കൂറ്റന്‍ പ്രതീക്ഷയുമായി എത്തി അവസാനം ഇംഗ്ലീഷ് ടൈ കെട്ടി മടങ്ങേണ്ടിവന്ന ധോണിയും കൂട്ടരും അടുത്ത അങ്കത്തിനൊരുങ്ങുകയാണ്. ദുര്‍ബലരെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അയര്‍ലണ്ടിനെതിരെ ഞായറാഴ്ചയാണ് മത്സരം. എന്നാല്‍ ഒറ്റരാത്രികൊണ്ട് ഇന്ത്യയുടെ നെഞ്ചില്‍ തീകോരിയിടാന്‍ അയര്‍ലണ്ടിനുകഴിഞ്ഞു. ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ വീര്യവുമായി ഐറിഷ്പട കച്ചമുറുക്കുമ്പോള്‍ ദുര്‍ബലമായ ബൗളിംഗ് കാട്ടി അവരെ വിരട്ടാനുള്ള ശ്രമത്തിലാണ് ധോണിയും കൂട്ടരും.
ഇംഗ്ലണ്ടിനെതിരായ മത്സരത്തിനുശേഷം ഇന്ത്യക്ക് അയര്‍ലണ്ടിനെയാണ് നേരിടേണ്ടത് എന്നതുകൊണ്ട് ഊര്‍ജ്ജസ്വലമായ ഒരു പരിശീലനം ഇന്ത്യ നടത്തിയതായി വാര്‍ത്തയില്ലായിരുന്നു. വീരേണ്ടര്‍ സെവാഗ് പരിശോധനകള്‍ക്കായി ദല്‍ഹിയില്‍പോയി വന്നു. നെഹ്‌റ പരീശീലനത്തിനിറങ്ങിയോ എന്ന കാര്യവും സംശയത്തിലായിരുന്നു. ഇന്ത്യന്‍ ക്യാമ്പില്‍ ഒരു അവധിക്കാല മൂഡിലായിരുന്നു എല്ലാവരും. എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞത് വളരെ പെട്ടെന്നാണ്.
കെവിന്‍ ഓബ്രിയന്‍ നടത്തിയ കൂട്ടക്കൊല ഇംഗ്ലീഷ് ടീമിനെ നാണകെടുത്തി. കുപ്പിയില്‍നിന്നും ഭൂതമിറങ്ങിയതുപോലെയായിരുന്നു ഓബ്രിയന്റെ പ്രകടനം. 50 പന്തില്‍ സെഞ്ച്വറി. അതും ലോകമറിയുന്ന ബൗളര്‍മാരെ നേരിട്ടുകൊണ്ട്. ഈ തേര്‍വാഴ്ച കണ്ട ഇന്ത്യയാണ് ഞെട്ടിയത്. യാതൊരു കെട്ടുറപ്പുമില്ലാത്ത ഇന്ത്യന്‍ നിരക്കുമേല്‍ ഓബ്രിയന്‍ പെയ്തിറങ്ങിയാല്‍ സ്ഥിതി എന്താവും എന്നോര്‍ത്ത് ഇന്ത്യ ഞെട്ടി.
ഇംഗ്ലണ്ടിനെതിരായ മത്സരം ഒരു മായക്കാഴ്ചപോലെ ആയിരുന്നു. മുന്നൂറിനു മുകളിലുള്ള ലക്ഷ്യം ഒറ്റയാന്‍ പോരാട്ടത്തിന്റെ മികവില്‍ മറികടക്കുക. അതു തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം. അവിശ്വസനീയം എന്നു മാത്രമെ ഇതിനെ വിശേഷിപ്പിക്കാനാവൂ.ഇന്ത്യയുടെ ടെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചത് ഈ മത്സരത്തിനുശേഷമാണ്. കാരണം അടുത്ത മത്സരത്തില്‍ അയര്‍ലണ്ടിന് അത്താഴമാവാതാരിക്കണമെങ്കില്‍ തന്ത്രങ്ങളില്‍മാറ്റവും മികവും പുറത്തെടുത്തേപറ്റു. ചെറു ടീമുകളെന്ന് കരുതിയവര്‍ തിമിംഗലത്തിനെയാണ് വെട്ടിവീഴ്ത്തിയത്. ഇതിനനുസരിച്ച് ഇന്ത്യ ബൗളിംഗ് തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കേണ്ടതുണ്ട്. സ്വന്തം താല്‍പര്യത്തിനു മാത്രം വിലനല്‍കി അവസാന ഇലവന്‍ ഒരുക്കുന്നവര്‍ ഇനി തീരുമാനങ്ങള്‍ പുനപരിശോധിക്കേണ്ടിവരുമെന്നുറപ്പാണ്.
കഴിഞ്ഞ രണ്ടുമത്സരങ്ങളിലും ഇന്ത്യ തീരെ നിലവാരം കുറഞ്ഞ ബൗളിംഗാണ് പുറത്തെടുത്തത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ മികച്ച സ്കോര്‍ നേടിയിട്ടും സ്കോര്‍ പ്രതിരോധിക്കാനായില്ല. ഇംഗ്ലണ്ടിന്റെ കഴിവുകേടുകൊണ്ട് വിജയം പിടിച്ചെടുക്കാനായില്ല എന്നു മാത്രം. പാര്‍ട് ടൈം സ്പിന്നര്‍മാര്‍ ടീമില്‍ വേണ്ടുവോളമുണ്ടെന്നിരിക്കെ പുതിയവരെ വീണ്ടും ഉള്‍പ്പെടുത്തിയത് ധോണിക്കുനേരെ വിമര്‍ശനങ്ങളുയര്‍ത്തിയിരിക്കുന്നു. രണ്ട് പേസര്‍മാരുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. ഇക്കുറി നെഹ്‌റയോ ശ്രീശാന്തോ ടീമില്‍ ഉള്‍പ്പെട്ടേക്കുമെന്ന് സൂചനയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല