ടോം ശങ്കൂരിക്കല്‍: ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷനും ഇന്ത്യന്‍ വര്‍കേഴ്‌സ് അസോസിയേഷന്‍, ഗ്രേറ്റ് ബ്രിട്ടനും സംയുക്തമായി യുകെയിലെ ഇന്ത്യന് നേഴ്‌സുമാരോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ഗ്ലോസ്റ്റെര്‍ഷെയരില്‍ ബോധവല്ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു . ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും നേഴ്‌സായി ജോലി ചെയ്യാന് കഴിഞ്ഞെങ്കിലും ഐ ഈ എല്‍ റ്റി എസ് എന്ന കടമ്പ പാസ്സാകാത്തതിന്റെ പേരില് യുകെയില് നേഴ്‌സ് ആകാന്‍ കഴിയാതെ ഇന്നും കെയറര്‍ ആയി ജോലി ചെയ്യുന്ന അനേകം മലയാളികള്‍ക്കായിരിക്കും ഈ സെമിനാറുകൊണ്ട് ഏറ്റവും കൂടുതല് ഗുണം ലഭിക്കുക. മാതൃകാപരമായ പ്രവര്ത്തനങ്ങള്‍ കൊണ്ട് യുകെ മലയാളികള്‍ക്ക് ഇടയില് എന്നും വേറിട്ട നിലവാരം പുലര്‍ത്തിയിട്ടുള്ള ഗ്ലോസ്സ്റ്റര്ഷയര്‍ മലയാളി അസോസിയേഷന് ഇക്കുറി യുകെയിലെ ഇന്ത്യന് നേഴ്‌സുമാര്ക്ക് മുഴുവനും ഗുണകരമായ ഒരു പ്രക്ഷോഭത്തില്‍ പങ്കാളിയാവുകയാണ്.
യുകെയിലേയ്ക്ക് കുടിയേറിയിരിക്കുന്നവരോട് കാണിക്കുന്ന വിവേചനത്തിനെതിരെ പ്രതികരിക്കുകയും , അതോടൊപ്പം തൊഴില്‍ അവകാശങ്ങളെപ്പറ്റി വിശദീകരിച്ചുകൊണ്ട് യുകെയില് ഉടനീളം ബോധവല്ക്കരണ സെമിനാറുകള് നടത്തുകയും ചെയ്യുകയാണ് ഇന്ത്യന്‍ വര്‌ക്കേഴ്‌സ് അസോസിയേഷന്‍, ഗ്രേറ്റ് ബ്രിട്ടന്‍ ഇപ്പോള്‍ ചെയ്യുന്നത് . അതിന്റെ ഭാഗമായി യുകെയിലെ നേഴ്‌സുമാരുടെ യൂണിയന്‍ ആയ ആര്‍ സി എന്‍ , യൂണിസണ് മുതലായ സംഘടനകളുമായി ഒത്തൊരുമിച്ച് പ്രവര്ത്തിച്ചുവരുന്നു . ബന്ധുക്കളെ യുകെയിലേയ്ക്ക് കൊണ്ടുവരുന്നതിന് എതിരെ പാസ്സാക്കിയ വിസാ ബോണ്ട് എന്ന നിയമം നടപ്പിലാക്കുവാതിരിക്കാന് പ്രക്ഷോഭം സംഘടിപ്പിക്കുകയും അതോടൊപ്പം ഇന്ന് യുകെയിലെ ആരോഗ്യ മേഘലയില്‍ നേഴ്‌സസ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമായ ഐ ഈ എല്‍ റ്റി എസ് എന്ന വിഷയം പല എം പിമാരുടെയും ശ്രദ്ധയില്‍ കൊണ്ടുവരികയും , ആ എം പിമാരിലൂടെ തന്നെ അത് ബ്രിട്ടീഷ് പാര്‌ലമെന്റില്‍ അവതരിപ്പിച്ച് നേഴ്‌സസിനു ഗുണകരമായ രീതിയിലേയ്ക്ക് മാറ്റുവാനും ഇന്നും പോരാട്ടം നടത്തി വരുകയുമാണ് ഇന്ത്യന്‍ വര്‌ക്കേഴ്‌സ് അസോസിയേഷന്‍, ഗ്രേറ്റ് ബ്രിട്ടന്‍.
എന്തുകൊണ്ടാണ് ഐ ഈ എല്‍ റ്റി എസ് എന്ന വിഷയത്തില്‍ നാം പ്രതികരിക്കേണ്ടത് , വിവേചനപരമായ ഈ നിയമത്തിനെതിരെ എങ്ങനെയാണ് പ്രതികരിക്കേണ്ടത് , എന്തൊക്കെ മാറ്റങ്ങള് ആണ് വരുത്തേണ്ടത് , ജോലി സ്ഥലങ്ങളിലും മറ്റും അഭിമുഖീകരിക്കുന്ന മറ്റ് പ്രശ്‌നങ്ങള് എന്തൊക്കെയാണ് , തുടങ്ങിയ വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ നടത്തികൊണ്ട് അഭിപ്രായം രൂപീകരിക്കുകയും അത് പരാതികളായി ഓരോ എം പിമാരിലൂടെയും ബ്രിട്ടീഷ് പാര്‌ലമെന്റില്‍ എത്തിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തിക്കുകയും ചെയ്യുക എന്നതാണ് ഈ ബോധവല്ക്കരണ സെമിനാറിന്റെ അടിസ്ഥാനപരമായ ലക്ഷ്യം.
ജി എം എ അംഗങ്ങള്‍ക്കും പൊതുസമൂഹത്തിനും ഗുണം ചെയ്യുന്ന ഈ സെമിനാറിന്റെ നല്ലവശം മനസ്സിലാക്കിയ ഗ്ലോസ്സ്റ്റര്ഷയര് മലയാളി അസോസിയേഷന്‍ , എക്‌സിക്യുട്ടീവ് അംഗങ്ങള്ക്ക് ഇടയില്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തുകയും തുടര്‍ന്ന് ഈ സെമിനാറുമായി സഹകരിക്കാന്‍ തയ്യാറാവുകയുമായിരുന്നു. അതിനായി ജനുവരി 7 ന് വൈകിട്ട് 4;30 ന് മാറ്റ്‌സണിലെ സെന്റ്‌റ് അഗസ്റ്റിന് ചര്ച്ച് പാരീഷ് ഹോളില് വച്ച് ഈ സെമിനാര്‍ നടത്തുന്നതായിരിക്കും.
സെമിനാര്‍ നടക്കുന്ന ഹോളിന്റെ അഡ്രസ് താഴെ കൊടുക്കുന്നു
St. Augustine RC Church Parish hall,
Matson Lane, Gloucester,
GL4 4BS
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല