ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ സിവില്‍ ആണവ കരാര്‍ ഒപ്പു വച്ചു. ഇന്ത്യ സന്ദര്‍ശിക്കുന്ന ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഒടുവിലാണ് ആണവ കരാറിന്റെ കാര്യത്തില്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്.
ശ്രീലങ്കയുടെ ആണവോര്‍ജ്ജ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനമാണ് കരാറിലെ മുഖ്യ വിഷയം. ഇതില്‍ വന്‍കിട ആണവ പദ്ധതികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനവും ആണവോര്‍ജ്ജ വിഭവങ്ങള്‍ പങ്കുവക്കലും ആണവ മാലിന്യങ്ങള്‍ നശിപ്പിക്കുന്നതിനുള്ള സഹായവും ഉള്‍പ്പെടും.
അടുത്ത കാലത്തായി ശ്രീലങ്കയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വര്‍ധിച്ചു വരുന്ന ചൈനീസ് സ്വാധീനത്തിന് തടയിടാനാണ് ആണവ കരാരെന്ന് കരുതപ്പെടുന്നു. തുറമുഖ നിര്‍മ്മാണം, ഹൈവേ നിര്‍മ്മാണം എന്നിങ്ങനെ ശ്രീലങ്കയുടെ തന്ത്രപ്രധാനമായ ഒട്ടേറെ മേഖലകളില്‍ ചൈനീസ് സാന്നിധ്യമുണ്ട്.
ഇന്ത്യ, ശ്രീലങ്ക സമുദ്രാതിര്‍ത്തിയിലെ മത്സ്യബന്ധന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നടപടിയുണ്ടാകും. ഇരു രാജ്യങ്ങളും തമ്മില്‍ കര, ആകാശ മാര്‍ഗങ്ങളിലുള്ള ഗതാഗതത്തില്‍ വര്‍ധനവുണ്ടാക്കാനും ധാരണയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല