തകള്‍ പ്രാധാന്യത്തോടെ തുടര്‍ന്നും പ്രസിദ്ധീകരിക്കുകതന്നെ ചെയ്തു. അതോടൊപ്പം യുക്മന്യൂസിന്റെ മുന്‍ പത്രാധിപന്മാരെപോലെതന്നെ സുജു ജോസഫും മറ്റ് പത്രങ്ങളുമായി നല്ലബന്ധം കാത്തുസൂക്ഷിക്കുവാന്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ പ്രത്യേകം ശ്രദ്ധിച്ചു പോന്നു.
തന്റെ വ്യക്തി ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും ദിവസം രണ്ട് മണിക്കൂറിലേറെ യുക്മന്യൂസിന് വേണ്ടി മാറ്റിവെക്കുന്ന സുജുവിന്റെ കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥതയും യുക്മയില്‍ ചോദ്യം ചെയ്യപ്പെടാത്ത വ്യക്തിത്വമാക്കി സുജുവിനെ മാറ്റി. നിലപാടുകളിലെ കാര്‍ക്കശ്യം തികഞ്ഞ യുക്മസ്നേഹം കൊണ്ട് മാത്രം സംഭവിക്കുന്നതാണെന്ന തിരിച്ചറിവ് സുഹൃദ്വലയങ്ങളില്‍ സുജുവിനെ കൂടുതല്‍ സ്വീകാര്യനാക്കുകയും ചെയ്യുന്നു.
അവിഭക്ത യുക്മ സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയന്റെ വൈസ്പ്രസിഡന്റായിരുന്ന സുജു 2014 ല്‍ റീജിയണ്‍ വിഭജിക്കപ്പെട്ടപ്പോള്‍ സൗത്ത് വെസ്റ്റ് റീജിയന്റെ പ്രഥമ പ്രസിഡന്റായി. 2015 ല്‍ റീജിയണല്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സുജു ജോസഫ് 2017 ല്‍ യുക്മ ദേശീയ വൈസ്പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഈ കാലയളവിലാണ് യുക്മന്യൂസിന്റെ മുഖ്യ പത്രാധിപരായി ആദ്യം തെരഞ്ഞെടുക്കപ്പെടുന്നത്.
വിദ്യാര്‍ഥി കാലഘട്ടം മുതല്‍ ഇടതുപക്ഷ സഹയാത്രികനായിരുന്ന സുജുവിന് തന്റെ ഉറച്ച രാഷ്ട്രീയ നിലപാടുകള്‍ യുക്മയിലെ
നേതൃപദവികള്‍ക്കോ അംഗീകാരങ്ങള്‍ക്കോ തടസ്സമായില്ല. കേരളാ സര്‍ക്കാരിന്റെ മലയാളം മിഷന് യു കെ ചാപ്റ്റര്‍ അഡ്ഹോക് കമ്മറ്റി അംഗം, സാലിസ്ബറി മലയാളി അസോസിയേഷന് പ്രസിഡന്റ് എന്നീ പദവികളും സുജു വഹിക്കുന്നുണ്ട്. യു കെ യിലെ പ്രമുഖ ഇടതുപക്ഷ സംഘടനകളില്‍ ഒന്നായ ചേതന യു കെ യുടെ പ്രസിഡന്റ്, അസോസിയേഷന് ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് യു കെ ബ്രാഞ്ച് സെക്രട്ടറി എന്നീ പ്രധാനപ്പെട്ട രാഷ്ട്രീയ ഉത്തരവാദിത്തങ്ങളും സുജു നിര്‍വഹിച്ചുപോരുന്നു.
യുക്മന്യൂസ് ചീഫ് എഡിറ്റര്‍ എന്നനിലയില്‍ തുടര്‍ന്നും സംഘടനക്കും യു കെ മലയാളി സമൂഹത്തിനും പ്രയോജനകരങ്ങളായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു മുന്നോട്ടുപോകുവാന്‍ കഴിയട്ടെ എന്ന് സുജു ജോസഫിനെ അഭിനന്ദിച്ചുകൊണ്ട് യുക്മ ദേശീയ പ്രസിഡന്റ് ശ്രീ മനോജ്കുമാര്‍ പിള്ള, ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ അലക്സ് വര്‍ഗീസ് എന്നിവര്‍ പറഞ്ഞു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല