ഇന്ത്യക്കാരുടെ ഔദ്യോഗിക വിമാന സർവീസ് എന്ന പദവി അധികം വൈകാതെ എയർഇന്ത്യക്ക് നഷ്ടമായേക്കും. മികച്ച സേവനവും കൃത്യതയുമായി യുഎഇ വിമാനക്കമ്പനികൾ എയർഇന്ത്യക്ക് കനത്ത വെല്ലുവിളി ഉയർത്തുകയാണ്.
യുഎഇ യിൽ നിന്നുള്ള എമിറേറ്റ്സും, എതിഹാദും ബജറ്റ് എയർലൈനായ ഫ്ലൈ ദുബായിയുമാണ് യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന സ്വന്തമാക്കിയത്. സിവിൽ വ്യോമയാന ഡയറക്ട്രേറ്റിന്റെ കഴിഞ്ഞ വർഷത്തെ കണക്കുകൾ കാണിക്കുന്നത് എയർഇന്ത്യയിൽ യാത്ര ചെയ്തതിനേക്കാൾ ഇന്ത്യക്കാർ മൂന്നു യുഎഇ വിമാന കമ്പനികളിലുമായി യാത്ര ചെയ്തെന്നാണ്.
ഇന്ത്യയിലെ 18 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ശക്തമായ സാന്നിധ്യമാണ് മൂന്നു വിദേശ കമ്പനികളും. ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങൾ മാറിക്കയറിപ്പോകാനായി ഉപയോഗിച്ചാണ് അവ യാത്രക്കാരെ ആകർഷിക്കുന്നത്.
ഇന്ത്യയിലെ ചെറുനഗരങ്ങളിൽ നിന്നു പോലും ഗൾഫ് നഗരങ്ങളിലേക്ക് വിമാന സർവീസുകളുണ്ട്. അവിടെ നിന്ന് ലോകത്തിന്റെ ഏതു കോണിലേക്കും വിമാനങ്ങൾ ലഭ്യമാണുതാനും.
ലണ്ടനിലെ ഹീ ത്രൂ വിമാനത്താവളത്തെ പിന്തള്ളിക്കൊണ്ട് ദുബായ് വിമാനത്താവളം ലോകത്തിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളം എന്ന പദവി സ്വന്തമാക്കിയിരുന്നു. തുടർച്ചയായുണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങളും, വിമാനങ്ങൾ വൈകുന്നതും, യാത്രക്കാരുടെ പരാതികളും എയർഇന്ത്യക്ക് തിരിച്ചടിയാകുകയും ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല