ഐടി മേഖലയിലെ ഏറ്റവും മികച്ച ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിക്കാനായി യുകെയിലെ ഒരു കമ്പനി സൌജന്യമായി നല്‍കുന്നത് ഐപാഡാണ്. കമ്പനിയില്‍ ജോലിക്കായി അഭിമുഖത്തിന് എത്തുന്നവര്‍ക്കെല്ലാം ഈ കമ്പനി ഐപാഡ് നല്‍കും. അഭിമുഖത്തിന് വരുന്നവര്‍ക്ക് ജോലി കിട്ടണം എന്ന് നിര്‍ബന്ധമൊന്നുമില്ല. കമ്പനി അപേക്ഷാര്‍ത്ഥിയെ ജോലിക്കെടുത്താലും ഇല്ലെങ്കിലും ഐപാഡ് ‘ഫ്രീ’. യുകെയിലെ സോഫ്റ്റ്‌വെയര്‍ ഭീമനായ ഓട്ടോണമിയാണ് ഈ പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
“ഓട്ടോണമിക്ക് വേണ്ടത് ഏറ്റവും മികച്ച ഉദ്യോഗാര്‍ത്ഥികളെയാണ്. അവരെ ആകര്‍ഷിക്കാന്‍ ഇതല്ലാതെ വേറെ മാര്‍ഗം ഞങ്ങള്‍ കാണുന്നില്ല. അഭിമുഖത്തിന് എത്തിയാല്‍ ഐപാഡ് കിട്ടും എന്നതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖം ‘മിസ്’ ചെയ്യില്ല. ഞങ്ങള്‍ക്കാവട്ടെ, വരുന്നവരില്‍ നിന്ന് ഏറ്റവും മികച്ച ഉദ്യോഗാര്‍ത്ഥിയെ തെരഞ്ഞെടുക്കുകയും ചെയ്യാം. ഞങ്ങള്‍ ഐപാഡാണ് ‘ഓഫര്‍’ ചെയ്യുന്നതെങ്കില്‍ വേറൊരു കമ്പനി ഓഫര്‍ ചെയ്യുന്നത് ഐഫോണ്‍ ആണ്” – ഓട്ടോണമിയുടെ ഉടമ മൈക്ക് ലിഞ്ച് പറയുന്നു.
യുകെയില്‍ മാത്രമല്ല, ലോകത്തെല്ലായിടത്തും ഐടി മേഖല ഉണര്‍വിന്‍റെ പാതയിലാണ്. സാമ്പത്തിക മാന്ദ്യത്തിന്‍റെ പിടിയില്‍ നിന്ന് എക്കോണമി തിരിച്ചുകയറാന്‍ തുടങ്ങിയതോടെ ഐടി കമ്പനികള്‍ ‘റിക്രൂട്ട്‌മെന്‍റ് സ്പ്രീ’യിലാണ്. ഇക്കൊല്ലം ലക്ഷക്കണക്കിന് പുതിയ ജീവനക്കാരെ ഐടി മേഖലയ്ക്ക് വേണം. എങ്കില്‍ പിന്നെ, ഐപാഡോ ഐഫോണോ സൌജന്യമായി നല്‍കി ഏറ്റവും മികച്ച ഉദ്യോഗാര്‍ത്ഥികളെ തന്നെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല