ഇന്ത്യന്‍ വിപണിയിലെ മൊബൈല്‍ വില്‍പ്പന കുതിച്ചുയരുന്നു. 2010 മൂന്നാം പാദത്തില്‍ മൂന്നു മാസം കൊണ്ട് വിറ്റഴിഞ്ഞത് നാല് കോടി മൊബൈല്‍ ഫോണുകളാണ്. തൊട്ടുമുന്‍ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 3.6 ശതമാനം വര്‍ധന. വര്‍ഷാവസാനത്തോടെ മൊബൈല്‍ ഫോണുകളുടെ മൊത്തം വില്‍പ്പന 15.59 കോടിയായി വളരുമെന്നാണ് പ്രതീക്ഷ.
മൂന്നാം പാദത്തിലെ വില്‍പ്പനയില്‍ നോക്കിയയുടെ ഹാന്‍ഡ് സെറ്റുകളാണ് മുന്‍പന്തിയില്‍. ചൈനീസ് കമ്പനിയായ ജി ഫൈവാണ് രണ്ടാം സ്ഥാനത്ത്. അതേസമയം, ജീഫൈവിനെക്കാള്‍ മുന്‍പ് വിപണിയിലെത്തിയ സാംസങ്ങിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പന തൊട്ടുമുന്‍ പാദത്തേതില്‍ നിന്ന് 34.2 ശതമാനം കുതിച്ചുയര്‍ന്നു. മുന്‍ വര്‍ഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ വര്‍ധന 294.9 ശതമാനമാണ്. മൊബൈല്‍ ഉപയോക്താക്കള്‍ വിലകൂടിയ ഫോണുകളിലേക്ക് ചുവടുമാറുന്നതിന്റെ വ്യക്തമായ സൂചനയാണിത്. സ്മാര്‍ട്ട് ഫോണുകള്‍ക്ക് വില കുറഞ്ഞതാണ് ഈ ശ്രേണിയിലെ ഫോണുകള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ത്തിയത്.
2010 രണ്ടാം പാദത്തില്‍ വിറ്റഴിഞ്ഞ സ്മാര്‍ട്ട് ഫോണുകളില്‍ 80 ശതമാനത്തോളം ഫോണുകളുടെയും ശരാശരി വില 18000 രൂപയ്ക്ക് താഴെയായിരുന്നു. എന്നാല്‍, മൂന്നാം പാദത്തില്‍ ഇത് 90 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. നൂതനമായ മോഡലുകള്‍ കുറഞ്ഞ വിലയില്‍ അവതരിപ്പിക്കാന്‍ കമ്പനികള്‍ മത്സരമാരംഭിച്ചതോടെ കുറഞ്ഞ മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കുറവാണ്.
സ്മാര്‍ട്ട് ഫോണുകളില്‍ തന്നെ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡ്. 2010 രണ്ടാം പാദത്തില്‍ ഇറക്കുമതി ചെയ്ത ഫോണുകളുടെ 2.9 ശതമാനമായിരുന്നു ആന്‍ഡ്രോയിഡ് ഫോണുകളെങ്കില്‍ മൂന്നാം പാദത്തില്‍ ഇത് 9.4 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. രണ്ടാം പദത്തില്‍ വിപണിയിലുണ്ടായിരുന്നത് ആന്‍ഡ്രോയിഡ് ഫോണുകളുടെ രണ്ട് മോഡലുകള്‍ മാത്രമായിരുന്നു. എന്നാല്‍, മൂന്നാം പാദത്തിലെത്തിയതോടെ 19 ആന്‍ഡ്രോയിഡ് മോഡലുകളായി ഇത് വര്‍ധിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല