ചരിത്രം തിരുത്താന്‍ ഇത്തവണയും പാക് പടയ്ക്ക് കഴിഞ്ഞില്ല.ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരെ ഇന്ത്യയുടെ അഞ്ചാമത് വിജയത്തിന് മൊഹാലി സാക്ഷിയായി.രണ്ടു രാജ്യത്തെയും പ്രധാനമന്ത്രിമാര്‍ അടക്കം പ്രമുഖ വ്യക്തികള്‍ കാണികളായ ലോകകപ്പ് സെമിയില്‍ പാകിസ്ഥാനെ 29 റണ്‍സിനു തോല്‍പ്പിച്ച ഇന്ത്യ പാകിസ്ഥാനെതിരായ ലോകകപ്പിലെ അപരാജിത റിക്കോഡ് നിലനിര്‍ത്തി.ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ട്ടത്തില്‍ 260 റണ്‍സെടുത്തു.നൂറാം സെഞ്ചുറി 15 റണ്‍സ് അകലെ നഷ്ട്ടമായെങ്കിലും സമ്മര്‍ദ്ദങ്ങള്‍ക്കടിമപ്പെടാതെ മുന്നില്‍ നിന്ന് നയിച്ച സച്ചിന്‍ നേടിയ 85 റണ്‍സാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. സച്ചിനെ സെഞ്ചുറിയെടുക്കാന്‍ അനുവദിയ്ക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയ പാക് ക്യാപ്റ്റന്‍ ആഫ്രിദിയാണ് സച്ചിനെ ക്യാച്ചെടുത്ത് പുറത്താക്കിയത്. സ്‌കോര്‍ 85ല്‍ നില്‍ക്കെ അജ്മലിന്റെ പന്ത് നേരിട്ട സച്ചിനെ കവറില്‍ ആഫ്രിദി പിടിച്ചു പുറത്താക്കുകയായിരുന്നു.സച്ചിനാണ് മാന്‍ ഓഫ് ദി മാച്ച്.
വീരേന്ദര്‍ സേവാഗിന്റെ തകര്‍പ്പനടിയോടെയായിരുന്നു ഇന്ത്യന്‍ ഇന്നിങ്സ് തുടങ്ങിയത്. ആഞ്ഞടിച്ച സേവാഗ് 38ല്‍ പുറത്തായതോടെ ഇന്ത്യന്‍ സ്കോറിങിന് വേഗം കുറഞ്ഞു. പിന്നീട് ക്രീസിലെത്തിയ ഗംഭീറും (27) സച്ചിന് പിന്തുണ നല്‍കി. ഗംഭീര്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ കോഹ്‍ലിയ്ക്കും യുവരാജിനും പിടിച്ചുനില്‍ക്കാനായില്ല. റിയാസിന്റെ പന്തില്‍ ഉമര്‍ അക്മല്‍ പിടിച്ചാണ് കോഹ്‍ലി പുറത്തായത്. തൊട്ടടുത്ത പന്തില്‍ പൂജ്യം റണ്‍സുമായി യുവരാജും ഡ്രസിങ് റൂമിലേക്ക് മടങ്ങി. മിഡില്‍ സ്റ്റന്പ് തെറുപ്പിച്ചാണ് റിയാസ് പാകിസ്താന് മുന്‍ കൈ നേടിക്കൊടുത്തത്.ക്യാപ്റ്റന്‍ ധോണി 25 റണ്‍സെടുത്ത് ഔട്ടായി.അവസാന ഓവറുകളില്‍ പുറത്താവാതെ റെയ്നയും(36) ഹര്‍ഭജനും (16)നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യന്‍ സ്കോര്‍ 250 കടത്തിയത്.46 റണ്‍സ് വഴങ്ങി 5 വിക്കറ്റ് എടുത്ത വഹാബ് റിയാസ് ആണ് പാക് ബൌളിംഗ് നിരയില്‍ തിളങ്ങിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 49 .5 ഓവറില്‍ 231 റണ്‍സിന് ഓള്‍ ഔട്ടായി.ഇന്ത്യന്‍ ബൌളിംഗ് നിരയില്‍ സഹീര്‍.നെഹ്ര,ഹര്‍ബജന്‍,മുനാഫ്,യുവരാജ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.മുഹമ്മദ് ഹഫീസ് (43 ),ആസാദ് ഷാഫിക് (30 ),മിസാബ് ഉള്‍ ഹക്ക് (56 ) ഉമര്‍ അക്ബല്‍ (29 ) എന്നിവരാണ് ഭേദപ്പെട്ട സ്കോര്‍ നേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല