ഇപ്‌സ്‌വിച്ച് കേരളകമ്മ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂളിലെ 22 പേരടങ്ങുന്ന കുട്ടികളുടെ സംഘം പഠനയാത്രയുടെ ഭാഗമായി സുഫോള്‍ക്ക് പോലീസ് ഹെഡ് ക്വാര്‍ട്ടേര്‍സ് സന്ദര്‍ശിച്ചു. ബ്രിട്ടണിലെ പോലീസിന്റെ ചരിത്രം വിവരിക്കുന്ന പോലീസ് മ്യൂസിയവും പഴയകാല പോലീസ് വേഷവിധാനവും അവര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളുടെ പ്രദര്‍ശനവും കുട്ടികളില്‍ കൗതുകം ഉളവാക്കി.
പോലീസിന്റെ മറ്റുവിഭാഗങ്ങളായ ഹെലികോപ്റ്റര്‍ ക്രൂ, ഡോഗ്‌സ്‌ക്വാഡ്, സ്‌പെഷല്‍ ഗണ്‍, എന്നിവയുടെ പ്രവര്‍ത്തനങ്ങളും അവര്‍ ഉപയോഗിക്കുന്ന ആധുനിക ഉപകരണങ്ങളും വാര്‍ത്താവിനിമയ ഉപാധികളും കുട്ടികളില്‍ പോലീസിനെക്കുറിച്ചുള്ള അറിവു വളര്‍ത്തി.
ഗവണ്‍മെന്റിന്റെ പുതിയ പദ്ധതികളുടെ ഭാഗമായി പോലീസില്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായി കേരളകമ്മ്യൂണിറ്റി സപ്ലിമെന്റ് സ്‌കൂളുമായി ചേര്‍ന്ന് വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ ഉദ്ദേശിക്കുന്നതായും സ്‌കൂളിലെ യുവ വളണ്ടിയര്‍മാരെ പോലീസ് ട്രാഫിക് വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ സ്വാഗതം ചെയ്യുന്നതായും സര്‍ജന്റ് ഫില്‍ ബാരെറ്റ് അറിയിച്ചു.
മലയാളികള്‍ ഉള്‍പ്പെടുന്ന റോഡപകടങ്ങള്‍ .യു.കെയില്‍ വര്‍ധിച്ച സാഹചര്യത്തില്‍ റോഡ് സുരക്ഷയെക്കുറിച്ചും സ്വന്തം സുരക്ഷയെക്കുറിച്ചും കുട്ടികളെ ബോധവാന്‍മാരാക്കുക എന്നതാണ് സന്ദര്‍ശനത്തിന് പിന്നിലെന്ന് സ്‌കൂള്‍ സെക്രട്ടറി ടോമി സെബാസ്റ്റിയനും പ്രസിഡന്റ് സാം ജോണും അറിയിച്ചു. ജോയിന്റ് സെക്രട്ടറി സുജ മനോജ്, കേരള കള്‍ച്ചര്‍ അസോ.സെക്രട്ടറി സജി സാമുവേല്‍ എന്നിവര്‍ കുട്ടികളെ അനുഗമിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല